

മെൻലോ പാർക്ക് (കാലിഫോർണിയ): 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്കിക്കൊണ്ടുള്ള ഓസ്‌ട്രേലിയൻ സർക്കാരിന്റെ ചരിത്രപരമായ നിയമം പ്രാബല്യത്തിൽ വന്നതോടെ, രാജ്യത്തെ 7,50,000-ത്തിലധികം ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ നീക്കം ചെയ്തതായി മെറ്റ പ്ലാറ്റ്‌ഫോംസ് (Meta) അറിയിച്ചു. കൃത്രിമബുദ്ധി (AI) പ്രയോജനപ്പെടുത്തിയുള്ള സാങ്കേതിക പരിശോധനകളിലൂടെയാണ് ഇത്രയും അക്കൗണ്ടുകൾ കണ്ടെത്തി റദ്ദാക്കിയത്. കഴിഞ്ഞ വർഷം ഡിസംബറിൽ നിയമം നടപ്പിലാക്കുന്നതിന് മുന്നോടിയായി അര മില്യണിലധികം അക്കൗണ്ടുകൾ മെറ്റ താനേ പൂട്ടിച്ചിരുന്നു.
ഇതുവരെ നീക്കം ചെയ്തതിൽ 4,62,000 ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളും 2,94,000 ഫേസ്ബുക്ക് അക്കൗണ്ടുകളും ഉൾപ്പെടുന്നു. കുട്ടികളുടെ മാനസികാരോഗ്യവും സുരക്ഷയും മുൻനിർത്തി ഓസ്‌ട്രേലിയ കൊണ്ടുവന്ന കടുത്ത നിയമത്തിന്റെ തുടർച്ചയായി മറ്റ് പ്രമുഖ പ്ലാറ്റ്‌ഫോമുകളും അക്കൗണ്ടുകൾ നീക്കം ചെയ്യുന്നത് തുടരുകയാണ്. എങ്കിലും, സർക്കാരിന്റെ ഇ-സേഫ്റ്റി (eSafety) റഗുലേറ്റർ നടത്തിയ പഠനത്തിൽ ഇപ്പോഴും ഒരു വിഭാഗം കൗമാരക്കാർ കൃത്യമായ ഏജ് വെരിഫിക്കേഷൻ സിസ്റ്റം ഇല്ലാത്തത് മുതലാക്കി വ്യാജ വിവരങ്ങൾ നൽകി സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് തുടരുന്നതായി ചൂണ്ടിക്കാണിക്കുന്നുണ്ട്