

സിഡ്നി: സിഡ്നി വിമാനത്താവളത്തിൽ ടാക്സിവേയിൽ രണ്ട് വിമാനങ്ങൾ കൂട്ടിയിടിക്കാൻ ഇടയായ സംഭവത്തിൽ ഒരു വിമാന ജീവനക്കാരന് നേരിയ പരിക്കേറ്റതായി റിപ്പോർട്ട്. ഞായറാഴ്ച രാവിലെയാണ് സംഭവം. 100-ലേറെ യാത്രക്കാരുമായി ഗോൾഡ് കോസ്റ്റിലേക്ക് പോകാനിരുന്ന Jetstar Airbus A320 റൺവേയിലേക്ക് നീങ്ങുന്നതിനിടെയാണ് അതേ ടാക്സിവേ ഇന്റർസെക്ഷനിലൂടെ നീങ്ങിയിരുന്ന Qatar Airways Boeing 777 വിമാനവുമായി അപകടകരമാംവിധം അടുത്തെത്തിയത്.
ജെറ്റ്സ്റ്റാർ വിമാനത്തിന്റെ പൈലറ്റുമാർ അടിയന്തരമായി ബ്രേക്ക് പ്രയോഗിച്ചതോടെയാണ് കൂട്ടിയിടി ഒഴിവായത്. ഇതിനിടെ വിമാനത്തിൽ അവസാനഘട്ട പരിശോധനകൾ നടത്തുകയായിരുന്ന ഒരു ഫ്ലൈറ്റ് അറ്റൻഡന്റ് വീണ് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. ഇയാളെ നേരിയ പരിക്കുകൾക്ക് ചികിത്സ നൽകി. ജെറ്റ്സ്റ്റാർ വിമാനത്തിലെ യാത്രക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ല. ഖത്തർ എയർവേയ്സ് വിമാനം അപ്പോൾ യാത്രക്കാരില്ലാതെ ഒരു ടഗ് ഉപയോഗിച്ച് വലിച്ചുകൊണ്ടുപോകുകയായിരുന്നുവെന്നാണ് വിവരം.
ജെറ്റ്സ്റ്റാർ പൈലറ്റുമാർ എയർ ട്രാഫിക് കൺട്രോളിന്റെ നിർദേശങ്ങൾ പാലിച്ചാണ് വിമാനം നീക്കിയതെന്ന് കമ്പനി അറിയിച്ചു. മറ്റൊരു വിമാനം അടുത്തെത്തിയതിനെ തുടർന്ന് പൈലറ്റുമാർ ശക്തമായി ബ്രേക്ക് പ്രയോഗിക്കേണ്ടിവന്നതായും കമ്പനി വ്യക്തമാക്കി. സംഭവത്തെ തുടർന്ന് ജെറ്റ്സ്റ്റാർ വിമാനം റദ്ദാക്കി. ഗോൾഡ് കോസ്റ്റിലേക്ക് പോകേണ്ട യാത്രക്കാരെ പിന്നീട് പുറപ്പെടുന്ന മറ്റ് സർവീസുകളിൽ പുനഃക്രമീകരിച്ചു. ഖത്തർ വിമാനം വലിച്ചുകൊണ്ടുപോയ ടഗിന് ജെറ്റ്സ്റ്റാർ വിമാനം ടാക്സിവേ ഇന്റർസെക്ഷൻ കടക്കുന്നതുവരെ കാത്തുനിൽക്കാൻ നിർദേശം നൽകിയിരുന്നെങ്കിലും അത് തുടർന്നും നീങ്ങിയെന്നാണ് പ്രാഥമിക വിവരം. സംഭവത്തിന് കാരണമായ സാഹചര്യം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. Airservices Australia സിഡ്നി കിംഗ്സ്ഫോർഡ് സ്മിത്ത് വിമാനത്താവളത്തിൽ സുരക്ഷ മുൻനിർത്തി Air Traffic Flow Management നടപടികൾ ഏർപ്പെടുത്തി. ഇതിന്റെ ഭാഗമായി വിമാനങ്ങളുടെ പുറപ്പെടൽ സമയങ്ങളിൽ ഇടവേള ഏർപ്പെടുത്തിയിട്ടുണ്ട്. സംഭവം Airservices Australia പരിശോധിച്ചുവരികയാണ്. സുരക്ഷാ അന്വേഷണവുമായി ബന്ധപ്പെട്ട നടപടികളിലും സ്ഥാപനം സഹകരിക്കുമെന്ന് അറിയിച്ചു.