

സിഡ്നി വിമാനത്താവളത്തിൽ ക്വാണ്ടസ് എയർലൈൻസിന്റെ ഡെൻപസാറിലേക്കുള്ള വിമാനത്തിലെ ഏകദേശം 250 യാത്രക്കാർ സാങ്കേതിക തകരാറിനെ തുടർന്ന് നാലര മണിക്കൂറിലേറെ വിമാനത്തിനുള്ളിൽ കാത്തിരിക്കേണ്ടി വന്നു. സംഭവത്തിൽ ക്വാണ്ടസ് യാത്രക്കാരോട് മാപ്പ് പറഞ്ഞു.
തിങ്കളാഴ്ച വൈകിട്ട് 4.20ന് പുറപ്പെടേണ്ടിയിരുന്ന QF43 വിമാനമാണ് വൈകിയത്. ആദ്യം ഇന്ധനം നിറയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നമാണ് വൈകാൻ കാരണമായത്. തുടർന്ന് എൻജിനീയർമാർ മറ്റൊരു സാങ്കേതിക തകരാർ കണ്ടെത്തിയതോടെ പരിശോധനയും അറ്റകുറ്റപ്പണിയും നടത്തേണ്ടിവന്നതായി ക്വാണ്ടസ് അറിയിച്ചു. വിമാനത്തിൽ ഉണ്ടായിരുന്ന ഒരു യാത്രക്കാരൻ ABC Radio Sydneyയോട് പറഞ്ഞത്, വിമാനത്തിന്റെ പുറപ്പെടൽ സമയത്തെക്കുറിച്ച് നിരന്തരം മാറിമാറി അറിയിപ്പുകൾ ലഭിച്ചതിനാൽ എന്താണ് യഥാർത്ഥ സ്ഥിതിയെന്ന് യാത്രക്കാർക്ക് മനസ്സിലാകാത്ത അവസ്ഥയായിരുന്നു എന്നാണ്. മണിക്കൂറുകളോളം എൻജിനീയർമാർ പരിശോധന നടത്തിയ ശേഷം വിമാനത്തിന്റെ കമ്പ്യൂട്ടർ സംവിധാനം പുനരാരംഭിക്കുമെന്ന് അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം യാത്രക്കാർക്ക് ഉണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിച്ച ക്വാണ്ടസ്, ആശയവിനിമയം കൂടുതൽ മെച്ചപ്പെടുത്തേണ്ടതുണ്ടായിരുന്നുവെന്ന് സമ്മതിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ പരിശോധന നടത്തുമെന്നും കമ്പനി അറിയിച്ചു. നാലര മണിക്കൂർ വൈകിയ ശേഷം വിമാനം രാത്രി 8.50ന് സിഡ്നിയിൽ നിന്ന് ഇൻഡോനേഷ്യയിലെ ഡെൻപസാറിലേക്ക് പുറപ്പെട്ടു.