റോഡപകട നഷ്ടപരിഹാരം നൽകിയില്ല; തുക തിരിച്ചുനൽകാൻ NRMA ഇൻഷുറൻസ്

മൾട്ടി-ബില്യൺ ഡോളർ ആസ്തിയുള്ള ഒരു കമ്പനിയിൽ ഇത്തരം കണക്കുകൂട്ടലുകൾക്ക് ഓട്ടോമേറ്റഡ് സംവിധാനം ഇല്ലാത്തത് ഞെട്ടിക്കുന്നതാണെന്ന് ഗ്രീൻസ് എംപി അബിഗെയ്ൽ ബോയ്ഡ് വിമർശിച്ചു.
Insurance
ഇൻഷുറന്‍സ് Vlad Deep/ Unsplash
Published on: 

സിഡ്നി: ന്യൂ സൗത്ത് വെയിൽസിൽ വാഹനാപകടങ്ങളിൽ പരിക്കേറ്റ നൂറുകണക്കിന് ആളുകൾക്ക് ലഭിക്കേണ്ട നിർബന്ധിത തേർഡ് പാർട്ടി നഷ്ടപരിഹാര ആനുകൂല്യങ്ങൾ കൃത്യമായി കണക്കാക്കുന്നതിൽ പരാജയപ്പെട്ട പ്രമുഖ ഇൻഷുറൻസ് കമ്പനിയായ എൻആർഎംഎ (NRMA Insurance) തുക തിരിച്ചുനൽകാൻ നിർബന്ധിതരായി. 2019 മുതൽ നിലനിന്ന ഈ ഗുരുതര പിഴവ് കമ്പനിയോ സംസ്ഥാന റെഗുലേറ്ററായ സിറയോ (SIRA) കണ്ടെത്തിയില്ല; പകരം ഒരു ക്ലയന്റിന്റെ അഭിഭാഷകൻ ആഴ്ചതോറുമുള്ള വേതന തുകയിലെ പൊരുത്തക്കേട് ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്.

തുടക്കത്തിൽ 700 പേർക്ക് അർഹമായ തുക ലഭിച്ചില്ലെന്ന് കണക്കാക്കിയിരുന്നെങ്കിലും പിന്നീട് ഇത് 400 പേരായി ചുരുക്കി. കൂടാതെ ലംപ് സം പേയ്‌മെന്റുകൾ ലഭിച്ച കൂടുതൽ ആളുകൾക്ക് പലിശ നൽകാനുണ്ടെന്നും കമ്പനി വ്യക്തമാക്കി. അപകടത്തെ തുടർന്ന് ജോലി ചെയ്യാൻ കഴിയാത്തവർക്ക് അവരുടെ മുൻ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ നൽകുന്ന ആഴ്ചതോറുമുള്ള വേതനം വർഷത്തിൽ രണ്ടുതവണ പണപ്പെരുപ്പത്തിനനുസരിച്ച് പുതുക്കി നിശ്ചയിക്കേണ്ടതുണ്ട് . ഈ മാനദണ്ഡം കൃത്യമായി നടപ്പാക്കാതിരുന്നതിലൂടെ ബാധിക്കപ്പെട്ട ഓരോ വ്യക്തിക്കും ശരാശരി $940 (ഏകദേശം 52,000 രൂപ) വീതം നഷ്ടപ്പെട്ടതായാണ് കമ്പനി സമ്മതിച്ചത്. ഇതേത്തുടർന്ന് ഉപഭോക്താക്കളോട് മാപ്പ് പറഞ്ഞ കമ്പനി കുടിശ്ശികയും പലിശയും തിരികെ നൽകിയതായി അറിയിച്ചു.

മൾട്ടി-ബില്യൺ ഡോളർ ആസ്തിയുള്ള ഒരു കമ്പനിയിൽ ഇത്തരം കണക്കുകൂട്ടലുകൾക്ക് ഓട്ടോമേറ്റഡ് സംവിധാനം ഇല്ലാത്തത് ഞെട്ടിക്കുന്നതാണെന്ന് ഗ്രീൻസ് എംപി അബിഗെയ്ൽ ബോയ്ഡ് വിമർശിച്ചു. 2023-ലും സമാനമായ രീതിയിൽ രണ്ടായിരത്തിലധികം പേർക്ക് ആനുകൂല്യങ്ങൾ നൽകാതിരുന്നതിനും പേയ്‌മെന്റുകൾ വൈകിപ്പിച്ചതിനും സിറ കമ്പനിക്ക് താക്കീത് കത്തുകൾ നൽകിയിരുന്നെങ്കിലും വലിയ പിഴകൾ ഈടാക്കാത്തതാണ് തെറ്റുകൾ ആവർത്തിക്കാൻ കാരണമെന്നും അവർ കുറ്റപ്പെടുത്തി. സംഭവത്തിൽ എൻആർഎംഎയ്ക്കെതിരെ അന്വേഷണം നടക്കുകയാണെന്നും ഉചിതമായ നിയമനടപടികൾ സ്വീകരിക്കുമെന്നും സിറ അറിയിച്ചു.

Metro Australia
maustralia.com.au