

ഔഷധ ആവശ്യങ്ങൾക്കായി മെഡിക്കൽ കാനബിസ് ഉപയോഗിക്കുന്ന ഡ്രൈവർമാർക്ക് ഇളവ് നൽകുന്ന ന്യൂ സൗത്ത് വെയിൽസ് (NSW) സർക്കാരിന്റെ പുതിയ ഡ്രഗ്-ഡ്രൈവിംഗ് നിയമത്തിനെതിരെ പ്രമുഖ ട്രോമ വിദഗ്ധരും ആശുപത്രി മേധാവികളും രംഗത്ത്. നിർദിഷ്ട അളവിൽ THC കണ്ടെത്തിയാലും ചില സാഹചര്യങ്ങളിൽ ശിക്ഷ ഒഴിവാക്കുന്ന നിയമം റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് അവർ മുന്നറിയിപ്പ് നൽകി.
പുതിയ നിയമപ്രകാരം, രജിസ്റ്റർ ചെയ്ത മെഡിക്കൽ കാനബിസ് ഉപയോക്താക്കൾക്ക് റോഡ്സൈഡ് പരിശോധനയിൽ THC കണ്ടെത്തിയാലും, അത് നിശ്ചിത പരിധിയായ 50 നാനോഗ്രാം/മില്ലിലിറ്ററിന് താഴെയാണെങ്കിൽ ആദ്യ രണ്ട് തവണ കുറ്റക്കാരായി കണക്കാക്കില്ല. എന്നാൽ 24 മണിക്കൂർ വാഹനം ഓടിക്കുന്നതിൽ നിന്ന് വിലക്ക് തുടരും. മൂന്നാം തവണ നിയമലംഘനം കണ്ടെത്തിയാൽ പിഴയും ലൈസൻസ് സസ്പെൻഷനും നേരിടേണ്ടിവരും. ഈ THC പരിധിക്ക് ശാസ്ത്രീയ അടിസ്ഥാനമില്ലെന്നും ലോകത്തെ പ്രധാന മെഡിക്കൽ സംഘടനകളൊന്നും ഇതിനെ അംഗീകരിച്ചിട്ടില്ലെന്നും വിദഗ്ധർ സംയുക്ത കത്തിൽ ചൂണ്ടിക്കാട്ടി. സർക്കാരിനോട് പദ്ധതി പുനഃപരിശോധിക്കാനും റോഡ് സുരക്ഷാ വിദഗ്ധരുമായി കൂടുതൽ കൂടിയാലോചന നടത്താനും അവർ ആവശ്യപ്പെട്ടു.
അതേസമയം, നിലവിലെ നിയമങ്ങൾ മെഡിക്കൽ കാനബിസ് നിയമാനുസൃതമായി ഉപയോഗിക്കുന്ന രോഗികളെ അന്യായമായി ശിക്ഷിക്കുന്നുവെന്നാണ് സർക്കാരിന്റെയും കാനബിസ് അനുകൂല പ്രവർത്തകരുടെയും വാദം. മരുന്ന് ഉപയോഗിച്ച ശേഷമുള്ള ദീർഘകാലം THC ശരീരത്തിൽ കണ്ടെത്താനാകുമെങ്കിലും, അതുകൊണ്ട് ഡ്രൈവർ നിർബന്ധമായും മയക്കത്തിലാണെന്ന് അർഥമില്ലെന്നാണ് അവരുടെ നിലപാട്. NSW പ്രീമിയർ Chris Minns നിയമം ജാഗ്രതയോടെയാണ് നടപ്പാക്കുന്നതെന്നും ഒരു വർഷത്തിന് ശേഷം സമഗ്ര അവലോകനം നടത്തുമെന്നും വ്യക്തമാക്കി. റോഡ് സുരക്ഷയാണ് സർക്കാരിന്റെ പ്രധാന പരിഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.