ബുക്കിംഗ് ഡോട്ട് കോമിനെതിരെ പരാതിപ്രളയം; ഉപഭോക്താക്കളെ വലച്ച് 'ഉത്തരവാദിത്തമില്ലായ്മ'

കഴിഞ്ഞ രണ്ട് വർഷത്തിനിടെ ന്യൂ സൗത്ത് വെയ്‌ൽസ് ഫെയർ ട്രേഡിംഗിൽ (Fair Trading) മാത്രം 558 പരാതികളാണ് കമ്പനിക്കെതിരെ ലഭിച്ചത്.
Booking.com
Booking.comBooking.com
Published on

സിഡ്‌നി: ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ ട്രാവൽ ഏജൻസികളിലൊന്നായ Booking.com-നെതിരെ ഓസ്‌ട്രേലിയയിൽ പരാതികൾ കുമിഞ്ഞുകൂടുന്നു. ഹോട്ടൽ ബുക്കിംഗുകളിലെ തട്ടിപ്പുകൾ, റീഫണ്ട് നൽകുന്നതിലെ കാലതാമസം, മോശം ഉപഭോക്തൃ സേവനം എന്നിവയാണ് പ്രധാന പരാതികൾ. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ന്യൂ സൗത്ത് വെയ്‌ൽസ് ഫെയർ ട്രേഡിംഗിൽ (Fair Trading) മാത്രം 558 പരാതികളാണ് കമ്പനിക്കെതിരെ ലഭിച്ചത്. സമാനമായ പരാതികൾ മറ്റ് സംസ്ഥാനങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

സിഡ്‌നിയിലെ ജോയ്‌സ് സാങ് എന്ന ഉടമയുടെ വീട്ടിൽ നടന്ന ഒരു പാർട്ടി കനത്ത നാശനഷ്ടങ്ങൾ വരുത്തിയതാണ് ഇതിൽ ഏറ്റവും പുതിയ സംഭവം. ക്രിസ്മസ് സമയത്ത് ബുക്കിംഗ് ഡോട്ട് കോം വഴി വീട് വാടകയ്‌ക്കെടുത്തവർ നിയമങ്ങൾ ലംഘിച്ച് 200 ഓളം പേരെ പങ്കെടുപ്പിച്ച് പാർട്ടി നടത്തുകയും 27,000 ഡോളറിലധികം രൂപയുടെ നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു. ബുക്കിംഗ് നടത്തുന്നവരുടെ തിരിച്ചറിയൽ രേഖകൾ കൃത്യമായി പരിശോധിക്കുന്നതിൽ കമ്പനി പരാജയപ്പെട്ടുവെന്ന് സാങ് ആരോപിക്കുന്നു. ആദ്യം നഷ്ടപരിഹാരം നൽകാൻ വിസമ്മതിച്ച കമ്പനി, മാധ്യമങ്ങൾ ഇടപെട്ടതോടെ നിലപാട് മാറ്റുകയായിരുന്നു.

ജപ്പാനിൽ വെച്ച് അപകടത്തിൽപ്പെട്ട് ശസ്ത്രക്രിയയ്ക്ക് വിധേയയായ ലെസ്ലി ഡോഡ് എന്ന യാത്രക്കാരിയുടെ അനുഭവവും സമാനമാണ്. ആശുപത്രിയിലായതിനാൽ താമസം റദ്ദാക്കേണ്ടി വന്ന ഇവർക്ക് 2,000 ഡോളറോളം രൂപ തിരികെ നൽകാൻ കമ്പനി തയ്യാറായില്ല. മനുഷ്യർക്ക് പകരം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള ചാറ്റ്ബോട്ടുകളാണ് (Chatbots) മറുപടി നൽകുന്നതെന്നും യഥാർത്ഥത്തിൽ സഹായിക്കാൻ ആരുമില്ലെന്നും ഇവർ പരാതിപ്പെടുന്നു. ഉപഭോക്താക്കൾ പരാതിയുമായി ചെല്ലുമ്പോൾ ഹോട്ടലുകാരെയും, ഹോട്ടലുകാർ ബുക്കിംഗ് സൈറ്റിനെയും കുറ്റം പറയുന്ന ഒരു 'ഉത്തരവാദിത്ത ലൂപ്പിൽ' (Responsibility loop) ജനങ്ങൾ കുടുങ്ങിക്കിടക്കുകയാണെന്ന് ഫെയർ ട്രേഡിംഗ് കമ്മീഷണർ നടാഷ മാൻ പറഞ്ഞു.

നെതർലൻഡ്‌സിലും ബുക്കിംഗ് ഡോട്ട് കോമിനെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. ഹോട്ടലുകളെ സ്വന്തം വെബ്‌സൈറ്റുകളിൽ കുറഞ്ഞ നിരക്ക് നൽകുന്നതിൽ നിന്ന് വിലക്കി വിലക്കയറ്റം ഉണ്ടാക്കിയെന്നാരോപിച്ച് ഒരു ബില്യൺ യൂറോയുടെ നഷ്ടപരിഹാരക്കേസാണ് കമ്പനി നേരിടുന്നത്. മിഡിൽ ഈസ്റ്റ് യുദ്ധം കാരണം യാത്രകൾ മാറ്റിവെക്കേണ്ടി വരുന്ന സാഹചര്യത്തിൽ, ബുക്കിംഗ് നടത്തുന്നതിന് മുൻപ് നിബന്ധനകൾ (Terms and Conditions) കൃത്യമായി വായിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

Related Stories

No stories found.
Metro Australia
maustralia.com.au