

ഗാർഹിക പീഡനബാധിതർക്കായി ഡിജിറ്റൽ അലർട്ട് സേവനം ആരംഭിക്കുന്നു. ഗാർഹിക അതിക്രമവും കുടുംബ പീഡനവും നേരിട്ടവർക്ക്, കുറ്റാരോപിതനായ വ്യക്തി തടവിൽ നിന്ന് പുറത്തിറങ്ങുമ്പോൾ അതിനെക്കുറിച്ച് ഉടൻ അറിയിപ്പ് ലഭിക്കുന്ന തരത്തിലുള്ള ഒരു പുതിയ ഡിജിറ്റൽ സേവനം ആണ് ന്യൂ സൗത്ത് വെയിൽസിൽ തുടങ്ങുന്നത്.
"ഡി.വി നോറ്റിഫൈ" എന്ന പേരിലുള്ള ഈ പദ്ധതി ഫെഡറൽ-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമാണ്.
അക്രമിയെ അറസ്റ്റ് ചെയ്ത നിമിഷം മുതൽ ശിക്ഷ വിധിക്കുന്നതുവരെ എസ്‌എംഎസ്, ഇമെയിൽ അടക്കമുള്ള തത്സമയ അറിയിപ്പുകൾ നൽകും. ഈ ആപ്പ് രൂപപ്പെടുത്തിയപ്പോൾ പീഡനബാധിതരുടെ അനുഭവങ്ങളും ആവശ്യങ്ങളും പരിഗണിച്ചാണ് രൂപകൽപ്പന ചെയ്തത്, അതുവഴി ഇത് ട്രോമ ഇൻഫോംഡ്, വിക്ടിം-കേന്ദ്രിത രീതിയിൽ പ്രവർത്തിക്കാനാണ് ലക്ഷ്യം.
ലിവർപൂൾ, മാനിങ്-ഗ്രേറ്റ് ലേക്സ്, ഒറാന-മിഡ് വെസ്റ്റേൺ എന്നീ പൊലീസ് ജില്ലാ പ്രദേശങ്ങളിൽ പ്രാരംഭമായി 12 മാസത്തെ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ആരംഭിക്കും. അറബിക്, ഹിന്ദി, ചൈനീസ്, നേപ്പാളി, സ്പാനിഷ്, ഉറുദു എന്നിവ ഉൾപ്പെടെ 10 ഭാഷകളിൽ അറിയിപ്പുകൾ ലഭ്യമാകും. സുരക്ഷാ മാർഗനിർദ്ദേശങ്ങൾ, അടിയന്തര താമസം, നിയമസഹായം, കൗൺസലിംഗ് എന്നീ സേവനങ്ങളിലേക്കും ഉപഭോക്താക്കളെ നേരിട്ട് ബന്ധിപ്പിക്കും.