

ഓസ്‌ട്രേലിയയിലെ പ്രമുഖ ഡിപ്പാർട്ട്‌മെന്റ് സ്റ്റോർ ശൃംഖലയായ ഡേവിഡ് ജോൺസ് ആദ്യഘട്ടത്തിൽ 1,500ലധികം ജീവനക്കാരെ പിരിച്ചുവിടുന്നു. സാമ്പത്തിക പ്രതിസന്ധിയിലായ കമ്പനി 19 സ്റ്റോറുകൾ അടച്ചുപൂട്ടാനുള്ള നടപടികളുമായി മുന്നോട്ടുപോകുന്നതിനിടെയാണ് തൊഴിൽ വെട്ടിക്കുറയ്ക്കൽ. ആദ്യഘട്ടത്തിൽ ജോലി നഷ്ടപ്പെടാൻ സാധ്യതയുള്ള 1,689 ജീവനക്കാരിൽ 170 പേർക്ക് മാത്രമാണ് കമ്പനിയുടെ മറ്റ് സ്റ്റോറുകളിൽ ജോലി പുനർവിന്യസിക്കാനുള്ള അവസരം ലഭിക്കുക. ഇത് പത്തിൽ ഒരാൾക്ക് പോലും താഴെയാണെന്ന് ഷോപ്പ്, ഡിസ്ട്രിബ്യൂട്ടീവ് ആൻഡ് അലൈഡ് എംപ്ലോയീസ് അസോസിയേഷൻ (എസ്ഡിഎ) വ്യക്തമാക്കി. മറ്റ് റീട്ടെയിൽ സ്ഥാപനങ്ങളുമായി ചർച്ച നടത്തി ജോലി നഷ്ടപ്പെടുന്ന ജീവനക്കാർക്ക് പുതിയ തൊഴിലവസരങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയാണെന്ന് എസ്ഡിഎ ന്യൂ സൗത്ത് വെയിൽസ് സെക്രട്ടറി ബെർണി സ്മിത്ത് പറഞ്ഞു. നിരവധി സ്ഥാപനങ്ങൾ ഡേവിഡ് ജോൺസിലെ പരിചയസമ്പന്നരായ ജീവനക്കാരെ നിയമിക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
188 വർഷത്തെ പാരമ്പര്യമുള്ള ഡേവിഡ് ജോൺസ് തങ്ങളുടെ 38 സ്റ്റോറുകളിൽ 19 എണ്ണം അടച്ചുപൂട്ടുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ സ്റ്റോറുകൾ വർഷാവസാനത്തോടെ പ്രവർത്തനം അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്റ്റോറുകൾ അടച്ചുപൂട്ടുന്നതോടെ 4,000ത്തിലധികം ജീവനക്കാരെ ബാധിക്കാനിടയുണ്ടെന്നും ആശങ്കയുണ്ട്. നവംബർ അഞ്ചിനാണ് ഉടമസ്ഥരായ ആങ്കറേജ് ക്യാപിറ്റൽ പാർട്‌ണേഴ്‌സ് കമ്പനിയെ സ്വമേധയാ ഭരണനടപടികൾക്ക് (Voluntary Administration) വിധേയമാക്കിയത്. കമ്പനിയെ ഏറ്റെടുക്കാൻ പുതിയ നിക്ഷേപകരെയോ സാമ്പത്തിക സഹായമോ കണ്ടെത്താനുള്ള ചുമതല അഡ്മിനിസ്ട്രേറ്റർമാർക്കാണ്.
ആദ്യ കടക്കാരുടെ യോഗത്തിൽ പുറത്തുവന്ന കണക്കുകൾ പ്രകാരം കമ്പനിയുടെ ആകെ ബാധ്യത 459 മില്യൺ ഡോളറാണ്. ഇതിൽ 940 വിതരണക്കാർക്കും വായ്പാദാതാക്കൾക്കുമായി 180 മില്യൺ ഡോളറും 6,242 ജീവനക്കാർക്കായി 11 മില്യൺ ഡോളറും നൽകാനുണ്ട്. ഏകദേശം 8.02 ലക്ഷം ഗിഫ്റ്റ് കാർഡ് ഉടമകൾക്കുള്ള ബാധ്യത 33 മില്യൺ ഡോളറാണ്. ബ്രിട്ടീഷ് വായ്പാദാതാവായ ഹിൽകോ ക്യാപിറ്റലിന് 155 മില്യൺ ഡോളറും സിഡ്‌നി ആസ്ഥാനമായ ആങ്കറേജ് ക്യാപിറ്റൽ പാർട്‌ണേഴ്‌സിന് 80 മില്യൺ ഡോളറും ഡേവിഡ് ജോൺസ് നൽകാനുണ്ട്. പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ജീവനക്കാരോട് ഉപഭോക്താക്കൾ കരുണയോടെയും സഹാനുഭൂതിയോടെയും പെരുമാറണമെന്ന് എസ്ഡിഎ അഭ്യർഥിച്ചു.