

ന്യൂ സൗത്ത് വെയിൽസിൽ ഗർഭച്ഛിദ്രത്തിന് പൂർണ നിരോധനം കൊണ്ടുവരാൻ വൺ നേഷൻ ആവശ്യപ്പെടില്ലെന്ന് പാർട്ടി എൻഎസ്ഡബ്ല്യു നേതാവ് മൈക്ക് ന്യൂമാൻ. സംസ്ഥാന പാർലമെന്റിന് മുന്നിൽ നടന്ന സെക്‌സ്-സെലക്ടീവ് ഗർഭച്ഛിദ്രം നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള റാലിയിൽ സംസാരിക്കുന്നതിനിടെയുണ്ടായ പരാമർശങ്ങൾ വിവാദമായതിനെ തുടർന്നാണ് ന്യൂമാൻ നിലപാട് വ്യക്തമാക്കിയത്. റാലിയിൽ ഗർഭച്ഛിദ്രം “നിർത്തണം” എന്ന തരത്തിൽ ന്യൂമാൻ നടത്തിയ പരാമർശം പൂർണ നിരോധനത്തിനുള്ള പിന്തുണയായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. എന്നാൽ പിന്നീട് തന്റെ വാക്കുകൾ ശരിയായി പ്രയോഗിച്ചില്ലെന്ന് അദ്ദേഹം സമ്മതിച്ചു.
സെക്‌സ്-സെലക്ടീവ് ഗർഭച്ഛിദ്രവും വൈകിയ ഘട്ടത്തിലുള്ള ഗർഭച്ഛിദ്രവും നിയന്ത്രിക്കണമെന്നതാണ് വൺ നേഷന്റെ നയമെന്ന് ന്യൂമാൻ വ്യക്തമാക്കി. “ഇത് പൂർണ നിരോധനത്തെക്കുറിച്ചല്ല. ഞാൻ അവിടെ പറഞ്ഞത് തെറ്റായി പോയി,” അദ്ദേഹം പറഞ്ഞു. വൺ നേഷൻ നേതാവിന്റെ പരാമർശങ്ങൾക്ക് പാർട്ടിയുടെ ദേശീയ ആസ്ഥാനവും വിശദീകരണം നൽകി. ന്യൂമാൻ ഒരിക്കലും എൻഎസ്ഡബ്ല്യുവിൽ ഗർഭച്ഛിദ്രം പൂർണമായും അവസാനിപ്പിക്കണമെന്ന് പറഞ്ഞിട്ടില്ലെന്നും റാലിയിലെ വിഷയമായ സെക്‌സ്-സെലക്ടീവ് ഗർഭച്ഛിദ്രത്തെയാണ് അദ്ദേഹം പരാമർശിച്ചതെന്നും പാർട്ടി വ്യക്തമാക്കി.
ലിബർട്ടേറിയൻ എൻഎസ്ഡബ്ല്യു എംപി ജോൺ റഡ്ഡിക്കും റാലിയിൽ പങ്കെടുത്തു. സെക്‌സ്-സെലക്ടീവ് ഗർഭച്ഛിദ്രം നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന ബിൽ അദ്ദേഹം സംസ്ഥാന പാർലമെന്റിൽ അവതരിപ്പിച്ചിട്ടുണ്ട്. നിലവിൽ എൻഎസ്ഡബ്ല്യു ഹെൽത്ത് മാർഗനിർദേശങ്ങൾ സെക്‌സ്-സെലക്ടീവ് ഗർഭച്ഛിദ്രത്തെ നിരുത്സാഹപ്പെടുത്തുന്നുണ്ടെങ്കിലും ഇത് പ്രത്യേക ക്രിമിനൽ കുറ്റമല്ല. 2020ലെ എൻഎസ്ഡബ്ല്യു ഹെൽത്ത് അവലോകനത്തിൽ 2019–20 കാലയളവിൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത 15,973 ഗർഭച്ഛിദ്രങ്ങളിൽ 13 എണ്ണം സെക്‌സ് സെലക്ഷനുമായി ബന്ധപ്പെട്ടതായി കണ്ടെത്തിയിരുന്നു. എന്നാൽ ഇതിൽ പത്ത് കേസുകളും റിപ്പോർട്ടിങ് പിശകുകളാകാമെന്ന് വിലയിരുത്തപ്പെട്ടു. വൺ നേഷന്റെ പ്രമുഖ നേതാവും സ്ഥാനാർഥിയുമായ ബാർണബി ജോയ്‌സും ജൂണിൽ സെക്‌സ്-സെലക്ടീവ് ഗർഭച്ഛിദ്രം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടുള്ള റാലിയിൽ പങ്കെടുത്തിരുന്നു.