

ഓസ്ട്രേലിയൻ വിമാനക്കമ്പനിയായ ക്വാണ്ടസ് ഹെഡ് ഓഫീസിലെ 850 ഓളം ജോലികൾ ഔട്ട്സോഴ്സ് ചെയ്യാൻ ഒരുങ്ങുന്നു. സാങ്കേതികവിദ്യാ കമ്പനിയായ ആക്സെഞ്ചറുമായി ബഹുവർഷ കരാറിൽ ഏർപ്പെട്ടതിനെ തുടർന്നാണ് നടപടി. കമ്പനിയുടെ പഴയ ഐടി സംവിധാനങ്ങൾ നവീകരിക്കുന്നതിന്റെ ഭാഗമായാണ് മാറ്റമെന്ന് ചീഫ് എക്സിക്യൂട്ടീവ് വനേസ ഹഡ്സൺ ജീവനക്കാരെ അറിയിച്ചു. 2027 പകുതിയോടെ ആദ്യഘട്ട മാറ്റങ്ങൾ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ഫിനാൻസ്, സംഭരണം, മാനവവിഭവശേഷി, മാർക്കറ്റിങ് എന്നീ വിഭാഗങ്ങളിലായിരിക്കും തുടക്കത്തിൽ മാറ്റം. ഈ മേഖലകളിലെ ചില സേവനങ്ങൾ ആക്സെഞ്ചറിന് കൈമാറും. അവയിൽ ഭൂരിഭാഗവും ഇന്ത്യയിലെ ടീമുകളും ചിലത് ഓസ്ട്രേലിയയിലെ ടീമുകളും നിർവഹിക്കും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) വർധിച്ചുവരുന്ന സ്വാധീനത്തിന് അനുസരിച്ച് കമ്പനിയെ സജ്ജമാക്കാനും പ്രവർത്തനക്ഷമത മെച്ചപ്പെടുത്താനുമാണ് ഈ നീക്കമെന്ന് ഹഡ്സൺ പറഞ്ഞു. ജീവനക്കാർക്ക് ഉണ്ടാകുന്ന അനിശ്ചിതത്വത്തിൽ ഖേദിക്കുന്നതായും ഓരോരുത്തരുടെയും തൊഴിൽ സംബന്ധിച്ച അന്തിമ തീരുമാനങ്ങൾ എടുത്തിട്ടില്ലെന്നും അവർ വ്യക്തമാക്കി. ബാധിക്കപ്പെടുന്ന ജീവനക്കാരുമായും അവരുടെ യൂണിയനുമായും അടുത്ത മാസങ്ങളിൽ കൂടിയാലോചന നടത്തും. സാധ്യമായത്ര ജീവനക്കാരെ കമ്പനിയിലെ മറ്റ് തസ്തികകളിലേക്ക് പുനർനിയമിക്കാനും പുനർപരിശീലനം നൽകാനും ശ്രമിക്കുമെന്ന് ഹഡ്സൺ അറിയിച്ചു. ഓസ്ട്രേലിയയിൽ പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതും പരിഗണനയിലുണ്ട്.
ശാബ്ദങ്ങളായി ഉപയോഗിച്ചുവരുന്ന ആയിരത്തിലധികം പഴയ സോഫ്റ്റ്വെയർ സംവിധാനങ്ങൾ ഖ്വാണ്ടസിനുണ്ടെന്നും അവ പരസ്പരം ഏകോപിപ്പിച്ച് പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്തവയല്ലെന്നും ഹഡ്സൺ പറഞ്ഞു. ഇവ നവീകരിക്കുകയും വിവരങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യുന്നത് എഐ ഉപയോഗം വേഗത്തിലാക്കാനും പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്താനും സഹായിക്കുമെന്നും അവർ വ്യക്തമാക്കി.അതേസമയം, കൂടുതൽ ജോലികൾ വിദേശത്തേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ ഓസ്ട്രേലിയൻ സർവീസസ് യൂണിയൻ രംഗത്തെത്തി. ഓഗസ്റ്റിൽ ഓസ്ട്രേലിയയിലെ ജോലികൾ വിദേശത്തേക്ക് മാറ്റാൻ പദ്ധതിയില്ലെന്ന് ഖ്വാണ്ടസ് അറിയിച്ചിരുന്നതായി യൂണിയൻ അസിസ്റ്റന്റ് നാഷണൽ സെക്രട്ടറി സ്കോട്ട് കോവൻ പറഞ്ഞു.
എന്നാൽ ഇപ്പോൾ നൂറുകണക്കിന് ജീവനക്കാരുടെ ജോലികൾ പ്രധാനമായും വിദേശത്തുള്ളവർ നിർവഹിക്കുമെന്ന് കമ്പനി അറിയിച്ചിരിക്കുകയാണെന്നും ഓഗസ്റ്റിനുശേഷം എന്താണ് മാറിയതെന്ന് ഖ്വാണ്ടസ് വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാങ്കേതികവിദ്യാ മാറ്റങ്ങളുടെ ചെലവ് വർഷങ്ങളായി കമ്പനിക്കായി പ്രവർത്തിച്ച ജീവനക്കാർ വഹിക്കേണ്ട സാഹചര്യം ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. എത്ര തസ്തികകൾ ഒഴിവാക്കും, ഏതെല്ലാം ജോലികളാണ് വിദേശത്തേക്ക് മാറ്റുക, എത്ര ജീവനക്കാർ ഓസ്ട്രേലിയയിൽ തുടരും തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വേണമെന്നാണ് യൂണിയന്റെ ആവശ്യം. ജീവനക്കാർക്ക് മറ്റ് തസ്തികകളിലേക്ക് മാറാൻ വ്യക്തമായ പുനർപരിശീലന പദ്ധതി തയ്യാറാക്കണമെന്നും സേവനകാലം പരിഗണിച്ചുള്ള മാന്യമായ പിരിച്ചുവിടൽ ആനുകൂല്യങ്ങൾ ഉറപ്പാക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു. വൂൾവർത്ത്സ്, കോൾസ് തുടങ്ങിയ ഓസ്ട്രേലിയൻ കമ്പനികളും കോർപ്പറേറ്റ് ജോലികൾ വിദേശത്തേക്ക് മാറ്റാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. നാഷണൽ ഓസ്ട്രേലിയ ബാങ്ക് വിയറ്റ്നാമിലും ഇന്ത്യയിലുമായി ആയിരത്തിലധികം ജീവനക്കാരെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്.