സാക്ഷികളെ നിർബന്ധിച്ച് ഹാജരാക്കൽ; NSW പാർലമെന്റിന്റെ അധികാരം ഹൈക്കോടതിയിൽ

രഹസ്യ യോഗമിനിറ്റുകൾ ചോർന്നതിനെക്കുറിച്ചുള്ള അന്വേഷണത്തിൽ ഹാജരായി മൊഴി നൽകാൻ കല്ലൻ വിസമ്മതിച്ചതിനെ തുടർന്ന് അദ്ദേഹത്തെ തടങ്കലിലാക്കാനും പാർലമെന്ററി സമിതിക്ക് മുന്നിൽ ഹാജരാക്കാനും നീക്കം നടന്നു.
NSW പാർലമെന്റിന്റെ സാക്ഷി അറസ്റ്റ് അധികാരം ഹൈക്കോടതിയിൽ
James Cullen
Published on

ന്യൂസൗത്ത് വെയിൽസ് പ്രീമിയർ ക്രിസ് മിൻസിന്റെ ചീഫ് ഓഫ് സ്റ്റാഫ് ജെയിംസ് കല്ലനെ അറസ്റ്റ് ചെയ്ത് പാർലമെന്ററി അന്വേഷണത്തിന് മുന്നിൽ ഹാജരാക്കാനുള്ള അധികാരം സംബന്ധിച്ച നിയമപോരാട്ടം ഓസ്‌ട്രേലിയൻ ഹൈക്കോടതിയിലെത്തി. രഹസ്യ യോഗമിനിറ്റുകൾ ചോർന്ന സംഭവത്തിൽ നടക്കുന്ന അന്വേഷണത്തിന് മുന്നിൽ ഹാജരായി മൊഴി നൽകാൻ കല്ലൻ വിസമ്മതിച്ചതിനെ തുടർന്നാണ് അദ്ദേഹത്തെ തടങ്കലിലാക്കാനും പാർലമെന്ററി സമിതിക്ക് മുന്നിൽ നിർബന്ധിച്ച് ഹാജരാക്കാനും നീക്കം ഉണ്ടായത്. എന്നാൽ കല്ലൻ നിയമപരമായി ഇതിനെ ചോദ്യം ചെയ്തതോടെ, 19-ാം നൂറ്റാണ്ട് മുതൽ നിലനിന്നിരുന്ന ഈ അധികാരങ്ങൾ നിലവിലില്ലെന്ന് NSW അപ്പീൽ കോടതി കഴിഞ്ഞ ഡിസംബറിൽ വിധിച്ചിരുന്നു.

ഇതിനെതിരെ NSW ലെജിസ്ലേറ്റീവ് കൗൺസിൽ പ്രസിഡന്റ് ബെൻ ഫ്രാങ്ക്ലിൻ നൽകിയ അപ്പീലാണ് വ്യാഴാഴ്ച ഹൈക്കോടതി പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് സ്റ്റീഫൻ ഗാഗലർ, ജസ്റ്റിസുമാരായ മിഷേൽ ഗോർഡൻ, ജെയിംസ് എഡൽമാൻ, ജാക്വലിൻ ഗ്ലീസൺ, റോബർട്ട് ബീച്ച്-ജോൺസ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

പാർലമെന്ററി അന്വേഷണത്തിന് ഹാജരാകാൻ സമൻസ് ലഭിച്ചിട്ടും എത്താത്ത സാക്ഷിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കുന്നതിനുള്ള നടപടിക്രമമാണ് Parliamentary Evidence Act 1901-ലെ 7 മുതൽ 9 വരെയുള്ള വകുപ്പുകൾ നിർദേശിക്കുന്നത്. സാക്ഷി ഹാജരാകാത്ത വിവരം പാർലമെന്റ് പ്രസിഡന്റ് സുപ്രീം കോടതി ജഡ്ജിയെ അറിയിക്കുകയും, തുടർന്ന് സാക്ഷിയെ അറസ്റ്റ് ചെയ്ത് പാർലമെന്റിലോ അന്വേഷണ സമിതിയിലോ ഹാജരാക്കാൻ വാറണ്ട് പുറപ്പെടുവിക്കണമെന്നുമാണ് നിയമത്തിലെ വ്യവസ്ഥ. എന്നാൽ ഇത്തരം സാഹചര്യത്തിൽ ജഡ്ജിക്ക് കാര്യങ്ങൾ പരിശോധിച്ച് സ്വതന്ത്രമായ തീരുമാനം എടുക്കാനുള്ള അവസരമില്ലെന്നും, പ്രസിഡന്റ് ആവശ്യപ്പെട്ടാൽ വാറണ്ടിൽ ഒപ്പിടേണ്ടി വരുന്നതായും NSW അപ്പീൽ കോടതി ചൂണ്ടിക്കാട്ടി. ഇത് സംസ്ഥാന കോടതികളുടെ ഭരണഘടനാപരമായ സ്ഥാപന സ്വാതന്ത്ര്യത്തെ ദുർബലപ്പെടുത്തുന്നതാണെന്നും കോടതി വിലയിരുത്തി.

