മൈക്രോസോഫ്റ്റിൽ പിരിച്ചുവിടൽ; 4,800 ജോലികൾ വെട്ടിക്കുറയ്ക്കുന്നു,ഓസ്‌ട്രേലിയക്ക്‌ തിരിച്ചടി

ഓസ്‌ട്രേലിയയിലെ ആറ് ഓഫീസുകളിലായി ജോലി ചെയ്യുന്ന 3,000-ത്തോളം ജീവനക്കാരിൽ ചിലർക്കും ഈ തൊഴിൽ നഷ്ടം ബാധിക്കുമെന്ന് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
microsoft
വീണ്ടും ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങി ടെക് കമ്പനിയായ മൈക്രോസോഫ്റ്റ്.
Published on

സിഡ്‌നി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ വൻ നിക്ഷേപങ്ങൾക്കിടയിൽ ചെലവ് ചുരുക്കലിന്റെ ഭാഗമായി ആഗോളതലത്തിൽ വീണ്ടും ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങി പ്രമുഖ ടെക് കമ്പനിയായ മൈക്രോസോഫ്റ്റ്. തങ്ങളുടെ ആകെ ആഗോള തൊഴിൽ ശക്തിയുടെ 2.1 ശതമാനം പേരെ (ഏകദേശം 4,800 ജീവനക്കാരെ) കമ്പനി ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയയിലെ ആറ് ഓഫീസുകളിലായി ജോലി ചെയ്യുന്ന 3,000-ത്തോളം ജീവനക്കാരിൽ ചിലർക്കും ഈ തൊഴിൽ നഷ്ടം ബാധിക്കുമെന്ന് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

എഐ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായി ഈ വർഷം മാത്രം ആഗോള ടെക് കമ്പനികൾ 1 ട്രില്യൺ ഡോളറിലധികം വലിയ നിക്ഷേപമാണ് നടത്തുന്നത്. ഇതിന്റെ സാമ്പത്തിക ബാധ്യതകൾ മറികടക്കാനാണ് ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ കമ്പനികൾ നിർബന്ധിതരാകുന്നത്. എന്നാൽ ഈ പിരിച്ചുവിടൽ എഐ സാങ്കേതികവിദ്യ മനുഷ്യന് പകരമായി വന്നത് കൊണ്ടല്ലെന്ന് മൈക്രോസോഫ്റ്റ് ചീഫ് പീപ്പിൾ ഓഫീസർ ആമി കോൾമാൻ ജീവനക്കാർക്കയച്ച കത്തിൽ വ്യക്തമാക്കി. എങ്കിലും തൊഴിൽ രീതികളിൽ എഐ വലിയ മാറ്റങ്ങൾ വരുത്തുന്നുണ്ടെന്ന് അവർ സമ്മതിച്ചു. ആമസോൺ, മെറ്റാ, ഓസ്‌ട്രേലിയൻ കമ്പനിയായ അറ്റ്‌ലാസിയൻ എന്നിവയും ഈ വർഷം ആയിരക്കണക്കിന് ജീവനക്കാരെ ഒഴിവാക്കിയിരുന്നു.

എക്സ്ബോക്സ് ഗെയിമിംഗ് മേഖലയിൽ വൻ അഴിച്ചുപണി:

ഈ പിരിച്ചുവിടലിൽ പകുതിയിലധികവും ബാധിക്കുന്നത് മൈക്രോസോഫ്റ്റിന്റെ പ്രശസ്തമായ എക്സ്ബോക്സ് ഗെയിമിംഗ് ഡിവിഷനെയാണ്. ആക്ടിവിഷൻ ബ്ലിസാർഡ് ഉൾപ്പെടെയുള്ള വൻകിട കമ്പനികളെ കോടിക്കണക്കിന് ഡോളർ നൽകി സ്വന്തമാക്കിയിട്ടും സോണിയുടെ പ്ലേസ്റ്റേഷൻ, നിന്റെൻഡോ എന്നിവയോട് വിപണിയിൽ പിടിച്ചുനിൽക്കാൻ എക്സ്ബോക്സിന് സാധിച്ചിരുന്നില്ല. ഇതേത്തുടർന്ന് ഗെയിമിംഗ് ഡിവിഷനിലെ 3,200 ജോലികൾ വെട്ടിക്കുറയ്ക്കാൻ കമ്പനി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി എക്സ്ബോക്സിന് കീഴിലുള്ള 5 പ്രമുഖ ഗെയിമിംഗ് സ്റ്റുഡിയോകൾ (Compulsion Games, Double Fine Productions, Ninja Theory, Undead Labs) കമ്പനി വിൽക്കുകയോ സ്വതന്ത്രമാക്കുകയോ ചെയ്യും. ഫ്രാൻസ് ആസ്ഥാനമായുള്ള ആർകെയ്ൻ സ്റ്റുഡിയോസിന്റെ കാര്യത്തിൽ യൂണിയനുകളുമായി ചർച്ച തുടരുകയാണ്.

എഐ ഡാറ്റാ സെന്ററുകളുടെ നിർമ്മാണത്തിനായി 190 ബില്യൺ യുഎസ് ഡോളറിന്റെ ഭീമമായ തുകയാണ് 2026 സാമ്പത്തിക വർഷത്തിൽ മൈക്രോസോഫ്റ്റ് മാറ്റിവെച്ചിരിക്കുന്നത്. ഇതിനായി കമ്പ്യൂട്ടർ ചിപ്പുകളുടെ വില വർദ്ധിച്ചതും കമ്പനിയുടെ സാമ്പത്തിക സന്തുലിതാവസ്ഥയെ ബാധിച്ചിട്ടുണ്ട്. കമ്പനിയുടെ വാർഷിക സാമ്പത്തിക കണക്കുകൾ പുറത്തുവരുന്നതിന് തൊട്ടുമുൻപാണ് ഈ ജീവനക്കാരെ വെട്ടിക്കുറയ്ക്കൽ നടപടിയെന്നത് ശ്രദ്ധേയമാണ്.

Metro Australia
maustralia.com.au