

ഓസ്ട്രേലിയൻ ബജറ്റ് എയർലൈൻ കമ്പനിയായ ജെറ്റ്സ്റ്റാർ എയർവേയ്സ് രണ്ട് അന്തർദേശീയ റൂട്ടുകൾ റദ്ദാക്കിയതിന് പിന്നാലെ, രാജ്യത്ത് കൂടുതൽ വിമാന സർവീസുകൾ കുറയ്ക്കേണ്ട സാഹചര്യം ഉണ്ടാകാമെന്ന് വ്യോമയാന മേഖല മുന്നറിയിപ്പ് നൽകി. ഒക്ടോബർ മുതൽ ഓക്‌ലൻഡ്–സൺഷൈൻ കോസ്റ്റ് റൂട്ടും ക്രൈസ്റ്റ്‌ചർച്ച്–കെയിൻസ് റൂട്ടും ജെറ്റ്‌സ്റ്റാർ നിർത്തലാക്കും. യാത്രക്കാരുടെ കുറവും ഇന്ധനച്ചെലവും മറ്റ് പ്രവർത്തനച്ചെലവുകളും കുത്തനെ ഉയർന്നതുമാണ് ഈ തീരുമാനത്തിന് കാരണമായി കമ്പനി ചൂണ്ടിക്കാട്ടുന്നത്. അതേസമയം, ക്രൈസ്റ്റ്‌ചർച്ച്–സിഡ്നി സർവീസ് വീണ്ടും ആരംഭിക്കുമെന്നും ജെറ്റ്‌സ്റ്റാർ അറിയിച്ചു.
വ്യോമയാന വ്യവസായ സംഘടനയായ Airlines for Australia and New Zealand (A4ANZ)യുടെ ചെയർമാൻ ഗ്രേം സാമുവൽ, സർക്കാർ ചുമത്തുന്ന നികുതികളും ഫീസുകളും സുരക്ഷാ ചെലവുകളും വർധിച്ചതാണ് വിമാനക്കമ്പനികളെ സർവീസുകൾ വെട്ടിക്കുറയ്ക്കാൻ നിർബന്ധിതരാക്കുന്നതെന്ന് പറഞ്ഞു. ഈ അധിക ചെലവുകൾ ഒടുവിൽ യാത്രക്കാരുടെ മേൽ തന്നെ ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. യാത്രക്കാരിൽ നിന്ന് ഈടാക്കുന്ന Passenger Movement Charge 70 ഡോളറിൽ നിന്ന് 80 ഡോളറാക്കി ഉയർത്താനുള്ള നീക്കം, വിമാന ജീവനക്കാരുടെ സുരക്ഷാ ക്ലിയറൻസ് ഫീസ് വർധന, എയർ ട്രാഫിക് നിയന്ത്രണ ചെലവുകൾ എന്നിവയും കമ്പനികൾക്ക് അധിക സാമ്പത്തികഭാരമാകുന്നുവെന്നാണ് വ്യവസായ സംഘടനകളുടെ പരാതി.
ഇതിനിടെ, മിഡിൽ ഈസ്റ്റ് സംഘർഷത്തെ തുടർന്ന് ജെറ്റ് ഇന്ധനവില കുത്തനെ ഉയർന്നതും വിമാനക്കമ്പനികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇന്ധനച്ചെലവ് വർധിച്ചതോടെ ഓസ്ട്രേലിയയിലെ മറ്റ് എയർലൈൻ കമ്പനികളും സർവീസുകൾ കുറയ്ക്കുകയും ടിക്കറ്റ് നിരക്കുകൾ ഉയർത്തുകയും ചെയ്തിട്ടുണ്ട്. വ്യോമയാന വിദഗ്ധർ പറയുന്നതനുസരിച്ച്, ചെലവുകൾ ഇനിയും ഉയരുകയാണെങ്കിൽ കൂടുതൽ റൂട്ടുകൾ റദ്ദാക്കാനും വിമാന നിരക്കുകൾ വർധിപ്പിക്കാനും സാധ്യതയുണ്ട്. പ്രത്യേകിച്ച് പ്രാദേശികവും കുറഞ്ഞ യാത്രക്കാരുള്ളതുമായ റൂട്ടുകളാണ് കൂടുതൽ അപകടസാധ്യത നേരിടുന്നത്.