NSW ൽ രണ്ട് പേർ കൊല്ലപ്പെട്ട സംഭവം; അയൽവാസിക്കെതിരെ ഇരട്ടക്കൊലക്കുറ്റം

32കാരനെതിരെ രണ്ട് കൊലക്കുറ്റങ്ങളും ഒരു മോട്ടോർ വാഹനം മോഷ്ടിച്ച കുറ്റവും ചുമത്തിയിട്ടുണ്ട്.
NSW ൽ രണ്ട് പേർ കൊല്ലപ്പെട്ട സംഭവം; അയൽവാസിക്കെതിരെ ഇരട്ടക്കൊലക്കുറ്റം
Published on: 

ന്യൂ സൗത്ത് വെയിൽസിന്റെ വടക്കൻ മേഖലയിലെ ഗുറാനാങിലെ ഒരു വീട്ടിൽ രണ്ടാഴ്ചയ്ക്കിടെ രണ്ട് പുരുഷന്മാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ അയൽവാസിയായ 32കാരനെതിരെ ഇരട്ടക്കൊലക്കുറ്റം ചുമത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.20ഓടെയാണ് 32കാരനെ ആശുപത്രിയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. സെപ്റ്റംബർ 13നാണ് സമ്മർലാൻഡ് വേയിലെ വീട്ടിൽ 79കാരന്റേതെന്ന് കരുതുന്ന ആദ്യ മൃതദേഹം കണ്ടെത്തിയത്. ആദ്യ മരണവുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണങ്ങൾക്കായി തിങ്കളാഴ്ച ഉച്ചയ്ക്ക് പൊലീസ് വീണ്ടും വീട്ടിലെത്തി. ഇതിനിടെയാണ് വീടിനോട് ചേർന്നുള്ള ഷെഡിൽ മറ്റൊരു മൃതദേഹം കണ്ടെത്തിയത്. മരിച്ചത് 59കാരനാണെന്നാണ് പൊലീസ് കരുതുന്നത്.

Also Read
വർക്കിംഗ് ഹോളിഡേ വിസ പരിഷ്കരണം തിരിച്ചടിയാകുന്നു; ടൂറിസം, കാർഷിക മേഖലകളിൽ തൊഴിലാളിക്ഷാമം രൂക്ഷം
NSW ൽ രണ്ട് പേർ കൊല്ലപ്പെട്ട സംഭവം; അയൽവാസിക്കെതിരെ ഇരട്ടക്കൊലക്കുറ്റം

59കാരൻ 79കാരന്റെ ബന്ധുവായിരുന്നുവെന്ന് ഹോമിസൈഡ് കമാൻഡർ ഡിറ്റക്ടീവ് സൂപ്രണ്ട് ജോ ഡുവെയ്‌ഹി പറഞ്ഞു. ആദ്യയാളുടെ മരണത്തെ തുടർന്ന് സ്വത്ത് സംബന്ധമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും അന്വേഷണത്തിൽ പൊലീസിനെ സഹായിക്കുന്നതിനുമായി മറ്റൊരു സംസ്ഥാനത്ത് നിന്ന് എത്തിയതായിരുന്നു 59കാരൻ. തിരികെ അതേ വീട്ടിലെത്തിയപ്പോഴാണ് അയൽവാസി ഇയാളെ ആക്രമിച്ചതെന്നും ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് മരണം സംഭവിച്ചതെന്നുമാണ് പൊലീസ് ആരോപിക്കുന്നത്. സംഭവം കുടുംബത്തിനും പ്രദേശവാസികൾക്കും ഞെട്ടലുണ്ടാക്കിയതായി ഡുവെയ്‌ഹി പറഞ്ഞു. സംശയാസ്പദമായ മരണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഹോമിസൈഡ് ഡിറ്റക്ടീവുകൾ സ്ട്രൈക്ക് ഫോഴ്സ് ഫനീൽ രൂപീകരിച്ചു. 32കാരനെതിരെ രണ്ട് കൊലക്കുറ്റങ്ങളും ഒരു മോട്ടോർ വാഹനം മോഷ്ടിച്ച കുറ്റവും ചുമത്തിയിട്ടുണ്ട്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. അന്വേഷണം തുടരുകയാണ്.

Metro Australia
maustralia.com.au