

ന്യൂ സൗത്ത് വെയിൽസ് റീജിയണൽ കമ്മ്യൂണിറ്റി നെറ്റ്‌വർക്കിലേക്ക് മലയാളി സാമൂഹിക പ്രവർത്തകൻ ഷിറാസ് വളപ്പിലിനെ NSW സർക്കാർ നിയമിച്ചു. സംസ്ഥാന മൾട്ടികൾച്ചറൽ മന്ത്രി സ്റ്റീവ് കാംപറാണ് നിയമന ഉത്തരവ് പുറത്തിറക്കിയത്. ഹണ്ടർ മേഖലയിൽ നിന്നുള്ള സാമൂഹിക പ്രവർത്തകനും ഐടി പ്രൊഫഷണലും സംരംഭകനുമാണ് ഷിറാസ്. വിവിധ സാംസ്കാരിക പശ്ചാത്തലങ്ങളിൽ നിന്നുള്ള ജനങ്ങളുടെ ആവശ്യങ്ങളും പ്രശ്നങ്ങളും സർക്കാരിന്റെ ശ്രദ്ധയിൽ എത്തിക്കുന്നതിനും സമൂഹങ്ങളും സർക്കാർ സംവിധാനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുമാണ് റീജിയണൽ കമ്മ്യൂണിറ്റി നെറ്റ്‌വർക്കുകൾ പ്രവർത്തിക്കുന്നത്. ന്യൂ സൗത്ത് വെയിൽസിലെ പത്ത് മേഖലകളിലായാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്.
ഓസ്‌ട്രേലിയയിലെ മലയാളി സമൂഹത്തിനിടയിലും ഹണ്ടർ മേഖലയിലെ വിവിധ സാംസ്കാരിക കൂട്ടായ്മകളിലും സജീവ സാന്നിധ്യമാണ് ഷിറാസ് വളപ്പിൽ. കുടിയേറ്റക്കാർക്കും വിവിധ ഭാഷാ-സാംസ്കാരിക വിഭാഗങ്ങളിൽപ്പെട്ടവർക്കും പിന്തുണ നൽകുന്ന മോസെയ്ക് മൾട്ടികൾച്ചറൽ കണക്ഷൻസിന്റെ ഡയറക്ടറായി മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്. ന്യൂകാസിൽ സർവകലാശാല വൈസ് ചാൻസലറുടെ ഇന്ത്യൻ അഡ്വൈസറി കമ്മിറ്റിയിലും അംഗമായിരുന്നു. വേൾഡ് മലയാളി കൗൺസിൽ സിഡ്നി ഘടകത്തിന്റെ ജോയിന്റ് സെക്രട്ടറിയായ ഷിറാസ്, കെഎംസിസി ഓസ്‌ട്രേലിയയുടെയും ഓസ്‌ട്രേലിയ മലയാളി ഇസ്‌ലാമിക് അസോസിയേഷന്റെയും സ്ഥാപക അംഗങ്ങളിൽ ഒരാളാണ്. ഹണ്ടർ മലയാളി സമാജത്തിന്റെ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
മത-സാംസ്കാരിക വ്യത്യാസങ്ങൾക്കപ്പുറം വിവിധ വിഭാഗങ്ങളെ ഒരുമിപ്പിക്കുന്ന പ്രവർത്തനങ്ങളിലും ഷിറാസ് പങ്കാളിയായിട്ടുണ്ട്. ഹണ്ടർ മേഖലയിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ സൗഹൃദവും സഹകരണവും വളർത്തുന്നതിനുള്ള പ്രവർത്തനങ്ങളിലും സജീവമാണ്. പുതിയ ചുമതലയിലൂടെ പ്രാദേശിക മേഖലയിലെ കുടിയേറ്റ സമൂഹങ്ങളുടെ പ്രശ്നങ്ങൾ സർക്കാരിൻ്റെ ശ്രദ്ധയിൽ എത്തിക്കാനും വിവിധ വിഭാഗങ്ങൾക്ക് കൂടുതൽ അവസരങ്ങളും പ്രാതിനിധ്യവും ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ പങ്കാളിയാകാനുമാണ് ഷിറാസ് ലക്ഷ്യമിടുന്നത്.