

വിക്ടോറിയ സംസ്ഥാന തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ആദ്യ നാല് കക്ഷി നേതൃസംവാദത്തിൽ വൺ നേഷൻ പാർട്ടിയുടെ നിലപാടും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയും വിദ്യാഭ്യാസവും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നേതാക്കൾ തമ്മിൽ രൂക്ഷമായ വാഗ്വാദം. നവംബർ 28നാണ് വിക്ടോറിയയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. പ്രധാനമന്ത്രി ബെൻ കരോൾ, പ്രതിപക്ഷ നേതാവ് ജെസ് വിൽസൺ, വൺ നേഷൻ വിക്ടോറിയ നേതാവ് വാറൻ പിക്കറിംഗ്, ഗ്രീൻസ് നേതാവ് എലൻ സാൻഡൽ എന്നിവരാണ് സംവാദത്തിൽ പങ്കെടുത്തത്. ന്യൂസ്24 ചീഫ് ന്യൂസ് ആങ്കർ കീറൻ ഗിൽബെർട്ടിന്റെ നേതൃത്വത്തിൽ ഹെറാൾഡ് സണ്ണുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
വൺ നേഷൻ പാർട്ടി അധികാരത്തിലെത്താൻ ആവശ്യമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യമുണ്ടായാൽ ജെസ് വിൽസന്റെ നേതൃത്വത്തിലുള്ള ന്യൂനപക്ഷ സർക്കാരിന് പിന്തുണ നൽകുമോ എന്ന ചോദ്യത്തിന് പിക്കറിംഗ് വ്യക്തമായ മറുപടി നൽകിയില്ല. സ്വന്തം നിലയിൽ സർക്കാർ രൂപീകരിക്കാനാണ് പാർട്ടിയുടെ ലക്ഷ്യമെന്നും അടുത്ത 10 മുതൽ 12 ദിവസങ്ങൾക്കുള്ളിൽ നിരവധി മാറ്റങ്ങൾ സംഭവിക്കാമെന്നും അദ്ദേഹം പറഞ്ഞു. മുൻ പ്രധാനമന്ത്രി ഡാനിയൽ ആൻഡ്രൂസിന്റെ പേര് പരാമർശിക്കാൻ കരോൾ മടിക്കുന്നുവെന്ന് വിൽസൺ വിമർശിച്ചു. ആൻഡ്രൂസിന്റെയും മുൻ പ്രധാനമന്ത്രി ജസീന്ത അലന്റെയും ഭരണപാരമ്പര്യത്തിൽ കരോളിന് നാണക്കേടുണ്ടെന്നും അവരുടെ പേരുകൾ പോലും പറയാൻ കഴിയുന്നില്ലെന്നും അവർ ആരോപിച്ചു. എന്നാൽ അവരുടെ പേരുകൾ പറയാൻ തനിക്ക് കഴിയുമെന്ന് കരോൾ മറുപടി നൽകി. എന്നിട്ടും ഡാനിയൽ ആൻഡ്രൂസിന്റെ പേര് അദ്ദേഹം പരാമർശിച്ചില്ല.
സർക്കാരിലുള്ള വിശ്വാസം ചർച്ചയായി
രാഷ്ട്രീയക്കാരിലുള്ള വിശ്വാസക്കുറവ് സംവാദത്തിൽ പങ്കെടുത്ത വോട്ടർമാരിലൊരാളായ ബില്ലി ഉന്നയിച്ചു. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ സുതാര്യതയും ഉത്തരവാദിത്തവും എങ്ങനെ ഉറപ്പാക്കുമെന്ന് അദ്ദേഹം നേതാക്കളോട് ചോദിച്ചു. വോട്ടർമാർ രാഷ്ട്രീയക്കാരുടെ വാഗ്ദാനങ്ങളും പിന്നീട് സ്വീകരിക്കുന്ന നടപടികളും തമ്മിലുള്ള വ്യത്യാസത്തിൽ മടുത്തിരിക്കുകയാണെന്ന് വിൽസൺ പറഞ്ഞു. അധികാരത്തിലെത്തിയാൽ ബജറ്റ് സുതാര്യതാ ചാർട്ടറും പൊതുചെലവുകൾ നിരീക്ഷിക്കാനുള്ള സംവിധാനവും നിയമമാക്കുമെന്നും അവർ വാഗ്ദാനം ചെയ്തു.
നിർമാണ മേഖലയിലെ അഴിമതി ആരോപണങ്ങൾ അന്വേഷിക്കാൻ റോയൽ കമ്മീഷൻ പ്രഖ്യാപിച്ച നടപടി ചൂണ്ടിക്കാട്ടിയ കരോൾ, പ്രശ്നങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാതെ നേരിടാനാണ് തീരുമാനിച്ചതെന്ന് പറഞ്ഞു. എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ, ഹോട്ടൽ ക്വാറന്റൈൻ, സബർബൻ റെയിൽ ലൂപ്പ് പദ്ധതി തുടങ്ങിയ വിഷയങ്ങളിലെ തീരുമാനങ്ങൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടണമെന്നും പിക്കറിംഗ് ആവശ്യപ്പെട്ടു. പ്രധാന രാഷ്ട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന കോർപ്പറേറ്റ് സംഭാവനകളെയും ഗ്രീൻസ് നേതാവ് എലൻ സാൻഡൽ വിമർശിച്ചു. വസ്തു വികസന കമ്പനികളിൽ നിന്നും ചൂതാട്ട വ്യവസായത്തിൽ നിന്നും ലഭിക്കുന്ന സംഭാവനകൾ നിരോധിക്കണമെന്നാണ് ഗ്രീൻസിന്റെ നിലപാടെന്നും അവർ പറഞ്ഞു.
