

ന്യൂ സൗത്ത് വെയിൽസിലെ ഒരു കുടുംബം, അമേരിക്കയിൽ കൊല്ലപ്പെട്ടതായി ആരോപിക്കപ്പെടുന്ന യുവതിയുടെ രണ്ട് മക്കളെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുവരാൻ നിയമപോരാട്ടം ആരംഭിച്ചു. ഫ്ലോറിഡയിൽ താമസിച്ചിരുന്ന മീഗൻ ബൗളറെ (Meaghan Bowler) ഭർത്താവ് ജെസി ജോൺസ് (Jesse Jones) കുത്തിക്കൊലപ്പെടുത്തിയെന്നാണ് ആരോപണം. ഏപ്രിലിൽ നടന്ന സംഭവത്തിന് പിന്നാലെ ജെസി ജോൺസ് 911-ലേക്ക് വിളിച്ച് ഭാര്യയെ നിരവധി തവണ കുത്തിയതായി അറിയിച്ചെന്നാണ് റിപ്പോർട്ട്. ഇയാൾ നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.
മീഗന്റെ സഹോദരി മാഡിസൺ ബൗളർ, രണ്ട് വയസ്സുള്ള ജെസിയെയും ഒമ്പത് മാസം പ്രായമുള്ള എലിജയെയും ദത്തെടുക്കാൻ ശ്രമിക്കുകയാണ്. "സഹോദരി എവിടെ ചെന്നാലും എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്ന വ്യക്തിയായിരുന്നു. അവളുടെ സ്നേഹവും കരുണയും ഞങ്ങൾ ഒരിക്കലും മറക്കില്ല," മാഡിസൺ പറഞ്ഞു. നിലവിൽ കുട്ടികൾ ജെസി ജോൺസിന്റെ അമ്മയുടെ സംരക്ഷണത്തിലാണ്. എന്നാൽ കുട്ടികളെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുവരാൻ മാഡിസണും പിതാവും ഫ്ലോറിഡയിലേക്ക് പോകാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ നിയമനടപടികൾക്ക് വലിയ തടസങ്ങളുണ്ട്. കുട്ടികൾക്ക് അമേരിക്കയിൽ ജനന സർട്ടിഫിക്കറ്റോ സോഷ്യൽ സെക്യൂരിറ്റി നമ്പറോ ഇല്ലാത്തതിനാൽ കസ്റ്റഡി നടപടികൾ ആരംഭിക്കാനും ബുദ്ധിമുട്ടാണ്. ഈ നിയമപോരാട്ടത്തിന് ആവശ്യമായ ചെലവുകൾ കണ്ടെത്താൻ ബൗളർ കുടുംബം പൊതുജനങ്ങളിൽ നിന്ന് സാമ്പത്തിക സഹായവും അഭ്യർഥിച്ചിട്ടുണ്ട്.