

സിഡ്‌നി: ഓസ്‌ട്രേലിയയിൽ 89 ഡോളറിന് വിൽപ്പനയ്‌ക്കെത്തി കുറഞ്ഞ സമയത്തിനുള്ളിൽ വിറ്റുതീർന്ന സ്മാർട്ട് ഗ്ലാസുകളുടെ സാങ്കേതികവിദ്യയ്ക്ക് പിന്നിലുള്ള കമ്പനിക്കെതിരെ സ്വകാര്യതാ അന്വേഷണം ആരംഭിച്ചു. കെമാർട്ടിൽ ഓഗസ്റ്റിൽ വിൽപ്പനയ്‌ക്കെത്തിയ അങ്കോയുടെ സ്മാർട്ട് ഗ്ലാസുകളിൽ ഉപയോഗിക്കുന്ന HeyCyan ആപ്പാണ് അന്വേഷണത്തിന്റെ കേന്ദ്രം. ചൈനീസ് കമ്പനിയായ Shenzhen Qingcheng വികസിപ്പിച്ച ആപ്പുമായി ബന്ധപ്പെട്ട് വ്യക്തിഗത വിവരങ്ങളുടെ ശേഖരണം, വീഡിയോ-ചിത്രങ്ങളുടെ സംഭരണം എന്നിവ സംബന്ധിച്ച ആശങ്കകളാണ് അന്വേഷണത്തിന് കാരണം.
ഓസ്‌ട്രേലിയൻ ഇൻഫർമേഷൻ ആൻഡ് പ്രൈവസി കമ്മീഷണർ കാർലി കിൻഡ് പറയുന്നത്, വീഡിയോയും ചിത്രങ്ങളും എങ്ങനെയാണ് റെക്കോർഡ് ചെയ്യുന്നതെന്നും എവിടെയാണ് സൂക്ഷിക്കുന്നതെന്നും സംബന്ധിച്ച ചോദ്യങ്ങൾക്ക് Shenzhen Qingcheng മറുപടി നൽകിയിട്ടില്ലെന്നാണ്. ഇതോടെ ഓസ്‌ട്രേലിയക്കാരുടെ സ്വകാര്യ വിവരങ്ങൾ നിയമപ്രകാരം സംരക്ഷിക്കപ്പെടുന്നുണ്ടോ എന്ന കാര്യത്തിൽ ഉറപ്പ് നൽകാനാകാത്ത സാഹചര്യമാണുള്ളതെന്ന് അവർ പറഞ്ഞു. സ്മാർട്ട് ഗ്ലാസുകൾ പോലുള്ള ഉപകരണങ്ങളെ ബ്ലൂടൂത്ത് വഴി മറ്റ് ഡിവൈസുകളുമായി ബന്ധിപ്പിക്കാനും വീഡിയോ റെക്കോർഡ് ചെയ്യാനും സംഗീതം കേൾക്കാനും ഫോൺ കോളുകൾ സ്വീകരിക്കാനും HeyCyan ആപ്പ് സഹായിക്കുന്നു.
സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കുന്നതിനുള്ള കമ്പനിയുടെ നടപടികളും സംവിധാനങ്ങളും സംബന്ധിച്ച് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് പൂർണ അന്വേഷണാധികാരം ഉപയോഗിക്കുന്നതിനായി ഔദ്യോഗിക അന്വേഷണം ആരംഭിച്ചതെന്ന് കിൻഡ് വ്യക്തമാക്കി. ആവശ്യമായ വിവരങ്ങൾ നിർബന്ധമായി ശേഖരിക്കുന്നതിനുള്ള നോട്ടീസ് നൽകാനും കമ്മീഷണർക്ക് അധികാരമുണ്ട്. ഓഗസ്റ്റിൽ നിരവധി സ്മാർട്ട് ഗ്ലാസ് നിർമാതാക്കളെയും വിതരണക്കാരെയും സ്വകാര്യതാ കമ്മീഷണർ സമീപിച്ചിരുന്നു. ഉപകരണങ്ങൾ വഴി ശേഖരിക്കുന്ന വിവരങ്ങൾ എവിടെയാണ് സൂക്ഷിക്കുന്നതെന്നും അവ ആർക്കൊക്കെ ലഭ്യമാകുമെന്നും കണ്ടെത്തുകയായിരുന്നു ലക്ഷ്യം.
അതേസമയം, ബിഗ് ഡബ്ല്യുവിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ വിൽക്കുന്ന സ്മാർട്ട് ഗ്ലാസുകളിൽ HeyCyan സാങ്കേതികവിദ്യ ഉപയോഗിക്കുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി. HeyCyan ഉപയോഗിക്കുന്ന ഉപകരണങ്ങൾ വിൽക്കുന്ന മറ്റ് ഓസ്‌ട്രേലിയൻ റീട്ടെയിലർമാർക്കും സ്വകാര്യതാ ആശങ്കകൾ അറിയിച്ച് കിൻഡ് കത്തയച്ചിട്ടുണ്ട്. ഇത്തരം ഉപകരണങ്ങൾ തുടർന്നും വിൽക്കുന്നത് ഉചിതമാണോ എന്ന് ഉത്തരവാദിത്തമുള്ള റീട്ടെയിലർമാർ പരിഗണിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ക്യാമറ ഘടിപ്പിച്ച വിലകുറഞ്ഞ സ്മാർട്ട് ഗ്ലാസുകൾ വ്യാപകമാകുന്നതോടെ മറ്റുള്ളവരുടെ സമ്മതമില്ലാതെ ചിത്രങ്ങളും വീഡിയോകളും പകർത്തപ്പെടാനുള്ള സാധ്യതയെക്കുറിച്ച് സ്വകാര്യതാ വിദഗ്ധരും നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഓഗസ്റ്റിൽ കെമാർട്ടിൽ ‘ക്യാമറ ഗ്ലാസുകൾ’ എന്ന പേരിൽ വിൽപ്പനയ്‌ക്കെത്തിയ അങ്കോയുടെ സ്മാർട്ട് ഗ്ലാസുകൾ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഓൺലൈനിൽ വിറ്റുതീർന്നിരുന്നു.