

സിഡ്നി: ഓസ്‌ട്രേലിയയിലെ സിഡ്നിയിലുള്ള സ്ട്രാത്ത്ഫീൽഡ് കൗൺസിലിന്റെ (Strathfield Council) 73-ാമത് മേയറായി തെലങ്കാന സ്വദേശിയും അഭിഭാഷകയുമായ സന്ധ്യ (സാന്റി) റെഡ്ഡി തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ ഓസ്‌ട്രേലിയയിൽ മേയർ പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജയായ വനിതയെന്ന ചരിത്രനേട്ടവും സന്ധ്യ റെഡ്ഡി സ്വന്തമാക്കി. 2028 സെപ്റ്റംബർ വരെയാണ് ഇവരുടെ കാലാവധി. സെപ്റ്റംബർ 29-ന് നടന്ന കൗൺസിലർമാരുടെ യോഗത്തിലാണ് സന്ധ്യ റെഡ്ഡിയെ മേയറായി ഐക്യകണ്ഠേന തിരഞ്ഞെടുത്തത്.
ഹൈദരാബാദിൽ ജനിച്ച് ഉസ്മാനിയ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ ഇവർ 1991-ലാണ് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയത്. തുടർന്ന് ഇമിഗ്രേഷൻ അഭിഭാഷകയായും സാമൂഹിക പ്രവർത്തകയായും തിളങ്ങി.
2021 ഡിസംബറിലാണ് സന്ധ്യ റെഡ്ഡി ആദ്യമായി സ്ട്രാത്ത്ഫീൽഡ് കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. പിന്നീട് ഡെപ്യൂട്ടി മേയറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സ്ട്രാത്ത്ഫീൽഡ് മേയറായി ഒരു ഇന്ത്യൻ വംശജ എത്തിയത് ഓസ്‌ട്രേലിയയിലെ തെലുങ്ക് സമൂഹത്തിനും മറ്റ് പ്രവാസി ഭാരതീയർക്കും വലിയ അഭിമാന നിമിഷമായി മാറി. സന്ധ്യ റെഡ്ഡിയുടെ ചരിത്രപരമായ ഈ നേട്ടത്തിൽ ഇന്ത്യയിലെയും ഓസ്‌ട്രേലിയയിലെയും രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ ആശംസകൾ അറിയിച്ചു.