അനധികൃതമായി അണക്കെട്ട് ; ബ്ലൂബെറി കർഷകർക്ക് 1 ലക്ഷം ഡോളർ പിഴ ചുമത്തി ഓസ്‌ട്രേലിയൻ കോടതി

നിർമ്മാണ മേഖലകളിൽ കർഷകരും കരാറുകാരും കൃത്യമായ നിയമങ്ങൾ പാലിക്കണമെന്ന് നാച്ചുറൽ റിസോഴ്‌സസ് ആക്‌സസ് റെഗുലേറ്റർ (NRAR) ഓർമ്മിപ്പിച്ചു.
അനധികൃതമായി അണക്കെട്ട് ; ബ്ലൂബെറി കർഷകർക്ക് 1 ലക്ഷം ഡോളർ പിഴ ചുമത്തി ഓസ്‌ട്രേലിയൻ കോടതി
Supplied: NSW Courts
Published on

കോഫ്സ് ഹാർബർ: ന്യൂ സൗത്ത് വെയിൽസിലെ കോഫ്സ് ഹാർബറിന് വടക്കുള്ള ബുക്കയിൽ (Bucca) അനുമതിയില്ലാതെ അണക്കെട്ട് നിർമ്മിക്കുകയും പരിസ്ഥിതി നാശം വരുത്തുകയും ചെയ്ത ബ്ലൂബെറി കർഷകർക്ക് ഒരു ലക്ഷം ഓസ്‌ട്രേലിയൻ ഡോളർ പിഴ വിധിച്ച് എൽ.എൻഡ്.ഇ (Land and Environment) കോടതി. ഹർപ്രീത് പന്നു, സത്വിന്ദർ പന്നു എന്നീ കർഷകർക്കാണ് വൻ തുക പിഴ ശിക്ഷ വിധിച്ചത്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ എർത്ത് മൂവിംഗ് കരാറുകാരൻ മുറെ ജോൺ ഗ്രേയ്ക്ക് 30,000 ഡോളർ വേറെയും പിഴ ചുമത്തി.

2022 ഡിസംബറിനും 2023 മേയ് മാസത്തിനുമിടയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തങ്ങളുടെ ഫാമിലെ പഴയ ഡാമിന്റെ മതിൽ തകർന്നതിനെ തുടർന്ന് 'വാട്ടർ എൻ.എസ്.ഡബ്ല്യു'വിന്റെ (WaterNSW) കൃത്യമായ മുൻകൂറുമതിയില്ലാതെ ഇവർ പുതിയ അണക്കെട്ട് നിർമ്മിക്കുകയായിരുന്നു. നിർമ്മാണത്തിനായി തീരദേശ ഭൂമിയിലെ 1.8 ഹെക്ടറോളം വരുന്ന സ്വാഭാവിക സസ്യജാലങ്ങളും വനഭൂമിയും ഇവർ നശിപ്പിച്ചു. കേസിൽ കർഷകരും കരാറുകാരനും കുറ്റം സമ്മതിച്ചു. അബദ്ധവശാൽ സംഭവിച്ച പിഴവാണെന്ന് വിലയിരുത്തിയ കോടതി, നിലവിൽ അണക്കെട്ടിന് ആവശ്യമായ അനുമതി ലഭിച്ചതിനാൽ അത് പൊളിച്ചുനീക്കാൻ ഉത്തരവിട്ടില്ല. നിർമ്മാണ മേഖലകളിൽ കർഷകരും കരാറുകാരും കൃത്യമായ നിയമങ്ങൾ പാലിക്കണമെന്ന് നാച്ചുറൽ റിസോഴ്‌സസ് ആക്‌സസ് റെഗുലേറ്റർ (NRAR) ഓർമ്മിപ്പിച്ചു.

Metro Australia
maustralia.com.au