ഓസ്‌ട്രേലിയയിലെ ആദ്യ ഡിമെൻഷ്യ സർവേ: രോഗനിർണയത്തിന് നീണ്ട കാത്തിരിപ്പ്; പരിചരിക്കുന്നവരും സമ്മർദത്തിൽ

ഓസ്‌ട്രേലിയയിലെ ഡിമെൻഷ്യ ബാധിതരെയും അവരെ പരിചരിക്കുന്നവരെയും ഉൾപ്പെടുത്തി നടത്തിയ ആദ്യ സമഗ്ര സർവേയായ ‘Living with Dementia’ റിപ്പോർട്ടിലാണ് കണ്ടെത്തലുകൾ.
ഓസ്‌ട്രേലിയയിലെ ആദ്യ ഡിമെൻഷ്യ സർവേ
ഡിമെൻഷ്യ നിലവിൽ ഓസ്‌ട്രേലിയയിലെ മരണങ്ങളുടെ പ്രധാന കാരണമാണ്.
Published on

സിഡ്‌നി: ഡിമെൻഷ്യ ബാധിക്കുന്ന ഓസ്‌ട്രേലിയക്കാരിൽ പകുതിയിൽ താഴെ പേർക്ക് മാത്രമാണ് രോഗനിർണയം ലഭിക്കുന്നതെന്ന് പുതിയ പഠനം. ആദ്യ വർഷത്തിൽ തന്നെ രോഗനിർണയം ലഭിക്കാത്ത നിരവധി പേരിൽ ആരോഗ്യപ്രവർത്തകർക്ക് രോഗത്തിന്റെ പ്രധാന മുന്നറിയിപ്പ് ലക്ഷണങ്ങൾ തിരിച്ചറിയാൻ കഴിയാതെ പോകുന്നതായും പഠനം കണ്ടെത്തി. ഓസ്‌ട്രേലിയയിലെ ഡിമെൻഷ്യ ബാധിതരെയും അവരെ പരിചരിക്കുന്നവരെയും ഉൾപ്പെടുത്തി നടത്തിയ ആദ്യ സമഗ്ര സർവേയായ ‘Living with Dementia’ റിപ്പോർട്ടിലാണ് കണ്ടെത്തലുകൾ. സർക്കാരുകളും ആരോഗ്യപ്രവർത്തകരും റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഗൗരവമായി പരിഗണിക്കണമെന്ന് വിദഗ്ധർ ആവശ്യപ്പെട്ടു.

21-ാം നൂറ്റാണ്ടിലെ പ്രധാന ആരോഗ്യപ്രതിസന്ധികളിലൊന്നായി കണക്കാക്കപ്പെടുന്ന ഡിമെൻഷ്യ നിലവിൽ ഓസ്‌ട്രേലിയയിലെ മരണങ്ങളുടെ പ്രധാന കാരണമാണ്. അടുത്ത 35 വർഷത്തിനിടെ രാജ്യത്ത് ഡിമെൻഷ്യയുമായി ജീവിക്കുന്നവരുടെ എണ്ണം 10 ലക്ഷമായി ഉയരുമെന്നാണ് കണക്ക്. Australian Institute of Health and Welfare 2025 മുതൽ ഈ വർഷം ജനുവരി വരെയുള്ള കാലയളവിൽ സമൂഹത്തിൽ കഴിയുന്ന 266 ഡിമെൻഷ്യ ബാധിതരെയും 1,600-ലേറെ പരിചരിക്കുന്നവരെയും സർവേയിൽ ഉൾപ്പെടുത്തി.

Also Read
വാഷിങ്ടണിൽ ട്രംപിന്റെ കൂറ്റൻ കമാനം; ഡ്രോണുകളും സ്‌നൈപ്പർമാരുമുള്ള സൈനിക സമുച്ചയമാക്കും
ഓസ്‌ട്രേലിയയിലെ ആദ്യ ഡിമെൻഷ്യ സർവേ

രോഗനിർണയം വൈകുന്നു

ഡിമെൻഷ്യ കണ്ടെത്തുന്നതിനായി ഒരൊറ്റ പരിശോധനയോ ഏകീകൃത മാർഗമോ നിലവിലില്ല. സർവേയിൽ പങ്കെടുത്ത ഡിമെൻഷ്യ ബാധിതരിൽ മൂന്നിലൊന്ന് പേരും തങ്ങളുടെ ലക്ഷണങ്ങളെ ഡിമെൻഷ്യയുമായി ബന്ധപ്പെടുത്തിയിരുന്നില്ല.

