റോഡിലൂടെ ചീറിപ്പാഞ്ഞ് ഒട്ടകപ്പക്ഷി; പിന്നാലെ കിതച്ചോടി പോലീസുകാരൻ; വൈറലായി ഓസ്‌ട്രേലിയൻ 'എമു ചേസ്'

പറക്കാൻ കഴിയാത്ത ഭീമൻ പക്ഷിയായ എമു തിരക്കേറിയ റോഡിലിറങ്ങി ഗതാഗതക്കുരുക്കും അപകടഭീഷണിയും ഉയർത്തിയതിനെ തുടർന്നാണ് നാട്ടുകാർ പോലീസിനെ വിവരമറിയിച്ചത്.
റോഡിലൂടെ ചീറിപ്പാഞ്ഞ് ഒട്ടകപ്പക്ഷി; പിന്നാലെ കിതച്ചോടി പോലീസുകാരൻ; വൈറലായി ഓസ്‌ട്രേലിയൻ 'എമു ചേസ്'
Published on

സിഡ്‌നി: റോഡിലൂടെ തലങ്ങും വിലങ്ങും ഓടിയ എമു (Emu) പക്ഷിയെ പിടികൂടാൻ പിന്നാലെ പായുന്ന ഓസ്‌ട്രേലിയൻ പോലീസുകാരന്റെ രസകരമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സിഡ്‌നിയിൽ നിന്ന് ഏകദേശം 270 കിലോമീറ്റർ അകലെയുള്ള നഷ്‌ഡെയ്‌ലിലാണ് (Nashdale) സംഭവം. പറക്കാൻ കഴിയാത്ത ഭീമൻ പക്ഷിയായ എമു തിരക്കേറിയ റോഡിലിറങ്ങി ഗതാഗതക്കുരുക്കും അപകടഭീഷണിയും ഉയർത്തിയതിനെ തുടർന്നാണ് നാട്ടുകാർ പോലീസിനെ വിവരമറിയിച്ചത്.

തുടർന്ന് സ്ഥലത്തെത്തിയ യുവ പോലീസ് ഉദ്യോഗസ്ഥൻ പക്ഷിയെ റോഡിൽ നിന്ന് മാറ്റാനായി കാൽനടയായി പിന്നാലെ ഓടുകയായിരുന്നു. എന്നാൽ പരമാവധി വേഗതയെടുത്തിട്ടും എമുവിനെ പിടികൂടാൻ ഉദ്യോഗസ്ഥനായില്ലെങ്കിലും ഒടുവിൽ അതിനെ റോഡിൽ നിന്ന് സുരക്ഷിതമായി മാറ്റാൻ സാധിച്ചു. ന്യൂ സൗത്ത് വെയിൽസ് പോലീസ് ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിൽ പങ്കുവെച്ച ഈ ദൃശ്യങ്ങൾ നിമിഷങ്ങൾക്കകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. 'ഓരോ ദിവസവും പുതിയ അനുഭവങ്ങൾ സമ്മാനിക്കുന്ന കരിയർ ആഗ്രഹിക്കുന്നവർക്ക് റീജിയണൽ പോലീസ് സർവീസിലേക്ക് സ്വാഗതം' എന്ന രസകരമായ അടിക്കുറിപ്പോടെയാണ് പോലീസ് ഈ സംഭവം റിക്രൂട്ട്‌മെന്റ് പ്രചാരണത്തിനായി ഉപയോഗിച്ചത്.

Metro Australia
maustralia.com.au