ലെജിസ്ലേറ്റീവ് കൗൺസിൽ പ്രസിഡന്റിന് വേണ്ടി ഹാജരായ സീനിയർ കൗൺസൽ ബ്രെറ്റ് വാക്കർ, അപ്പീൽ കോടതിയുടെ തീരുമാനം ഓസ്‌ട്രേലിയൻ ഭരണഘടനയുടെ ചരിത്രവുമായി പൊരുത്തപ്പെടുന്നതല്ലെന്ന് വാദിച്ചു. 1901ലെ നിയമത്തിലെ അധികാരം ഫെഡറേഷൻ രൂപീകരിക്കുന്നതിന് 20 വർഷം മുമ്പ്, 1881ലെ Parliamentary Evidence Act പ്രകാരം തന്നെ സുപ്രീം കോടതിക്ക് നൽകിയിരുന്നതായി വാക്കർ ചൂണ്ടിക്കാട്ടി. അതിനാൽ സുപ്രീം കോടതിയുടെ സ്വാതന്ത്ര്യത്തിനും നിഷ്പക്ഷതയ്ക്കും ഈ അധികാരം വിരുദ്ധമാണെന്ന് അന്നത്തെ ഭരണഘടനാ രൂപീകരണ സമയത്ത് കരുതിയിരുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം.

അതേസമയം ജെയിംസ് കല്ലന് വേണ്ടി ഹാജരായ സീനിയർ കൗൺസൽ ബ്രെൻഡൻ ലിം, പാർലമെന്റിന്റെ ആഭ്യന്തര നടപടികളിൽ കോടതി ഇടപെടാതിരിക്കാനുള്ള തത്വം പാർലമെന്റിന്റെ സംരക്ഷണത്തിനുള്ളതാണെന്നും, പാർലമെന്റിന്റെ ആഭ്യന്തര നടപടിക്ക് കോടതി സ്വന്തം അധികാരം നൽകേണ്ടതിന്റെ കാരണമല്ലെന്നും വാദിച്ചു.

കേസിലെ നിയമപോരാട്ടത്തിന്റെ ചെലവും ഇതിനകം വലിയ തോതിലെത്തി. ആദ്യഘട്ട കേസ് പ്രതിരോധിക്കാൻ 4,43,518 ഓസ്‌ട്രേലിയൻ ഡോളറും, ഹൈക്കോടതി അപ്പീലിനായി ജൂലൈ വരെയുള്ള കണക്കിൽ 3,84,620 ഡോളറും ചെലവായതായി പാർലമെന്റ് ക്ലർക്ക് സ്റ്റീവൻ റെയ്‌നോൾഡ്സ് അറിയിച്ചു. കല്ലന് ഏകദേശം 2.5 ലക്ഷം ഡോളർ നിയമച്ചെലവ് നൽകാൻ പ്രസിഡന്റിനോട് കോടതി ഉത്തരവിട്ടതായും അദ്ദേഹം വ്യക്തമാക്കി. ഈ ചെലവ് സർക്കാർ ഗ്രാന്റിലൂടെയാണ് വഹിക്കുന്നത്. NSW പ്രതിപക്ഷ നേതാവ് കെല്ലി സ്ലോൺ ഇതിനെ രൂക്ഷമായി വിമർശിച്ചു. നികുതിദായകരുടെ ലക്ഷക്കണക്കിന് ഡോളർ ചെലവഴിച്ച് പ്രീമിയറുടെ ചീഫ് ഓഫ് സ്റ്റാഫ് പാർലമെന്ററി പരിശോധനയിൽ നിന്ന് ഒഴിഞ്ഞുമാറുകയാണെന്ന് അവർ ആരോപിച്ചു.

കേസിന്റെ പ്രത്യാഘാതം നിയമച്ചെലവിൽ മാത്രം ഒതുങ്ങുന്നില്ല. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് സർക്കാർ നടപടികളെയും പൊതുതാൽപര്യമുള്ള വിഷയങ്ങളെയും കുറിച്ച് അന്വേഷണം നടത്താനുള്ള ശേഷിയും ഇതോടെ പരിമിതപ്പെടുന്നതായി അധികൃതർ പറയുന്നു. കല്ലൻ കേസിലെ വിധി ചൂണ്ടിക്കാട്ടി മൂന്ന് പ്രധാന സാക്ഷികൾ ഐഡന്റിറ്റി സംരക്ഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഹാജരാകാൻ വിസമ്മതിച്ചതായി റെയ്‌നോൾഡ്സ് പറഞ്ഞു. ഡാറ്റാ സെന്ററുകളെക്കുറിച്ചുള്ള മറ്റൊരു പാർലമെന്ററി അന്വേഷണത്തിലും നിരവധി പേർ ഹാജരാകാൻ തയ്യാറായില്ല. സാക്ഷികളെ നിർബന്ധിച്ച് അന്വേഷണങ്ങൾക്ക് മുന്നിൽ എത്തിക്കുന്നതിനുള്ള അധികാരം പുനഃസ്ഥാപിക്കാൻ പ്രതിപക്ഷ സഖ്യം നിയമനിർമാണം കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ ഹൈക്കോടതിയിലെ അപ്പീൽ തീർപ്പാകുന്നതുവരെ ആ നിയമനിർമാണം പരിഗണിക്കാൻ NSW സർക്കാർ തയ്യാറായിട്ടില്ല.

Metro Australia
maustralia.com.au