ഡോക്ടറുടെ സഹായം തേടിയ ശേഷവും രോഗനിർണയം വേഗത്തിൽ ലഭിക്കാത്ത സാഹചര്യങ്ങളുണ്ടായി. സ്പെഷ്യലിസ്റ്റ് പരിശോധനകൾക്കും അപ്പോയിന്റ്‌മെന്റുകൾക്കും നേരിട്ട കാലതാമസവും ചില കേസുകളിൽ ഡിമെൻഷ്യയ്ക്ക് പകരം മറ്റ് കാരണങ്ങളാണ് ലക്ഷണങ്ങൾക്ക് പിന്നിലെന്ന് ജിപിമാർ വിലയിരുത്തിയതും രോഗനിർണയം വൈകാൻ കാരണമായി.

സ്ത്രീകളിൽ ഉൾപ്പെടെ ഡിമെൻഷ്യ ബാധിതരെ വിഷാദരോഗമോ സമ്മർദമോ ഉള്ളവരായി തെറ്റായി നിർണയിക്കുന്നതായി മുൻ പഠനങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഡിമെൻഷ്യ ഓസ്‌ട്രേലിയയിലെ കെയ്‌ലെ സ്റ്റോക്സ് പറയുന്നത്, ഡിമെൻഷ്യ വാർധക്യത്തിന്റെ അനിവാര്യ ഘടകമാണെന്ന തെറ്റായ ധാരണ ചില ആരോഗ്യപ്രവർത്തകർക്കിടയിൽ നിലനിൽക്കുന്നുണ്ടെന്നാണ്. എന്നാൽ ഡിമെൻഷ്യ സാധാരണ വാർധക്യത്തിന്റെ അനിവാര്യ ഭാഗമല്ലെന്നും അവർ പറഞ്ഞു. സിഡ്‌നി സർവകലാശാലയിലെ ഹെൽത്തി ഏജിങ് പ്രൊഫസർ യുൻ-ഹീ ജിയോൺ, അഞ്ചിൽ രണ്ട് പേർക്ക് രോഗനിർണയത്തിനായി മൂന്ന് വർഷം വരെ കാത്തിരിക്കേണ്ടിവരുന്നത് അംഗീകരിക്കാനാകാത്ത സാഹചര്യമാണെന്ന് പറഞ്ഞു. രോഗനിർണയം വൈകുന്നത് ചികിത്സാ സാധ്യതകളും ഭാവി ആസൂത്രണത്തിനുള്ള അവസരങ്ങളും നഷ്ടപ്പെടുത്താൻ ഇടയാക്കുമെന്നും അവർ വ്യക്തമാക്കി.

രോഗനിർണയത്തിന് ശേഷവും പിന്തുണ കുറവ്

സർവേയിൽ പങ്കെടുത്തവരിൽ ഏകദേശം 40 ശതമാനം പേർക്കും രോഗനിർണയത്തിന് ശേഷം ലഭ്യമായ പിന്തുണാ സേവനങ്ങളെക്കുറിച്ച് വിവരങ്ങൾ ലഭിച്ചിരുന്നില്ല. രോഗനിർണയ അനുഭവം പൊതുവെ പോസിറ്റീവായിരുന്നുവെന്ന് ഭൂരിഭാഗം പേരും പറഞ്ഞെങ്കിലും ചിലർക്ക് അത് വ്യക്തിപരമായ പരിഗണനയും കരുതലും ഇല്ലാത്ത അനുഭവമായിരുന്നു. രോഗനിർണയത്തിന് ശേഷം പുനരധിവാസ സഹായം ഉൾപ്പെടെയുള്ള പ്രധാന സേവനങ്ങളിൽ പലരും പങ്കെടുത്തില്ല. സ്വതന്ത്രമായി ജീവിക്കാൻ സഹായിക്കുന്ന ലക്ഷ്യനിർണയം, ശാരീരിക ചലനശേഷി മെച്ചപ്പെടുത്തൽ, പരിസ്ഥിതി മാറ്റങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന ‘re-ablement’ പദ്ധതികളിൽ പങ്കെടുത്തത് സർവേയിൽ ഉൾപ്പെട്ടവരിൽ വെറും 16 ശതമാനം പേർ മാത്രമാണ്. ഡിമെൻഷ്യ ബാധിതരിൽ പകുതിയിൽ താഴെ പേർക്കാണ് കെയർ കോഓർഡിനേറ്ററുടെ സഹായം ലഭിച്ചതെന്നും റിപ്പോർട്ട് കണ്ടെത്തി. ഡിമെൻഷ്യ പരിചരണത്തിനായി പ്രത്യേക ‘care navigator’ സംവിധാനം ആരോഗ്യരംഗത്ത് ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് സ്റ്റോക്സ് പറഞ്ഞു.

