ടെലിഹെൽത്ത് സ്ഥാപനമായ Updoc-ൽ ഡാറ്റ ചോർച്ച

"അനധികൃത പ്രവേശനം കണ്ടെത്തിയ ഉടൻ തന്നെ അത് തടയുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. ആദ്യ സംഭവത്തിന് ശേഷം വീണ്ടും അനധികൃത പ്രവേശനം നടന്നതായി തെളിവുകളില്ല," എന്നാണ് കമ്പനി വ്യക്തമാക്കിയത്.
ടെലിഹെൽത്ത് സ്ഥാപനമായ Updoc-ൽ ഡാറ്റ ചോർച്ച
(Supplied)
Published on

ഓസ്ട്രേലിയൻ ടെലിഹെൽത്ത് സേവനദാതാക്കളിൽ ഒന്നായ Updoc-ൽ ഡാറ്റാ ചോർച്ച ഉണ്ടായതായി കമ്പനി സ്ഥിരീകരിച്ചു. സംഭവത്തിൽ ചില രോഗികളുടെ വ്യക്തിഗത ബന്ധപ്പെടാനുള്ള വിവരങ്ങൾ മൂന്നാം കക്ഷിക്ക് ലഭിച്ചിരിക്കാമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കമ്പനി ഉപഭോക്താക്കൾക്ക് അയച്ച ഇമെയിലിൽ, പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന ഒരു മൂന്നാം കക്ഷി സംവിധാനത്തിലേക്കുള്ള അനധികൃത പ്രവേശനമാണ് ഡാറ്റാ ചോർച്ചയ്ക്ക് കാരണമായതെന്ന് വ്യക്തമാക്കി.

ചോർന്നിരിക്കാനിടയുള്ള വിവരങ്ങളിൽ പേര്, ഇമെയിൽ വിലാസം, തപാൽ വിലാസം എന്നിവ ഉൾപ്പെടാമെന്ന് Updoc അറിയിച്ചു. എന്നാൽ, കമ്പനിയുടെ സ്വന്തം സിസ്റ്റങ്ങൾ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്നും രോഗികളുടെ ആരോഗ്യ വിവരങ്ങളോ സാമ്പത്തിക വിവരങ്ങളോ ചോർന്നിട്ടില്ലെന്നും കമ്പനി ഉറപ്പുനൽകി. "അനധികൃത പ്രവേശനം കണ്ടെത്തിയ ഉടൻ തന്നെ അത് തടയുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. ആദ്യ സംഭവത്തിന് ശേഷം വീണ്ടും അനധികൃത പ്രവേശനം നടന്നതായി തെളിവുകളില്ല," എന്നാണ് കമ്പനി വ്യക്തമാക്കിയത്. ഉപഭോക്താക്കൾ ഇപ്പോൾ പ്രത്യേക നടപടികളൊന്നും സ്വീകരിക്കേണ്ടതില്ലെന്നും മുൻകരുതലിന്റെ ഭാഗമായാണ് ഈ വിവരം അറിയിക്കുന്നതെന്നും Updoc അറിയിച്ചു. 2021-ൽ സ്ഥാപിതമായ Updoc-ന്റെ വാർഷിക വരുമാനം ഏകദേശം ഒരു കോടി ഓസ്ട്രേലിയൻ ഡോളർ (A$10 million) ആണെന്ന് റിപ്പോർട്ടുകളുണ്ട്.

ജൂലൈ മാസത്തിന് ശേഷം ഓസ്ട്രേലിയൻ കമ്പനികളെ ബാധിക്കുന്ന മൂന്നാമത്തെ വലിയ ഡാറ്റാ ചോർച്ച സംഭവമാണിത്. ഇതിന് മുമ്പ്, Partnered Health എന്ന ആരോഗ്യ സേവന സ്ഥാപനത്തിന്റെ അഞ്ച് സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്ന 21 ക്ലിനിക്കുകളിലെ രോഗികളുടെ ആരോഗ്യവിവരങ്ങൾ സൈബർ ആക്രമണത്തിൽ അപകടത്തിലായതായി സ്ഥിരീകരിച്ചിരുന്നു.തുടർന്ന്, ഊർജ്ജ വിതരണ കമ്പനിയായ Origin Energy-യും സൈബർ ആക്രമണത്തിന് ഇരയായതായി അറിയിച്ചിരുന്നു. ഉപഭോക്താക്കളുടെ ഫോൺ നമ്പറുകൾ, ക്രെഡിറ്റ് കാർഡുകളുടെ അവസാന നാല് അക്കങ്ങൾ, ബാങ്ക് അക്കൗണ്ടുകളുടെ അവസാന മൂന്ന് അക്കങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ചില വ്യക്തിഗത വിവരങ്ങൾ ചോർന്നതായി കമ്പനി സ്ഥിരീകരിച്ചിരുന്നു.

Metro Australia
maustralia.com.au