

സിഡ്നി: വേനൽക്കാലത്തെ കൊടുംചൂടിൽ നിന്ന് രക്ഷനേടാൻ ഗ്രാമീണ മേഖലയിലുള്ളവർ പ്രധാനമായും ആശ്രയിക്കുന്ന സ്വിമ്മിംഗ് പൂളുകളിൽ ലൈഫ് ഗാർഡുകളെ നിയമിക്കാൻ കഴിയാതെ വന്നതോടെ മേൽനോട്ടമില്ലാതെ പൂളുകൾ തുറന്നുകൊടുക്കാൻ തീരുമാനിച്ച് ന്യൂ സൗത്ത് വെയിൽസിലെ പ്രാദേശിക കൗൺസിലുകൾ. എൻഎസ്ഡബ്ല്യു, സൗത്ത് ഓസ്‌ട്രേലിയ തുടങ്ങിയ സംസ്ഥാനങ്ങളിലെ വിദൂര ഗ്രാമീണ കൗൺസിലുകളാണ് മതിയായ ജീവനക്കാരെ ലഭിക്കാത്തതിനെ തുടർന്ന് ഇത്തരമൊരു പരീക്ഷണ നീക്കത്തിന് നിർബന്ധിതരായിരിക്കുന്നത്.
താപനില 40 ഡിഗ്രിക്ക് മുകളിൽ ഉയരുന്ന ഫാർ വെസ്റ്റ് എൻഎസ്ഡബ്ല്യുവിലെ മെനിൻഡി (Menindee), വിൽക്കാനിയ (Wilcannia) എന്നിവിടങ്ങളിലെ പൊതു സ്വിമ്മിംഗ് പൂളുകൾ ലൈഫ് ഗാർഡുകളില്ലാതെ തുറക്കാൻ സെൻട്രൽ ഡാർലിംഗ് ഷയർ കൗൺസിൽ തീരുമാനിച്ചു. കൗൺസിലിൽ 16 വയസ്സിന് മുകളിൽ പ്രായമുള്ളവർ ലൈഫ് ഗാർഡ് ജോലിക്ക് മുന്നോട്ടുവരാത്തതിനാലാണ് ഇത്തരമൊരു നടപടിയെന്ന് ജനറൽ മാനേജർ ജോൺ സെവിൽ വ്യക്തമാക്കി. പൂളിൽ പ്രവേശിക്കുന്നതിനായി സുരക്ഷാ ക്ലാസുകളിൽ പങ്കെടുത്തവർക്ക് പ്രത്യേക ആക്സസ് കാർഡുകൾ നൽകുമെന്നും സിസിടിവി നിരീക്ഷണം ഏർപ്പെടുത്തുമെന്നും കുട്ടികൾക്കൊപ്പം മുതിർന്നവർ നിർബന്ധമായും ഉണ്ടാകണമെന്നും കൗൺസിൽ നിർദ്ദേശിക്കുന്നു.
എന്നാൽ ഈ തീരുമാനത്തിനെതിരെ പ്രദേശവാസികളിൽ നിന്ന് കടുത്ത എതിർപ്പാണ് ഉയരുന്നത്. സിസിടിവി ക്യാമറകൾക്ക് ഒരിക്കലും സിപിആർ (CPR) നൽകാൻ കഴിയില്ലെന്നും, അപകടങ്ങളുണ്ടായാൽ കുട്ടികളെ രക്ഷിക്കാൻ പരിശീലനം ലഭിച്ച ലൈഫ് ഗാർഡുകൾ ഇല്ലാത്തത് വലിയ സുരക്ഷാഭീഷണിയാണെന്നും തദ്ദേശീയർ ചൂണ്ടിക്കാട്ടുന്നു. സമാനമായ പ്രതിസന്ധി കാരണം സൗത്ത് ഓസ്‌ട്രേലിയയിലെ കാരൂണ്ട ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും പൂളുകളുടെ പ്രവർത്തന സമയം വെട്ടിച്ചുരുക്കുകയോ അനിശ്ചിതകാലത്തേക്ക് അടച്ചിടുകയോ ചെയ്യേണ്ട അവസ്ഥയാണെന്ന് അധികൃതർ അറിയിച്ചു.