

സിഡ്നി: 2.9 ബില്യൺ ഡോളർ ചെലവിൽ നിർമ്മിച്ച പരമാറ്റ ലൈറ്റ് റെയിൽ സർവീസിന്റെ ആദ്യവർഷത്തിൽ യാത്രക്കാരുടെ എണ്ണം പ്രതീക്ഷിച്ചതിനേക്കാൾ കുറവായിരുന്നുവെങ്കിലും, അടുത്തവർഷം ഉപയോഗം ഇരട്ടിയാകുമെന്നാണു വിലയിരുത്തൽ.
ട്രാൻസ്‌പോർട്ട് ഫോർ എൻഎസ്ഡബ്ല്യു (TfNSW) പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഈ വർഷം ജനുവരി മുതൽ നവംബർ വരെ സർവീസ് ഉപയോഗിച്ച പ്രതിദിനം നശരാശരി യാത്രക്കാരുടെ എണ്ണം ഏകദേശം 12,000 മാത്രമാണ്. സംസ്ഥാന സർക്കാർ ആദ്യം 2026 ഓടെ ദിവസേന ശരാശരി 22,000 പേർ സർവീസ് ഉപയോഗിക്കുമെന്നായിരുന്നു കണക്കുകൂട്ടിയത്.
പരീക്ഷണ ഘട്ടത്തിൽ കണ്ടെത്തിയ വൈദ്യുത തകരാറുകൾ മൂലം പലതവണ വൈകിയ ശേഷമാണ് കാർലിങ്ഫോർഡിൽ നിന്ന് വെസ്റ്റ്‌മീഡിലേക്കുള്ള ലൈൻ 2024 ഡിസംബർ 20ന് പൊതുജനങ്ങൾക്ക് തുറന്നത്. ഇതിനിടെ, പരമാറ്റയെ ഒളിമ്പിക് പാർക്കുമായി ബന്ധിപ്പിക്കുന്ന ലൈറ്റ് റെയിലിന്റെ രണ്ടാം ഘട്ട നിർമാണം ആരംഭിച്ചിട്ടുണ്ട്. ദീർഘകാലത്ത് ഇത് യാത്രക്കാരുടെ എണ്ണം വർധിപ്പിക്കുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു.