പക്ഷിപ്പനി വ്യാപനം തടയാൻ ജിപിഎസ് ട്രാക്കിങ്; 38 മണിക്കൂർ പറന്ന എഗ്രറ്റ് ‌നിരീ​ക്ഷണത്തിൽ

യുറു (Yurru) എന്ന് പേരിട്ട യുവ പ്ലൂംഡ് എഗ്രറ്റിന്റെ ശരീരത്തിൽ പ്രത്യേകമായി രൂപകൽപ്പന ചെയ്ത ഹാർനെസ് ഉപയോഗിച്ചാണ് ഭാരം കുറഞ്ഞ സാറ്റലൈറ്റ് ട്രാക്കർ ഘടിപ്പിച്ചത്.
38 മണിക്കൂർ തുടർച്ചയായി പറന്ന് Egret
അഞ്ച് മാസത്തോളം ഗവേഷകർ പക്ഷിയുടെ സഞ്ചാരം നിരീക്ഷിച്ചു. (Courtesy Image: Heather McGinness / CSIRO)
Published on: 

ഓസ്ട്രേലിയയിൽ ഒരു യുവ കൊക്ക് (Egret) തുടർച്ചയായി 38 മണിക്കൂർ പറന്നത് ഗവേഷകരെ അത്ഭുതപ്പെടുത്തിയിരുന്നു. പക്ഷിയുടെ പുറത്ത് ഘടിപ്പിച്ചിരുന്ന ചെറിയ ജിപിഎസ് ട്രാക്കറിലൂടെയാണ് ഈ അസാധാരണ യാത്ര രേഖപ്പെടുത്തിയത്. വന്യജീവികളുടെ സഞ്ചാരരീതികൾ മനസ്സിലാക്കാനും പക്ഷിപ്പനി വ്യാപനസാധ്യത നിരീക്ഷിക്കാനുമുള്ള വലിയ ശാസ്ത്രീയ പഠനത്തിന്റെ ഭാഗമായാണ് ഇപ്പോൾ ഈ വിവരങ്ങൾ ഉപയോഗിക്കുന്നത്. ഓസ്ട്രേലിയയിലെ ഏറ്റവും വലിയ നദീതട സംവിധാനമായ മുറേ-ഡാർലിങ് ബേസിനിലെ തണ്ണീർത്തടങ്ങളിൽ പക്ഷികളുടെ സഞ്ചാരം നിരീക്ഷിക്കാൻ ശാസ്ത്രജ്ഞർ ജിപിഎസ് ട്രാക്കിങ് സാങ്കേതികവിദ്യ, പക്ഷികളുടെ വിസർജ്യ സാമ്പിളുകൾ, ജനിതക പരിശോധനകൾ എന്നിവ ഉപയോഗിക്കുന്നുണ്ട്. വലിയ തോതിലുള്ള പക്ഷിപ്പനി വ്യാപനം ഉണ്ടാകുന്നതിന് മുമ്പ് രോഗബാധയ്ക്ക് സാധ്യതയുള്ള പക്ഷിസമൂഹങ്ങളെ തിരിച്ചറിയാൻ പഠനം സഹായിക്കുമെന്നാണ് പ്രതീക്ഷ.

38 മണിക്കൂർ നീണ്ട പറക്കൽ

യുറു (Yurru) എന്ന് പേരിട്ട യുവ പ്ലൂംഡ് എഗ്രറ്റിന്റെ ശരീരത്തിൽ പ്രത്യേകമായി രൂപകൽപ്പന ചെയ്ത ഹാർനെസ് ഉപയോഗിച്ചാണ് ഭാരം കുറഞ്ഞ സാറ്റലൈറ്റ് ട്രാക്കർ ഘടിപ്പിച്ചത്. അഞ്ച് മാസത്തോളം ഗവേഷകർ പക്ഷിയുടെ സഞ്ചാരം നിരീക്ഷിച്ചു. ഇതിനിടെ 38 മണിക്കൂർ തുടർച്ചയായി പറന്നത് ശ്രദ്ധേയമായ സംഭവമായി. ഓസ്ട്രേലിയയിലെ 3ജി നെറ്റ്‌വർക്ക് സേവനം അവസാനിപ്പിച്ചതിനെത്തുടർന്നാണ് ട്രാക്കറിൽ നിന്നുള്ള വിവരങ്ങൾ ലഭിക്കുന്നത് നിലച്ചത്. പക്ഷിയെ സ്വാഭാവിക കാരണങ്ങളാൽ നഷ്ടമായതുകൊണ്ടല്ല വിവരവിനിമയം അവസാനിച്ചതെന്ന് ഗവേഷകർ വ്യക്തമാക്കി. ഓസ്ട്രേലിയയുടെ ദേശീയ ശാസ്ത്ര ഗവേഷണ ഏജൻസിയായ CSIROയുടെ നേതൃത്വത്തിലുള്ള പദ്ധതിയിൽ ഏകദേശം ഒരു ദശാബ്ദമായി ജലപക്ഷികളെ നിരീക്ഷിച്ചുവരികയാണ്. നൂറുകണക്കിന് പക്ഷികളെ പഠനവിധേയമാക്കിയിട്ടുണ്ട്. ബെൻജി എന്ന സ്ട്രോ-നെക്ക്ഡ് ഐബിസ് പക്ഷിയിൽ നിന്ന് ഏകദേശം ഒമ്പത് വർഷത്തെ സഞ്ചാരവിവരങ്ങൾ ലഭിച്ചിട്ടുണ്ട്. പക്ഷികൾ എവിടേക്കാണ് സഞ്ചരിക്കുന്നത്, ജലസാഹചര്യങ്ങളിലെ മാറ്റങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു, ഏതെല്ലാം തണ്ണീർത്തടങ്ങളെയാണ് ആശ്രയിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കാൻ ട്രാക്കിങ് സഹായിക്കുന്നതായി CSIRO വ്യക്തമാക്കി.

പക്ഷിപ്പനി വ്യാപനത്തെക്കുറിച്ച് ആശങ്ക

ഓസ്ട്രേലിയയിലെ വന്യജീവികളിൽ അതീവ അപകടകാരിയായ H5 പക്ഷിപ്പനി കണ്ടെത്തിയതോടെ തദ്ദേശീയ പക്ഷിവർഗങ്ങളിലുണ്ടാകാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്ക ഉയർന്നിട്ടുണ്ട്. പ്രത്യേകിച്ച് പ്രജനനകാലത്ത് വലിയ തോതിൽ പക്ഷികൾ ഒത്തുചേരുന്ന മുറേ-ഡാർലിങ് ബേസിനിലാണ് ശാസ്ത്രജ്ഞർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വലിയ പക്ഷിക്കൂട്ടങ്ങൾ രോഗവ്യാപനത്തിന് കൂടുതൽ സാധ്യതയുള്ള സാഹചര്യമുണ്ടാക്കുമെന്ന് CSIROയിലെ പ്രിൻസിപ്പൽ റിസർച്ച് സയന്റിസ്റ്റ് ഹെതർ മക്ഗിന്നസ് മുന്നറിയിപ്പ് നൽകി. പക്ഷികളുടെ സഞ്ചാരരീതികളും അവ ആശ്രയിക്കുന്ന ആവാസവ്യവസ്ഥകളും മനസ്സിലാക്കുന്നതിലൂടെ രോഗവ്യാപന സാധ്യത നേരത്തേ തിരിച്ചറിയാനും വന്യജീവികളെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും കഴിയുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.