പരിചരിക്കുന്നവരിലും സമ്മർദം

ഡിമെൻഷ്യ ബാധിതരെ പരിചരിക്കുന്നവരിൽ ഭൂരിഭാഗവും കുറഞ്ഞ ക്ഷേമനിലയും വലിയ മാനസിക സമ്മർദവും റിപ്പോർട്ട് ചെയ്തു. ഏകദേശം 30 ശതമാനം പേർ ആഴ്ചയിൽ 70 മണിക്കൂർ വരെ പരിചരണത്തിനായി ചെലവഴിക്കുന്നതായി പറഞ്ഞു. സ്വന്തം ആരോഗ്യവും വ്യക്തിജീവിതവും പരിചരിക്കാൻ മതിയായ സമയം ലഭിക്കുന്നില്ലെന്നും ഏകാന്തത അനുഭവപ്പെടുന്നുണ്ടെന്നും പലരും പറഞ്ഞു. ഡിമെൻഷ്യ ബാധിതനായ വ്യക്തി ഒപ്പമുണ്ടെങ്കിൽ പഴയ സുഹൃത്തുക്കൾ തങ്ങളോടൊപ്പം സമയം ചെലവഴിക്കുന്നത് ഒഴിവാക്കിയതായി മൂന്നിലൊന്ന് പരിചരിക്കുന്നവരും പറഞ്ഞു. പരിചരണ ചുമതല ഏറ്റെടുത്തതിന് ശേഷം ചില കുടുംബബന്ധങ്ങൾ വഷളായതായി പകുതിയോളം പേർ വ്യക്തമാക്കി. സാമ്പത്തിക ക്രമീകരണങ്ങൾ, രോഗിക്ക് ആവശ്യമായ പരിചരണത്തെക്കുറിച്ചുള്ള വ്യത്യസ്ത അഭിപ്രായങ്ങൾ, വിവിധ സ്രോതസുകളിൽനിന്നുള്ള വ്യത്യസ്ത വിവരങ്ങൾ എന്നിവ കുടുംബങ്ങളിൽ സംഘർഷത്തിന് കാരണമാകാമെന്ന് ജിയോൺ പറഞ്ഞു. പ്രാദേശിക മേഖലകളിൽ പ്രത്യേകിച്ച് വിശ്രമപരിചരണം (respite care) ലഭ്യമാക്കുന്നതിലെ ബുദ്ധിമുട്ടും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സഹായത്തിനായി അപേക്ഷിക്കുന്ന നടപടിക്രമങ്ങളുടെ സങ്കീർണതയാണ് ഏറ്റവും വലിയ തടസ്സമെന്ന് ഭൂരിഭാഗം പരിചരിക്കുന്നവരും പറഞ്ഞു.

ഡിമെൻഷ്യയുടെ ആദ്യകാല ലക്ഷണങ്ങൾ

* മാനസികാവസ്ഥയിലോ വ്യക്തിത്വത്തിലോ അപ്രതീക്ഷിത മാറ്റങ്ങൾ

* ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട്

* സമയത്തെയും സ്ഥലത്തെയും കുറിച്ചുള്ള ആശയക്കുഴപ്പം

* ശരിയായ തീരുമാനമെടുക്കുന്നതിലെ ബുദ്ധിമുട്ട്

* താൽപര്യക്കുറവ്

* പരിചരിക്കുന്നവർക്ക് സാമൂഹികമായ ഒറ്റപ്പെടൽ അനുഭവപ്പെടുക

വെല്ലുവിളികൾക്കിടയിലും സർവേയിൽ പങ്കെടുത്ത ഡിമെൻഷ്യ ബാധിതരിൽ പകുതിയോളം പേർ ഉയർന്ന ക്ഷേമനില റിപ്പോർട്ട് ചെയ്തു. ഭാവിയിൽ കൂടുതൽ വിപുലമായ സർവേകൾ നടത്തണമെന്നും ഡിമെൻഷ്യ ബാധിച്ച് റെസിഡൻഷ്യൽ ഏജ്ഡ് കെയറിൽ കഴിയുന്നവരെയും ഇത്തരം പഠനങ്ങളിൽ ഉൾപ്പെടുത്തണമെന്നും ആരോഗ്യരംഗത്തെ പ്രവർത്തകർ ആവശ്യപ്പെട്ടു.

Metro Australia
maustralia.com.au