ഇസ്ലാമോഫോബിയ തടയാൻ കൂടുതൽ നടപടികൾ; 35 ശുപാർശകൾക്ക് ഓസ്ട്രേലിയൻ സർക്കാരിന്റെ അംഗീകാരം

ഇസ്ലാമിനെയോ മുസ്ലിംകളെയോ ലക്ഷ്യമിട്ടുള്ള വിദ്വേഷത്തിനും വിവേചനത്തിനും ഓസ്ട്രേലിയയിൽ സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി ആന്തണി അൽബനീസ് പറഞ്ഞു.
ഇസ്ലാമോഫോബിയ തടയാൻ കൂടുതൽ നടപടികൾ
അഫ്താബ് മാലിക് സമർപ്പിച്ച റിപ്പോർട്ട് ശനിയാഴ്ചയാണ് സർക്കാർ സ്വീകരിച്ചത്.(Bianca De Marchi/AAP PHOTOS)
Published on

ഇസ്ലാമോഫോബിയയുടെ അടിസ്ഥാന കാരണങ്ങൾ പരിഹരിക്കാൻ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്ന സുപ്രധാന റിപ്പോർട്ടിലെ 54 ശുപാർശകളിൽ 35 എണ്ണം ഫെഡറൽ സർക്കാർ അംഗീകരിച്ചു. ഇസ്ലാമോഫോബിയയെ നേരിടുന്നതിനുള്ള പ്രത്യേക ദൂതൻ അഫ്താബ് മാലിക് സമർപ്പിച്ച റിപ്പോർട്ട് ശനിയാഴ്ചയാണ് സർക്കാർ സ്വീകരിച്ചത്.

ഇസ്ലാമിനെയോ മുസ്ലിംകളെയോ ലക്ഷ്യമിട്ടുള്ള വിദ്വേഷത്തിനും വിവേചനത്തിനും ഓസ്ട്രേലിയയിൽ സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി ആന്തണി അൽബനീസ് പറഞ്ഞു. "ഓസ്ട്രേലിയയിലോ ലോകത്തിന്റെ മറ്റേതെങ്കിലും ഭാഗത്തോ ഇസ്ലാമോഫോബിയയ്ക്കും വംശീയ വിദ്വേഷത്തിനും ഇടമില്ല. സമൂഹത്തിന്റെ ഐക്യവും സുരക്ഷയും ശക്തിപ്പെടുത്തുകയാണ് ഈ നടപടികളുടെ ലക്ഷ്യം," അദ്ദേഹം പറഞ്ഞു. റിപ്പോർട്ടിലെ എല്ലാ ശുപാർശകളും സർക്കാർ അംഗീകരിച്ചിട്ടില്ലെങ്കിലും, സമൂഹത്തിൽ ഇസ്ലാമോഫോബിയയെ ചെറുക്കാൻ വിദ്യാഭ്യാസ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാൻ പിന്തുണ നൽകും.

ഇസ്ലാമോഫോബിയ തടയാൻ കൂടുതൽ നടപടികൾ
ആഭ്യന്തരകാര്യ മന്ത്രി ടോണി ബർക്ക് Lukas Coch/AAP PHOTOS)

മുസ്ലിം ആരാധനാലയങ്ങളുടെയും സ്ഥാപനങ്ങളുടെയും സുരക്ഷ വർധിപ്പിക്കുന്നതിനായി 41.9 ദശലക്ഷം ഓസ്ട്രേലിയൻ ഡോളർ സർക്കാർ അനുവദിക്കും. മുസ്ലിം വിശ്വാസ കേന്ദ്രങ്ങളുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ പദ്ധതികൾക്കായാണ് ഈ തുക വിനിയോഗിക്കുക. ഇസ്ലാമോഫോബിയ ഇപ്പോഴും വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്ന പ്രശ്നമാണെന്നും അത് മുസ്ലിം സമൂഹത്തെ ഗുരുതരമായി ബാധിക്കുന്നതാണെന്നും ആഭ്യന്തരകാര്യ മന്ത്രി ടോണി ബർക്ക് പറഞ്ഞു. അതേസമയം റിപ്പോർട്ട് പുറത്തുവന്നത് മുസ്ലിം ഓസ്ട്രേലിയക്കാർ ഏറെ നാളായി കാത്തിരുന്ന ഒരു നടപടിയാണെന്ന് അഫ്താബ് മാലിക് പറഞ്ഞു. ഇത് ഒരു തുടക്കം മാത്രമാണെന്നും, ഇസ്ലാമോഫോബിയയുടെ വേരറുക്കാൻ ബാക്കിയുള്ള ശുപാർശകളും നടപ്പാക്കുന്നതിനായി താൻ തുടർന്നും സർക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

Metro Australia
maustralia.com.au