ചൂതാട്ടം; ഓസ്‌ട്രേലിയയിൽ ഗാർഹിക പീഡനങ്ങളും ഭവനരഹിതരുടെ എണ്ണവും കുതിച്ചുയരുന്നതായി റിപ്പോർട്ട്

ചൂതാട്ട കേന്ദ്രങ്ങൾ വർദ്ധിക്കുന്നത് പ്രദേശത്തെ കുടുംബങ്ങളുടെ സമാധാനം തകർക്കുന്നതിലേക്ക് നയിക്കുന്നുവെന്ന യാഥാർത്ഥ്യമാണ് ഈ പുതിയ പഠനം അടിവരയിടുന്നത്.
australia-household-spending
പോക്കർ മെഷീനുകളും ക്രമസമാധാന തകർച്ചയുംNFT gallery/ Unsplash
Published on

സിഡ്‌നി: ആഗോളതലത്തിൽ ഏറ്റവും കൂടുതൽ പണം ചൂതാട്ടത്തിലൂടെ (Gambling) നഷ്ടപ്പെടുത്തുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഓസ്‌ട്രേലിയ ഒന്നാമതെന്ന് പുതിയ പഠന റിപ്പോർട്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം 32 ബില്യൺ ഡോളറാണ് (ഏകദേശം 1.7 ലക്ഷം കോടിയിലധികം ഇന്ത്യൻ രൂപ) ഓസ്‌ട്രേലിയൻ ജനത ചൂതാട്ടത്തിലൂടെ മാത്രം കളഞ്ഞുതൊലച്ചത്. ഇതോടെ പ്രതിശീർഷ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും വലിയ ചൂതാട്ടക്കാരായി ഓസ്‌ട്രേലിയ മാറി. എന്നാൽ ഈ വിനോദം കേവലം പണം നഷ്ടപ്പെടുത്തുന്നതിൽ ഒതുങ്ങുന്നില്ലെന്നും രാജ്യത്തെ ഗാർഹിക പീഡനങ്ങളും ഭവനരഹിതരാക്കപ്പെടുന്ന അവസ്ഥയും വൻതോതിൽ വർദ്ധിപ്പിക്കുന്നതിന് പിന്നിലെ പ്രധാന കാരണം ഇതാണെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

നിലവിൽ ഓസ്‌ട്രേലിയയിൽ ആളുകൾക്ക് വീട് നഷ്ടപ്പെട്ട് തെരുവുകളിലേക്കോ അഭയകേന്ദ്രങ്ങളിലേക്കോ മാറേണ്ടി വരുന്നതിന്റെ ഏറ്റവും വലിയ കാരണം ഗാർഹിക പീഡനങ്ങളാണ് . അടിയന്തര സഹായം തേടി എത്തുന്ന അഞ്ചിൽ രണ്ട് പേരും (ഏകദേശം 40 ശതമാനം) ഇത്തരത്തിൽ ഗാർഹിക പീഡനം നേരിട്ടവരാണ്; ഇതിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. കുടുംബനാഥന്മാരുടെ ചൂതാട്ട ശീലവും സാമ്പത്തിക ബാധ്യതകളും ഈ പീഡനങ്ങളുടെ ആക്കം കൂട്ടുന്നു.

പോക്കർ മെഷീനുകളും ക്രമസമാധാന തകർച്ചയും:

ന്യൂ സൗത്ത് വെയ്‌ൽസ് (NSW) സർക്കാരിന്റെ ആവശ്യപ്രകാരം ഓസ്‌ട്രേലിയൻ നാഷണൽ യൂണിവേഴ്‌സിറ്റി (ANU) നടത്തിയ സമഗ്ര പഠനത്തിലാണ് ചൂതാട്ടവും ഗാർഹിക പീഡനങ്ങളും തമ്മിലുള്ള ശക്തമായ ബന്ധം കണ്ടെത്തിയത്. പ്രദേശങ്ങളിലെ പോക്കർ മെഷീനുകളുടെ എണ്ണവും പോലീസിൽ രജിസ്റ്റർ ചെയ്യപ്പെടുന്ന ഗാർഹിക പീഡനക്കേസുകളുടെ നിരക്കും തമ്മിൽ നേരിട്ട് ബന്ധമുണ്ടെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. മെട്രോപൊളിറ്റൻ സിഡ്‌നി, നോർത്തേൺ, നോർത്ത്-വെസ്റ്റേൺ എൻ.എസ്.ഡബ്ല്യു എന്നിവിടങ്ങളിലാണ് പോക്കർ മെഷീനുകളുടെ സാന്ദ്രതയും അതോടൊപ്പം ഗാർഹിക പീഡന നിരക്കും ഏറ്റവും ഉയർന്ന നിലയിലുള്ളത്. ചൂതാട്ട കേന്ദ്രങ്ങൾ വർദ്ധിക്കുന്നത് പ്രദേശത്തെ കുടുംബങ്ങളുടെ സമാധാനം തകർക്കുന്നതിലേക്ക് നയിക്കുന്നുവെന്ന യാഥാർത്ഥ്യമാണ് ഈ പുതിയ പഠനം അടിവരയിടുന്നത്.

Metro Australia
maustralia.com.au