18 മണിക്കൂർ കൊണ്ട് സിഡ്‌നിയിൽ നിന്ന് ന്യൂയോർക്കിലേക്ക്; പുതിയ സർവീസുമായി ക്വാണ്ടാസ്

ഏകദേശം 21 മണിക്കൂർ യാത്രാസമയമുള്ള സർവീസിനെ അപേക്ഷിച്ച് പുതിയ നോൺ-സ്റ്റോപ്പ് സർവീസ് കുറഞ്ഞത് മൂന്ന് മണിക്കൂർ യാത്രാസമയം ലാഭിക്കും.
ക്വാണ്ടാസ് പ്രോജക്ട് സൺറൈസ്: സിഡ്‌നി–ന്യൂയോർക്ക് 18 മണിക്കൂർ നേരിട്ട്
2027 ഓഗസ്റ്റിൽ ടിക്കറ്റുകൾ വിൽപ്പനയ്ക്ക് എത്തിക്കുമെന്ന് ക്വാണ്ടാസ് അറിയിച്ചു.
Published on

സിഡ്‌നി: 2028 മധ്യത്തോടെ സിഡ്‌നിയിൽ നിന്ന് ന്യൂയോർക്കിലേക്ക് 18 മണിക്കൂറിൽ നേരിട്ട് പറക്കാൻ അവസരമൊരുങ്ങുന്നു. ക്വാണ്ടാസിന്റെ പ്രോജക്ട് സൺറൈസ് പദ്ധതിയുടെ ഭാഗമായി പുതിയ അൾട്രാ ലോങ്-ഹോൾ സർവീസ് ആരംഭിക്കാനാണ് തീരുമാനം. നിലവിൽ ലോസ് ആഞ്ചലസിൽ സ്റ്റോപ്പ് ഓവർ ഉൾപ്പെടെയുള്ള സർവീസുകളാണ് സിഡ്‌നിയിൽ നിന്ന് ന്യൂയോർക്കിലേക്ക് ക്വാണ്ടാസ് നടത്തുന്നത്. ഏകദേശം 21 മണിക്കൂർ യാത്രാസമയമുള്ള ഈ സർവീസിനെ അപേക്ഷിച്ച് പുതിയ നോൺ-സ്റ്റോപ്പ് സർവീസ് കുറഞ്ഞത് മൂന്ന് മണിക്കൂർ യാത്രാസമയം ലാഭിക്കും.

കിങ്സ്‌ഫോർഡ് സ്മിത്ത് വിമാനത്താവളത്തിൽ നിന്ന് ന്യൂയോർക്കിലെ ജെഎഫ്‌കെയിലേക്ക് ആരംഭിക്കുന്ന ആദ്യ വാണിജ്യ നേരിട്ടുള്ള സർവീസായിരിക്കും ഇത്. 2027 ഓഗസ്റ്റിൽ ടിക്കറ്റുകൾ വിൽപ്പനയ്ക്ക് എത്തിക്കുമെന്ന് ക്വാണ്ടാസ് അറിയിച്ചു. സർവീസ് ആരംഭിക്കുന്ന കൃത്യമായ മാസം പിന്നീട് പ്രഖ്യാപിക്കും. 2027 ഒക്ടോബറിൽ ആരംഭിക്കാനിരിക്കുന്ന സിഡ്‌നി–ലണ്ടൻ നേരിട്ടുള്ള സർവീസിന് ശേഷമുള്ള പ്രോജക്ട് സൺറൈസിലെ രണ്ടാമത്തെ റൂട്ടാണിത്. ഇതിനായി അധിക ഇന്ധന ടാങ്കുകളുള്ള 12 എയർബസ് A350-1000ULR വിമാനങ്ങളാണ് ക്വാണ്ടാസ് ഓർഡർ ചെയ്തിരിക്കുന്നത്. 16,000 കിലോമീറ്ററിലേറെ ദൂരം സഞ്ചരിക്കാനും 22 മണിക്കൂർ വരെ നിർത്താതെ പറക്കാനും ഇവയ്ക്ക് കഴിയും. ആദ്യ വിമാനം 2027 ഏപ്രിലിൽ ഓസ്‌ട്രേലിയയിലെത്തുമെന്നാണ് പ്രതീക്ഷ.

Also Read
വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചു; ക്വാന്റാസ് വിമാനത്തിൽ യാത്രക്കാരൻ അറസ്റ്റിൽ
ക്വാണ്ടാസ് പ്രോജക്ട് സൺറൈസ്: സിഡ്‌നി–ന്യൂയോർക്ക് 18 മണിക്കൂർ നേരിട്ട്

ഓരോ വിമാനത്തിലും ഇക്കോണമി, പ്രീമിയം ഇക്കോണമി ക്ലാസുകൾക്കിടയിൽ പ്രത്യേക ‘വെൽബീയിങ് സോൺ’ ഉണ്ടായിരിക്കും. ഇവിടെ യാത്രക്കാർക്ക് വ്യായാമം ചെയ്യാനും ലഘുഭക്ഷണങ്ങളും പാനീയങ്ങളും ലഭ്യമാക്കാനും സൗകര്യമുണ്ടാകും. 238 സീറ്റുകളുള്ള വിമാനത്തിൽ 140 ഇക്കോണമി സീറ്റുകൾ, ആറ് ഫസ്റ്റ് ക്ലാസ് സ്യൂട്ടുകൾ, 52 ബിസിനസ് സ്യൂട്ടുകൾ, 40 പ്രീമിയം ഇക്കോണമി സീറ്റുകൾ എന്നിവയാണുണ്ടാകുക. പ്രോജക്ട് സൺറൈസ് സർവീസുകളിലൂടെയും പ്രീമിയം യാത്രക്കാരുടെ വർധിച്ചുവരുന്ന ആവശ്യകതയിലൂടെയും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വരുമാനം 40 കോടി ഓസ്‌ട്രേലിയൻ ഡോളർ വർധിക്കുമെന്നാണ് ക്വാണ്ടാസ് പ്രതീക്ഷിക്കുന്നത്. ന്യൂയോർക്കിലേക്കും തിരിച്ചുമുള്ള ക്വാണ്ടാസ് സർവീസുകളുടെ ആവശ്യകത 2023ന് ശേഷം ഇരട്ടിയായെന്നും കമ്പനി അറിയിച്ചു.

Metro Australia
maustralia.com.au