

സിഡ്‌നി: സംശയാസ്പദമായ ലോഗിൻ പ്രവർത്തനം കണ്ടെത്തിയതിനെ തുടർന്ന് നിരവധി ഓസ്‌ട്രേലിയക്കാരുടെ myGov അക്കൗണ്ടുകൾ താൽക്കാലികമായി ലോക്ക് ചെയ്തതായി Services Australia അറിയിച്ചു. അക്കൗണ്ടുകൾ ലോക്ക് ചെയ്തതായി അറിയിച്ചുകൊണ്ട് ബാധിക്കപ്പെട്ട ഉപയോക്താക്കൾക്ക് ടെക്സ്റ്റ് സന്ദേശങ്ങളും ഇമെയിലുകളും ലഭിച്ചു. എന്നാൽ myGov ഹാക്ക് ചെയ്യപ്പെട്ടതല്ലെന്നും പ്ലാറ്റ്‌ഫോം സുരക്ഷിതമാണെന്നും Services Australia വ്യക്തമാക്കി.
ഉപയോക്താക്കളുടെ ലോഗിൻ വിവരങ്ങൾ പലതവണ തെറ്റായി നൽകപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്നാണ് അക്കൗണ്ടുകൾ താൽക്കാലികമായി ലോക്ക് ചെയ്തിരിക്കുന്നത്. ലോക്ക് ചെയ്തിരിക്കുന്ന സമയത്ത് Digital ID, passkey എന്നിവ ഉപയോഗിച്ചും അക്കൗണ്ടിലേക്ക് പ്രവേശിക്കാനാകില്ല. മറ്റ് ഡാറ്റാ ചോർച്ചകളിലൂടെ പുറത്തായ ഇമെയിൽ വിലാസങ്ങളും പാസ്‌വേഡുകളും ഉപയോഗിച്ച് credential-stuffing ആക്രമണങ്ങൾ നടത്താൻ സൈബർ കുറ്റവാളികൾ ശ്രമിക്കുന്നതായി Services Australia General Manager Hank Jongen പറഞ്ഞു. “myGov ഹാക്ക് ചെയ്യപ്പെട്ടിട്ടില്ല. പ്ലാറ്റ്‌ഫോം സുരക്ഷിതമാണ്,” Jongen വ്യക്തമാക്കി. സംശയാസ്പദമായ ലോഗിൻ പ്രവർത്തനം കണ്ടെത്തുമ്പോൾ അക്കൗണ്ടുകൾ താൽക്കാലികമായി ലോക്ക് ചെയ്യുകയോ ചില ലോഗിൻ മാർഗങ്ങൾ പ്രവർത്തനരഹിതമാക്കുകയോ ചെയ്യുന്ന ഓട്ടോമാറ്റിക് സുരക്ഷാ സംവിധാനമാണ് പ്രവർത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഫിഷിങ് തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പ്
ബാധിക്കപ്പെട്ട ഉപയോക്താക്കൾക്ക് Services Australia നൽകുന്ന ഔദ്യോഗിക recovery നിർദേശങ്ങൾ മാത്രം പിന്തുടർന്ന് അക്കൗണ്ട് വീണ്ടെടുക്കണമെന്ന് അധികൃതർ അറിയിച്ചു. അക്കൗണ്ടിലേക്ക് പ്രവേശിക്കുമ്പോൾ ഔദ്യോഗിക myGov ആപ്പ് ഉപയോഗിക്കുകയോ ബ്രൗസറിൽ my.gov.au സ്വയം ടൈപ്പ് ചെയ്യുകയോ വേണം. ഇമെയിലുകളിലോ SMS സന്ദേശങ്ങളിലോ ലഭിക്കുന്ന സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും മുന്നറിയിപ്പുണ്ട്. myGov ഒരിക്കലും ലോഗിൻ ചെയ്യാൻ ആവശ്യപ്പെട്ട് നേരിട്ടുള്ള ലിങ്ക് ഉൾപ്പെടുത്തിയ ഇമെയിലോ ടെക്സ്റ്റ് സന്ദേശമോ അയയ്ക്കില്ലെന്നും Services Australia വ്യക്തമാക്കി. അക്കൗണ്ട് തിരിച്ചുപിടിച്ച ശേഷം സുരക്ഷാ പരിശോധന നടത്താനും Digital ID, passkeys പോലുള്ള കൂടുതൽ സുരക്ഷിതമായ ലോഗിൻ സംവിധാനങ്ങൾ സജ്ജീകരിക്കാനും ഉപയോക്താക്കളോട് നിർദേശിച്ചിട്ടുണ്ട്. മറ്റേതെങ്കിലും ഡാറ്റാ ചോർച്ചയിൽ ഇമെയിൽ വിലാസമോ മൊബൈൽ നമ്പറോ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, അവ username ആയി വീണ്ടും പ്രവർത്തനക്ഷമമാക്കുന്നത് ഒഴിവാക്കുന്നതാണ് സുരക്ഷിതമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.