

സിഡ്‌നി: അടുത്ത വർഷം നടക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ തോക്കുകൾ തിരിച്ചുവാങ്ങുന്ന പദ്ധതി (Gun buyback) മരവിപ്പിക്കുമെന്നും കർഷകർക്കുള്ള തോക്ക് കൈവശം വെയ്ക്കൽ പരിധി എടുത്തുകളയുമെന്നും ന്യൂ സൗത്ത് വെയിൽസ് (NSW) പ്രതിപക്ഷമായ ലിബറൽ പാർട്ടി. ബോണ്ടി ബീച്ച് ഭീകരാക്രമണത്തിന് പിന്നാലെ തോക്ക് നിയന്ത്രണ നിയമങ്ങളെ നേരത്തെ പിന്തുണച്ചിരുന്ന ലിബറലുകൾ മാസങ്ങൾക്ക് ശേഷം നിലപാട് മാറ്റിയത് കടുത്ത രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. മുൻ തീരുമാനത്തിൽ നിന്നുള്ള പിന്മാറ്റമാണിതെന്നും വൺ നേഷൻ പാർട്ടിയുടെ അജണ്ടയാണ് പ്രതിപക്ഷം നടപ്പാക്കുന്നതെന്നും എൻഎസ്ഡബ്ല്യു പോലീസ് മന്ത്രി യാസ്മിൻ കാറ്റ്‌ലി കുറ്റപ്പെടുത്തി.
എന്നാൽ ആരോപണങ്ങൾ തള്ളിയ പ്രതിപക്ഷ നേതാവ് കെല്ലി സ്ലോൺ, നിയമം അനുസരിക്കുന്ന കർഷകരിൽ നിന്നും കായിക താരങ്ങളിൽ നിന്നും തോക്കുകൾ പിടിച്ചെടുക്കുന്നതിന് പകരം സംഘടിത കുറ്റകൃത്യങ്ങളും ഭീകരവാദികളും ഉപയോഗിക്കുന്ന അനധികൃത തോക്കുകൾ പിടിച്ചെടുക്കുന്നതിനാണ് മുൻഗണന നൽകേണ്ടതെന്ന് വ്യക്തമാക്കി. സർക്കാർ അധികാരത്തിൽ വന്നാൽ വിപുലമായ അന്വേഷണ കമ്മീഷനെ നിയോഗിച്ച് സമഗ്രമായ തോക്ക് നിയമ പരിഷ്കാരം കൊണ്ടുവരുമെന്നും അതുവരെ നിർബന്ധിത തിരിച്ചുവാങ്ങൽ നടപടികൾ നിർത്തിവെക്കുമെന്നും അവർ കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് അടുത്തതോടെ സിഡ്‌നിയിലെ തെരുവു അക്രമങ്ങളും ഗുണ്ടാ സംഘർഷങ്ങളും ഭരണ-പ്രതിപക്ഷ തർക്കത്തിൽ പ്രധാന ചർച്ചയായി മാറിയിട്ടുണ്ട്.