

കാർഷിക മേഖലകളിൽ ഉപയോഗിക്കുന്ന കീടനാശിനികളും മോട്ടോർ ന്യൂറോൺ രോഗവും (MND) തമ്മിൽ ബന്ധമുണ്ടെന്ന ശക്തമായ സൂചനകളുണ്ടെന്ന് ഓസ്ട്രേലിയയിലെ പ്രമുഖ ഗവേഷകൻ. രോഗത്തിന് നിലവിൽ ചികിത്സയില്ലാത്ത സാഹചര്യത്തിൽ പുതിയ പഠനങ്ങൾ ആശങ്ക ഉയർത്തുന്നതായി ന്യൂറോളജിസ്റ്റും ഗവേഷകനുമായ പ്രൊഫസർ Dominic Rowe പറഞ്ഞു. കീടനാശിനികൾ പ്രാണികളുടെ നാഡീവ്യവസ്ഥയെ നശിപ്പിച്ച് അവയെ കൊല്ലാൻ രൂപകൽപ്പന ചെയ്ത രാസവസ്തുക്കളാണെന്നും മനുഷ്യരിലെ മോട്ടോർ ന്യൂറോണുകളെയും ബാധിക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാർഷിക മേഖലകളുമായി ജനവാസ മേഖലകൾ അടുത്തിരിക്കുന്നതാണ് രോഗസാധ്യത വർധിപ്പിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.
Macquarie University നടത്തിയ പഠനമനുസരിച്ച് ഗ്രാമീണ, പ്രാദേശിക ഓസ്ട്രേലിയൻ മേഖലകളിൽ താമസിക്കുന്നവർക്ക് MND മൂലം മരിക്കാനുള്ള സാധ്യത 40 ശതമാനം കൂടുതലാണ്. Tasmania-യിൽ താമസിക്കുന്നവർക്ക് NSW-നെ അപേക്ഷിച്ച് 40 ശതമാനവും South Australia-യിൽ താമസിക്കുന്നവർക്ക് 20 ശതമാനവും അധിക അപകടസാധ്യതയുണ്ടെന്നും പഠനം കണ്ടെത്തി. കീടനാശിനികളുമായുള്ള തൊഴിൽപരമായ സമ്പർക്കം MND സാധ്യത ഏകദേശം 60 ശതമാനം വർധിപ്പിക്കുന്നതായും ഉയർന്ന തോതിലുള്ള സമ്പർക്കം 2.7 മടങ്ങ് അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതായും BMJ-യിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. Herbicides-നാണ് ഏറ്റവും ശക്തമായ ബന്ധം കണ്ടെത്തിയത്. കർഷകർ, അഗ്നിശമന സേനാംഗങ്ങൾ തുടങ്ങിയ വിഭാഗങ്ങളിൽ രോഗബാധ കൂടുതലായി കണ്ടെത്തിയിട്ടുണ്ട്. ഫുട്ബോൾ കളിക്കാർ, ഗോൾഫ് കളിക്കാർ എന്നിവരിലും രോഗവുമായി ബന്ധപ്പെട്ട ചില കൂട്ടായ്മകൾ പഠനങ്ങളിൽ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
അപൂർവ രോഗമല്ലെന്ന് ഗവേഷകൻ
ഓസ്ട്രേലിയയിൽ നിലവിൽ ഏകദേശം 2,500 പേർ MND-യുമായി ജീവിക്കുന്നുണ്ട്. ഓരോ ഒരു ലക്ഷം ആളുകളിലും ഏകദേശം എട്ട് പേർക്ക് രോഗം ബാധിക്കുന്നതായി കണക്കാക്കുന്നു. 2024-ൽ 787 പേർ MND മൂലം മരിച്ചു. ഈ വർഷം മരണസംഖ്യ ഏകദേശം 800 ആകുമെന്നാണ് പ്രൊഫസർ Rowe-യുടെ കണക്ക്. റോഡ് അപകട മരണങ്ങളെക്കാൾ കുറവല്ലാത്ത ഗൗരവത്തോടെ MND-യെ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ വർഷം സെപ്റ്റംബറിൽ NSW, MND-യെ റിപ്പോർട്ട് ചെയ്യേണ്ട രോഗമായി പ്രഖ്യാപിച്ചു. ഇതോടെ രോഗബാധ സ്ഥിരീകരിക്കുന്ന കേസുകൾ NSW Health-നെ അറിയിക്കാൻ ഡോക്ടർമാർ നിർബന്ധിതരാകും.
രോഗത്തെ നിരീക്ഷിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിലൂടെ പ്രതിരോധ മാർഗങ്ങൾ, മികച്ച ചികിത്സകൾ, ഭാവിയിൽ രോഗശമനം എന്നിവ കണ്ടെത്താനാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രതീക്ഷ. MND ഒരു പുരോഗമന നാഡീവ്യവസ്ഥാ രോഗമാണ്. പേശികളുടെ പ്രവർത്തനം ക്രമേണ തകരാറിലാക്കുകയും നടക്കുക, സംസാരിക്കുക, ശ്വസിക്കുക തുടങ്ങിയ പ്രവർത്തനങ്ങളെ ബാധിക്കുകയും ചെയ്യുന്നു. നിലവിൽ രോഗത്തിന് ചികിത്സയില്ല.