

സിഡ്നി: ഓസ്ട്രേലിയയുടെ കിഴക്കൻ തീരത്ത് വൻതോതിൽ കുടിയേറുന്ന വംശനാശഭീഷണി നേരിടുന്ന ബൊഗോങ് ശലഭങ്ങൾ സിഡ്നിയിലെ ബോണ്ടായി ബീച്ചിലും കൂട്ടത്തോടെ പ്രത്യക്ഷപ്പെട്ടു. ആയിരക്കണക്കിന് ശലഭങ്ങൾ മണൽപ്പരപ്പിൽ വിശ്രമിക്കുന്ന ദൃശ്യങ്ങൾ ബുധനാഴ്ച ബീച്ചിലെത്തിയവർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.
ഈയാഴ്ച സിഡ്നിയിൽ വീശിയ ശക്തമായ കാറ്റും കനത്ത മഴയുമാണ് ശലഭങ്ങളെ വഴിതെറ്റിച്ച് തീരത്തേക്ക് എത്തിച്ചതെന്നാണ് റിപ്പോർട്ട്. ബോണ്ടായി ബീച്ചിലെ മണൽപ്പരപ്പിൽ നീണ്ട ഇരുണ്ട നിരപോലെ ശലഭങ്ങൾ വ്യാപിച്ചുകിടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
സെപ്റ്റംബർ അവസാനത്തോടെ തന്നെ ന്യൂ സൗത്ത് വെയിൽസിലെ തീരപ്രദേശങ്ങളിൽ ബൊഗോങ് ശലഭങ്ങളുടെ സാന്നിധ്യം വ്യാപകമാണ്. വസന്തകാലത്ത് ക്വീൻസ്ലൻഡിൽനിന്ന് തെക്കൻ ന്യൂ സൗത്ത് വെയിൽസിലേക്കും വിക്ടോറിയയിലെ ആൽപൈൻ മേഖലയിലേക്കുമാണ് ഇവയുടെ വാർഷിക കുടിയേറ്റം. തണുത്ത കാലാവസ്ഥ തേടിയാണ് ശലഭങ്ങൾ സ്നോവി മൗണ്ടൻസ് ഉൾപ്പെടെയുള്ള പർവതപ്രദേശങ്ങളിലേക്ക് നീങ്ങുന്നത്. ഈ വർഷം ശലഭങ്ങളുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായതായി നിരീക്ഷകർ പറയുന്നു. സിഡ്നിയിലും ന്യൂ സൗത്ത് വെയിൽസിന്റെ തെക്കൻ തീരപ്രദേശങ്ങളിലും ആയിരക്കണക്കിന് ശലഭങ്ങളെ കണ്ടതായി റിപ്പോർട്ടുകളുണ്ട്. വിക്ടോറിയയിലും ന്യൂ സൗത്ത് വെയിൽസിന്റെ ഉൾപ്രദേശങ്ങളിലും സമാനമായ കാഴ്ചകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വീടുകളിലെയും താമസസൗകര്യങ്ങളിലെയും കൃത്രിമ വെളിച്ചത്തിലേക്ക് ആകർഷിക്കപ്പെട്ട് ശലഭങ്ങൾ ജനാലകൾക്കും വരാന്തകൾക്കും സമീപം കൂട്ടംകൂടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
സൂ വിക്ടോറിയയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ബൊഗോങ് ശലഭ നിരീക്ഷണ ഭൂപടത്തിലൂടെ പൊതുജനങ്ങൾക്ക് ശലഭങ്ങളെ കണ്ട സ്ഥലങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും പങ്കുവയ്ക്കാം. ഈ സീസണിൽ നിരവധി ശലഭസാന്നിധ്യങ്ങൾ ഭൂപടത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എണ്ണത്തിൽ ഇത്തവണ വർധനയുണ്ടായെങ്കിലും ബൊഗോങ് ശലഭങ്ങൾ ഇപ്പോഴും വംശനാശഭീഷണി നേരിടുന്നവയായി കണക്കാക്കപ്പെടുന്നു. വരൾച്ച, ജലസേചന രീതികളിലെ മാറ്റങ്ങൾ, ഭൂമി വെട്ടിത്തെളിക്കൽ എന്നിവ കാരണം മുൻ വർഷങ്ങളിൽ ഇവയുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു. 2019–20 കാലയളവിൽ ശലഭങ്ങളെ കണ്ടതായി രേഖപ്പെടുത്തിയ റിപ്പോർട്ടുകളുടെ എണ്ണവും വളരെ കുറവായിരുന്നു.
പർവതപ്രദേശങ്ങളിൽ ശീതനിദ്രയിൽനിന്ന് ഉണരുന്ന മൗണ്ടൻ പിഗ്മി പോസ്സം എന്ന ചെറുസസ്തനിയുടെ പ്രധാന ഭക്ഷണസ്രോതസ്സാണ് ബൊഗോങ് ശലഭങ്ങൾ. അതിനാൽ ഇവയുടെ കുടിയേറ്റവും നിലനിൽപ്പും പരിസ്ഥിതിക്ക് നിർണായകമാണ്. ശലഭങ്ങളെ കാണുന്നവർ അവയെ കൊല്ലുകയോ പരിക്കേൽപ്പിക്കുകയോ ചെയ്യരുതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. വീടിനുള്ളിൽ പ്രവേശിച്ചവയെ ശ്രദ്ധാപൂർവം പുറത്തേക്ക് മാറ്റാം. അനാവശ്യമായ കൃത്രിമ വിളക്കുകൾ അണയ്ക്കുന്നതും ശലഭങ്ങൾക്ക് തടസ്സമില്ലാതെ കുടിയേറ്റം തുടരാൻ സഹായിക്കുമെന്നും അധികൃതർ നിർദേശിക്കുന്നു.