ഓസ്ട്രേലിയയിൽ 'ബിഗ് ഫോർ' അക്കൗണ്ടിംഗ് സ്ഥാപനങ്ങൾക്കെതിരെ കടുത്ത നിയന്ത്രണങ്ങൾ ആലോചനയിൽ

നിലവിലെ സംവിധാനത്തിൽ പങ്കാളിത്ത സ്ഥാപനങ്ങളായി പ്രവർത്തിക്കുന്ന ഈ കമ്പനികളെ ഓസ്ട്രേലിയൻ സെക്യൂരിറ്റീസ് ആൻഡ് ഇൻവെസ്റ്റ്മെന്റ്സ് കമ്മീഷന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കാനും സർക്കാർ ആലോചിക്കുന്നു.
അക്കൗണ്ടിംഗ് സ്ഥാപനങ്ങൾക്കെതിരെ കടുത്ത നിയന്ത്രണങ്ങൾ ആലോചനയിൽ
Published on

ഓസ്ട്രേലിയയിലെ നാല് പ്രമുഖ അക്കൗണ്ടിംഗ് സ്ഥാപനങ്ങളായ Deloitte, EY, KPMG, PwC എന്നിവയ്‌ക്കെതിരെ കൂടുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സർക്കാർ പരിഗണിക്കുന്നു. സമീപകാല വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ട്രഷറി വകുപ്പ് പുതിയ പരിഷ്‌കാര നിർദേശങ്ങൾ പുറത്തിറക്കിയത്. നിലവിലെ സംവിധാനത്തിൽ പങ്കാളിത്ത സ്ഥാപനങ്ങളായി (Partnerships) പ്രവർത്തിക്കുന്ന ഈ കമ്പനികളെ ഓസ്ട്രേലിയൻ സെക്യൂരിറ്റീസ് ആൻഡ് ഇൻവെസ്റ്റ്മെന്റ്സ് കമ്മീഷൻ (ASIC)-ന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കാനും സർക്കാർ ആലോചിക്കുന്നു. നിലവിൽ ഇവ സംസ്ഥാന നിയമങ്ങൾക്കാണ് വിധേയമായിരിക്കുന്നത്.

അക്കൗണ്ടിംഗ് സ്ഥാപനങ്ങൾക്കെതിരെ കടുത്ത നിയന്ത്രണങ്ങൾ ആലോചനയിൽ

ട്രഷറി പുറത്തിറക്കിയ ചർച്ചാപത്രത്തിൽ, അക്കൗണ്ടിംഗ് സ്ഥാപനങ്ങളിലെ പരമാവധി പങ്കാളികളുടെ എണ്ണം 1,000ൽ നിന്ന് 400 ആയി കുറയ്ക്കുക എന്ന നിർദേശവും ഉൾപ്പെടുത്തിയിട്ടുണ്ട്. സമീപകാലത്ത് ചില വലിയ അക്കൗണ്ടിംഗ്, ഓഡിറ്റ്, കൺസൾട്ടിംഗ് സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ നിലവിലെ നിയന്ത്രണ സംവിധാനത്തിലെ പോരായ്മകൾ വെളിപ്പെടുത്തിയതായി അസിസ്റ്റന്റ് ട്രഷറർ ഡാനിയൽ മുലിനോ പറഞ്ഞു. "വലിയ അക്കൗണ്ടിംഗ് സ്ഥാപനങ്ങളുടെ ചില പ്രവർത്തനങ്ങൾ ന്യായസംഗതവും സത്യസന്ധവുമല്ലായിരുന്നു. ഇത് സ്ഥാപനങ്ങളിലുള്ള വിശ്വാസം തകർക്കുകയും വിപണിയുടെ വിശ്വാസ്യതയെക്കുറിച്ച് ആശങ്ക ഉയർത്തുകയും ചെയ്തു," അദ്ദേഹം പറഞ്ഞു.

അക്കൗണ്ടിംഗ് സ്ഥാപനങ്ങൾക്കെതിരെ കടുത്ത നിയന്ത്രണങ്ങൾ ആലോചനയിൽ

2023-ൽ PwC രഹസ്യ സർക്കാർ നികുതി വിവരങ്ങൾ സ്വകാര്യ ക്ലയന്റുകളെ നേടാനായി ഉപയോഗിച്ചെന്ന ആരോപണം വലിയ വിവാദമായിരുന്നു. തുടർന്ന് പാർലമെന്ററി അന്വേഷണങ്ങൾ നിരവധി പരിഷ്‌കാരങ്ങൾ ശുപാർശ ചെയ്തിരുന്നെങ്കിലും അവയിൽ ഭൂരിഭാഗവും ഇതുവരെ നടപ്പാക്കിയിട്ടില്ല. അതേസമയം KPMG യും ഇപ്പോൾ മറ്റൊരു വിവാദം നേരിടുകയാണ്. ഓഡിറ്റ് കരാറുകൾ നേടാനായി രഹസ്യ വിവരങ്ങൾ സാധ്യതയുള്ള ക്ലയന്റുകളുമായി പങ്കുവെച്ചെന്ന വിസിൽബ്ലോവർ ആരോപണമാണ് സ്ഥാപനത്തിനെതിരെ ഉയർന്നിരിക്കുന്നത്. ഇത്തരം വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സർക്കാർ പരിഗണിക്കുന്നത്.

സർക്കാർ ഇതിനായി രണ്ട് പ്രധാന മാതൃകകളാണ് പരിഗണിക്കുന്നത്

  • ഘടനാപരമായ വിഭജനം (Structural Separation): ഓഡിറ്റ് വിഭാഗവും കൺസൾട്ടിംഗ് വിഭാഗവും പൂർണമായും വേർതിരിക്കുക.

  • പ്രവർത്തനപരമായ വിഭജനം (Operational Separation): ഒരേ ക്ലയന്റിന് ഓഡിറ്റ് സേവനവും മറ്റ് കൺസൾട്ടിംഗ് സേവനങ്ങളും ഒരുമിച്ച് നൽകുന്നത് വിലക്കുക.

അക്കൗണ്ടിംഗ് സ്ഥാപനങ്ങൾക്കെതിരെ കടുത്ത നിയന്ത്രണങ്ങൾ ആലോചനയിൽ
( Credit: Taljat David/Shutterstock.com)

അതേസമയം Deloitte ട്രഷറിയുടെ ചർച്ചകളെ സ്വാഗതം ചെയ്യുകയും, മേഖലയിലെ വിശ്വാസം വർധിപ്പിക്കുന്ന നടപടികൾക്ക് സഹകരിക്കുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ EY Oceania സിഇഒ ഡേവിഡ് ലറോക്കയും നിർദേശങ്ങളിലെ പല കാര്യങ്ങളെയും പിന്തുണയ്ക്കുന്നുവെന്നും, മേഖലയിലെ വിശ്വാസം പുനഃസ്ഥാപിക്കുന്നതിൽ സ്ഥാപനങ്ങൾക്ക് പ്രധാന പങ്കുണ്ടെന്നും പറഞ്ഞു. അതേസമയം KPMGയും wCയും പ്രതികരിച്ചിട്ടില്ല. അതേസമയം സർക്കാരിന്റെ നിർദേശങ്ങളെക്കുറിച്ചുള്ള പൊതുജനാഭിപ്രായ ശേഖരണം ഓഗസ്റ്റ് 12 വരെ തുടരും.

Metro Australia
maustralia.com.au