

സിഡ്നി: പരിസ്ഥിതി പ്രവർത്തകരുടെ ഒരു പതിറ്റാണ്ടിലേറെ നീണ്ട ശക്തമായ പ്രചാരണങ്ങൾക്കും പാർലമെന്റിലെ 14 മണിക്കൂർ നീണ്ട മാരത്തൺ ചർച്ചകൾക്കും ഒടുവിൽ ന്യൂ സൗത്ത് വെയിൽസിലെ രണ്ടാമത്തെ വലിയ ദേശീയോദ്യാനമായ 'ഗ്രേറ്റ് കോല നാഷണൽ പാർക്ക്' (Great Koala National Park - GKNP) യാഥാർത്ഥ്യമായി. മിഡ് നോർത്ത് കോസ്റ്റിലെ കെംപ്സിക്കും ഗ്രാഫ്റ്റനും ഇടയിലുള്ള 4,78,000 ഹെക്ടർ പ്രദേശം ഉൾക്കൊള്ളുന്നതാണ് ഈ ബൃഹദ് ദേശീയോദ്യാനം. 2023-ലെ തെരഞ്ഞെടുപ്പ് വേളയിൽ ലേബർ പാർട്ടി നൽകിയ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നാണ് ഇതോടെ നടപ്പിലായത്.
നിലവിലുള്ള നാഷണൽ പാർക്കുകൾക്ക് പുറമെ 1,78,000 ഹെക്ടറിലധികം വരുന്ന സ്റ്റേറ്റ് ഫോറസ്റ്റും ക്രൗൺ ലാൻഡും സംയോജിപ്പിച്ചാണ് പാർക്ക് രൂപീകരിച്ചിരിക്കുന്നത്. നിയമനിർമ്മാണ കൗൺസിലിൽ 160-ലധികം ഭേദഗതികൾ ചർച്ച ചെയ്ത ശേഷമാണ് ബിൽ പാസായത്. നൂറിലധികം സസ്യ-മൃഗ വർഗ്ഗങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കുന്ന ഈ തീരുമാനം സംസ്ഥാനത്തിന്റെ പരിസ്ഥിതി സംരക്ഷണ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണെന്ന് പരിസ്ഥിതി മന്ത്രി പെന്നി ഷാർപ്പ് പറഞ്ഞു. എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തിയതോടെ കോലകളുടെ നിലനിൽപ്പ് അപകടത്തിലായ ഘട്ടത്തിലാണ് സംരക്ഷിത മേഖലയ്ക്കായി പരിസ്ഥിതി പ്രവർത്തകർ രംഗത്തെത്തിയത്.
അതേസമയം, പ്രകൃതിദത്ത വനങ്ങളിലെ മരംവെട്ട് പൂർണ്ണമായി നിരോധിച്ചതിനെതിരെ തടി വ്യവസായ മേഖല രംഗത്തെത്തിയിട്ടുണ്ട്. ഈ നിരോധനം കാരണം മേഖലയിൽ നിരവധി ജീവനക്കാരെ പിരിച്ചുവിടേണ്ടി വന്നിട്ടുണ്ടെന്നും അനുബന്ധ സ്ഥാപനങ്ങളുടെ പ്രവർത്തനം പ്രതിസന്ധിയിലായെന്നും ടിമ്പർ ന്യൂ സൗത്ത് വെയിൽസ് പ്രസിഡന്റ് ആൻഡ്രൂ ഹർഫോർഡ് വ്യക്തമാക്കി. എന്നാൽ പ്രതിസന്ധി ബാധിക്കുന്ന തൊഴിലാളികൾക്കായി പ്രത്യേക സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഫോറസ്ട്രി കോർപ്പറേഷൻ ജീവനക്കാരെ നാഷണൽ പാർക്ക്സ് ആൻഡ് വൈൽഡ് ലൈഫ് സർവീസിലെ അനുയോജ്യമായ തസ്തികകളിലേക്ക് മാറ്റുമെന്നും സർക്കാർ വ്യക്തമാക്കി.