പ്ലേറ്റിലെ മീൻ എവിടെ നിന്നാണ്? ഓസ്‌ട്രേലിയയിലെ ഹോട്ടലുകളിൽ 'സിഫുഡ് ലേബലിങ്' നിയമം കടുത്തു; പിഴ

ഹോട്ടലുകളിലും മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലും വിതരണം ചെയ്യുന്ന റെഡി-ടു-ഈറ്റ് സീഫുഡ് വിഭവങ്ങൾക്ക് ഉത്ഭവ രാജ്യം വ്യക്തമാക്കുന്ന ലേബലിങ് നിയമം ജൂലൈ 1 മുതൽ രാജ്യത്തുടനീളം നിർബന്ധമാക്കി.
പ്ലേറ്റിലെ മീൻ എവിടെ നിന്നാണ്? ഓസ്‌ട്രേലിയയിലെ ഹോട്ടലുകളിൽ 'സിഫുഡ് ലേബലിങ്' നിയമം കടുത്തു;   പിഴ
ABC: Lauren Bohane
Published on

സിഡ്‌നി: ഓസ്‌ട്രേലിയയിലെ റെസ്റ്റോറന്റുകളിലോ പബ്ബുകളിലോ ഇരുന്ന് ഇനി മീൻ വിഭവങ്ങൾ കഴിക്കുമ്പോൾ അത് ഏത് രാജ്യത്ത് നിന്നുള്ളതാണെന്ന് ഉപഭോക്താക്കൾക്ക് കൃത്യമായി മനസ്സിലാക്കാം. ഹോട്ടലുകളിലും മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലും വിതരണം ചെയ്യുന്ന റെഡി-ടു-ഈറ്റ് സീഫുഡ് വിഭവങ്ങൾക്ക് ഉത്ഭവ രാജ്യം വ്യക്തമാക്കുന്ന ലേബലിങ് നിയമം 2026 ജൂലൈ 1 മുതൽ രാജ്യത്തുടനീളം നിർബന്ധമാക്കി. ഉപഭോക്താക്കൾക്ക് കൂടുതൽ സുതാര്യത ഉറപ്പാക്കാനും പ്രാദേശിക മത്സ്യബന്ധന മേഖലയെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് ആൽബനീസ് സർക്കാരിന്റെ ഈ പുതിയ പരിഷ്കാരം.

പുതിയ കൺസ്യൂമർ നിയമപ്രകാരം എല്ലാ ഭക്ഷണശാലകളും തങ്ങളുടെ മെനു ബോർഡുകളിലോ ഡിജിറ്റൽ ആപ്പുകളിലോ ഓരോ സീഫുഡ് ഐറ്റത്തിനും നേരെ 'AIM' മാതൃകയിലുള്ള സൂചകങ്ങൾ രേഖപ്പെടുത്തേണ്ടതുണ്ട്.

A (Australian): ഓസ്‌ട്രേലിയയിൽ നിന്ന് പിടിച്ചതോ വളർത്തിയതോ ആയ മീനുകൾ.

I (Imported): വിദേശ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്തവ.

M (Mixed): ഓസ്‌ട്രേലിയൻ വിഭവങ്ങളും ഇറക്കുമതി ചെയ്തവയും കലർന്ന ഇനങ്ങൾ.

ഹോട്ടലുകൾ, മോട്ടലുകൾ, കാസിനോകൾ, അമ്യൂസ്‌മെന്റ് പാർക്കുകൾ, തട്ടുകടകൾ , സാധാരണ ഫിഷ് ആൻഡ് ചിപ്സ് കടകൾ എന്നിവയ്ക്കെല്ലാം ഈ നിയമം ബാധകമാണ്. കൂടാതെ ഡൈൻ-ഇൻ, ടേക്ക് എവേ, ഹോം ഡെലിവറി എന്നിവയ്ക്കും ഈ ചട്ടം പാലിക്കണം. സൂപ്പർമാർക്കറ്റുകളിൽ 2016 മുതൽ ഈ നിയമം നിലവിലുണ്ടായിരുന്നെങ്കിലും ഹോട്ടൽ രംഗത്ത് ഇതാദ്യമായാണ് നടപ്പിലാക്കുന്നത്. ഇറക്കുമതി ചെയ്ത കുറഞ്ഞ വിലയുള്ള മീനുകൾക്ക് തടയിടാം:ഓസ്‌ട്രേലിയയിൽ ഉപയോഗിക്കുന്ന സീഫുഡിന്റെ മൂന്നിൽ രണ്ട് ഭാഗവും നിലവിൽ വിദേശ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്നതാണ്.

പല പ്രമുഖ ഹോട്ടലുകളിലും ഉപഭോക്താക്കൾ ഓർഡർ ചെയ്യുന്ന വിലകൂടിയ ഓസ്‌ട്രേലിയൻ ബാരാമുണ്ടി (Barramundi), സ്നാപ്പർ മീനുകൾക്ക് പകരം വിയറ്റ്നാമിൽ നിന്നും മറ്റും കുറഞ്ഞ വിലയ്ക്ക് ഇറക്കുമതി ചെയ്യുന്ന വളർത്തു ബാസ (Basa) മീനുകളാണ് വിളമ്പുന്നതെന്ന് മത്സ്യബന്ധന മേഖലയിലുള്ളവർ ദീർഘകാലമായി പരാതിപ്പെടുന്നുണ്ട്. പുതിയ നിയമം വരുന്നതോടെ ഇത്തരം വഞ്ചനകൾക്ക് അറുതിയാകും.പുതിയ ചട്ടപ്രകാരം ഹോട്ടലുടമകൾ തങ്ങൾ വാങ്ങുന്ന കടൽവിഭവങ്ങളുടെ കൃത്യമായ വിവരങ്ങൾ മൂന്ന് മാസത്തേക്ക് സൂക്ഷിച്ചുവെക്കണം. തെറ്റായ വിവരങ്ങൾ നൽകുന്ന സപ്ലയർമാർക്കും സ്ഥാപനങ്ങൾക്കും എതിരെ കടുത്ത നിയമനടപടികൾ ഉണ്ടാകും. ന്യൂ സൗത്ത് വെയ്‌ൽസിൽ (NSW) നിയമലംഘനം നടത്തുന്ന വ്യക്തികൾക്ക് 2.5 മില്യൺ ഡോളർ വരെയും, വാണിജ്യ സ്ഥാപനങ്ങൾക്ക് 50 മില്യൺ ഡോളർ വരെയോ അല്ലെങ്കിൽ മുൻവർഷത്തെ വാർഷിക വിറ്റുവരവിന്റെ 30 ശതമാനമോ പിഴയായി ഈടാക്കാൻ വ്യവസ്ഥയുണ്ട്.

Metro Australia
maustralia.com.au