

സിഡ്നിയിലെ നോർത്ത് ഷോർ മേഖലയിലുള്ള ലെയ്ൻ കോവ് നോർത്തിൽ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച സോഫയ്ക്കുള്ളിൽ മനുഷ്യന്റെ ഉടൽ കണ്ടെത്തിയ സംഭവത്തിൽ ഹോമിസൈഡ് സംഘം അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 2.30ഓടെയാണ് അവിയൻ ക്രസന്റിന് സമീപം സംശയാസ്പദമായ വസ്തു കണ്ടെത്തിയെന്ന വിവരത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയത്. പ്രദേശവാസികൾ ദുർഗന്ധം അനുഭവപ്പെട്ടതായും റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് സംഭരണ സൗകര്യമുള്ള സോഫയ്ക്കുള്ളിൽ മനുഷ്യന്റെ ഉടൽ കണ്ടെത്തുകയായിരുന്നു. തലയോ കാലുകളോ ഇല്ലാത്ത ഉടലാണ് കണ്ടെത്തിയതെന്ന് പൊലീസ് സൂപ്രണ്ട് പോൾ ദേവാനി വ്യാഴാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. മൃതദേഹാവശിഷ്ടങ്ങൾ എത്രകാലമായി അവിടെ ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെങ്കിലും കുറഞ്ഞത് രണ്ട് ദിവസമെങ്കിലും പഴക്കമുണ്ടാകാമെന്ന സൂചനകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മരിച്ചയാൾ പ്രായപൂർത്തിയായ പുരുഷനാണെന്നാണ് പ്രാഥമിക നിഗമനം. ഔദ്യോഗിക തിരിച്ചറിയൽ നടപടികൾ പൂർത്തിയായിട്ടില്ല. ശരീരത്തിന്റെ മറ്റ് ഭാഗങ്ങൾ എവിടെയാണെന്നോ ഇയാൾ എങ്ങനെ മരിച്ചെന്നോ സംബന്ധിച്ച് പൊലീസിന് നിലവിൽ സൂചനകളില്ല. മരിച്ചയാളെ തിരിച്ചറിയാനും മരണകാരണം കണ്ടെത്താനും മൃതദേഹാവശിഷ്ടങ്ങൾ അവിടെ ഉപേക്ഷിച്ചതിന് പിന്നിലെ സാഹചര്യം അന്വേഷിക്കാനും മുഴുവൻ സമയവും പ്രവർത്തിക്കുകയാണെന്ന് ദേവാനി പറഞ്ഞു. സംഭവസ്ഥലത്ത് പൊലീസ് ക്രൈം സീൽ സ്ഥാപിച്ചിട്ടുണ്ട്. സ്റ്റേറ്റ് ഹോമിസൈഡ് സ്ക്വാഡ്, എയർ വിങ്, മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താൻ പരിശീലനം ലഭിച്ച നായകൾ എന്നിവയുടെ സഹായത്തോടെയാണ് പരിശോധന. റോഡിൽനിന്ന് ഏകദേശം അഞ്ച് മീറ്റർ അകലെയാണ് സോഫ കണ്ടെത്തിയത്.
സംഭവം പ്രദേശവാസികളെ ഞെട്ടിച്ചിട്ടുണ്ട്. പതിവായി ആളുകൾ നടക്കാനെത്തുന്ന വഴികളും സമീപത്ത് ജലാശയങ്ങളുമുള്ള പ്രദേശമാണിതെന്ന് നാട്ടുകാർ പറഞ്ഞു. അടുത്തിടെ സംശയാസ്പദമായ പ്രവർത്തനങ്ങളൊന്നും ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും അവർ വ്യക്തമാക്കി. മരിച്ചയാളുടെ കുടുംബാംഗങ്ങളെ കണ്ടെത്തി വിവരം അറിയിക്കാനാണ് പൊലീസിന്റെ പ്രധാന പരിഗണനയെന്നും സൂപ്രണ്ട് പറഞ്ഞു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പൊലീസിനെ അറിയിക്കണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്.