നെറ്റ് സീറോയും ഊർജ നയവും
ഓസ്ട്രേലിയയുടെ നെറ്റ് സീറോ ലക്ഷ്യങ്ങളോടുള്ള നിലപാടിൽ നിന്ന് സഖ്യകക്ഷികൾ പിന്നോട്ടുപോയിട്ടില്ലേയെന്ന് പിക്കറിംഗ് വിൽസണോട് ചോദിച്ചു. എന്നാൽ സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം നേരിടാൻ ലേബർ സർക്കാരിന് പദ്ധതിയില്ലെന്നായിരുന്നു വിൽസന്റെ മറുപടി. ഗ്യാസ് പര്യവേക്ഷണത്തിന് അനുമതി നൽകുകയും ലേബർ സർക്കാർ കൊണ്ടുവന്ന ഗ്യാസ് നിരോധനം പിൻവലിക്കുകയും ചെയ്യുമെന്ന് അവർ പറഞ്ഞു. താൻ പ്രധാനമന്ത്രിയായാൽ 60 ദിവസത്തിനുള്ളിൽ പര്യവേക്ഷണത്തിനുള്ള അപേക്ഷകൾ മേശപ്പുറത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും വിൽസൺ വ്യക്തമാക്കി.
കടവും ബജറ്റും തർക്കവിഷയം
സംസ്ഥാനത്തിന്റെ കടബാധ്യത സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി, സബർബൻ റെയിൽ ലൂപ്പ് പദ്ധതിയിൽ രണ്ട് ബില്യൺ ഡോളർ ലാഭിക്കുകയും ചില ലെവൽ ക്രോസിങ് പദ്ധതികൾ വൈകിപ്പിക്കുകയും റോഡുകളിലെ കുഴികൾ നികത്തുകയും ചെയ്തതായി കരോൾ പറഞ്ഞു. വേഗത്തിലുള്ള ചെലവുചുരുക്കൽ സംസ്ഥാനത്തെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സംസ്ഥാനത്തിന്റെ കടം അടുത്ത നാല് വർഷത്തിനുള്ളിൽ ഏകദേശം 200 ബില്യൺ ഡോളറിലെത്തുമെന്നാണ് വിൽസന്റെ വാദം. 2032ഓടെ ബജറ്റ് മിച്ചത്തിലാക്കുമെന്നും അവർ വാഗ്ദാനം ചെയ്തു. ഓരോ മണിക്കൂറിലും ഒരു മില്യൺ ഡോളറിലധികം പലിശയിനത്തിൽ ചെലവാകുന്നത് വിദ്യാഭ്യാസം, ആരോഗ്യം, പൊലീസ് തുടങ്ങിയ മേഖലകളിലെ നിക്ഷേപത്തെ ബാധിക്കുന്നുവെന്നും അവർ പറഞ്ഞു.
വിദ്യാഭ്യാസത്തിലും വാഗ്വാദം
വിദ്യാഭ്യാസ മേഖലയിലെ ഫണ്ടിങ് വെട്ടിക്കുറച്ചെന്ന ആരോപണത്തിൽ കരോളും വിൽസണും ഏറ്റുമുട്ടി. പൊതുവിദ്യാലയങ്ങളിൽ നിന്ന് 2.4 ബില്യൺ ഡോളറും സ്വതന്ത്ര, കത്തോലിക്കാ പ്രൈമറി സ്കൂളുകളിൽ നിന്ന് 200 മില്യൺ ഡോളറും വെട്ടിക്കുറച്ചതായി വിൽസൺ ആരോപിച്ചു. എന്നാൽ സ്കൂളുകളിൽ റെക്കോർഡ് നിക്ഷേപമാണ് സർക്കാർ നടത്തിയതെന്ന് കരോൾ മറുപടി നൽകി. ആരോഗ്യരംഗത്ത് എല്ലാവർക്കും സൗജന്യ ദന്തചികിത്സ, ശസ്ത്രക്രിയയ്ക്കുള്ള കാത്തിരിപ്പ് സമയം കുറയ്ക്കൽ, റോഡ് അറ്റകുറ്റപ്പണികൾ സർക്കാർ നിയന്ത്രണത്തിലാക്കൽ, ടോൾ നിരക്കുകൾ ആഴ്ചയിൽ 30 ഡോളറായി പരിമിതപ്പെടുത്തൽ തുടങ്ങിയ വാഗ്ദാനങ്ങളും കരോൾ മുന്നോട്ടുവച്ചു.
വിക്ടോറിയയിൽ പുതിയൊരു തുടക്കം ആവശ്യമാണെന്ന് പ്രതിപക്ഷ നേതാവ് ജെസ് വിൽസൺ പറഞ്ഞു. അതേസമയം, പ്രധാന പാർട്ടികളിൽ ജനങ്ങൾക്കുള്ള അതൃപ്തിയാണ് ഗ്രീൻസിന്റെ പിന്തുണ വർധിക്കാൻ കാരണമെന്ന് എലൻ സാൻഡൽ അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നിർണായക ഘട്ടത്തിലാണ് സംവാദം നടന്നത്. ഓസ്ട്രേലിയൻ ഫിനാൻഷ്യൽ റിവ്യൂ കഴിഞ്ഞയാഴ്ച പുറത്തുവിട്ട സർവേയിൽ പ്രാഥമിക വോട്ടിൽ ലേബർ 23 ശതമാനവും വൺ നേഷൻ 22 ശതമാനവും സഖ്യകക്ഷികൾ 31 ശതമാനവും നേടി. രണ്ട് കക്ഷികൾ തമ്മിലുള്ള മുൻഗണനാ വോട്ടിൽ സഖ്യകക്ഷികൾ 57–43 എന്ന നിലയിൽ ലേബറിനെക്കാൾ മുന്നിലായിരുന്നു.