വാർത്താ നികുതി: ലേബർ സർക്കാരിനെതിരെ ആഞ്ഞടിച്ച് മെറ്റാ; അനാവശ്യമെന്ന് ഗൂഗിളും

വാർത്താ സ്ഥാപനങ്ങൾ സ്വന്തം ഇഷ്ടപ്രകാരമാണ് തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ ഉള്ളടക്കം പങ്കുവെക്കുന്നതെന്നും ഇതിന് പണം നൽകണമെന്ന് പറയുന്നത് പ്രായോഗികമല്ലെന്നും കമ്പനി വാദിക്കുന്നു
Meta
Meta
Published on

ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തനത്തെ സംരക്ഷിക്കാൻ എന്ന പേരിൽ സർക്കാർ കൊണ്ടുവന്ന പുതിയ നിയമം ഡിജിറ്റൽ സേവനങ്ങൾക്ക് മേലുള്ള അധിക നികുതിയാണെന്ന് മെറ്റാ വക്താവ് . വാർത്താ സ്ഥാപനങ്ങൾ സ്വന്തം ഇഷ്ടപ്രകാരമാണ് തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ ഉള്ളടക്കം പങ്കുവെക്കുന്നതെന്നും ഇതിന് പണം നൽകണമെന്ന് പറയുന്നത് പ്രായോഗികമല്ലെന്നും കമ്പനി വാദിക്കുന്നു. നിലവിലുള്ള നിയമങ്ങളിലെ പഴുതുകൾ ഉപയോഗിച്ച് മെറ്റാ വാർത്താ ഉള്ളടക്കങ്ങൾ ഒഴിവാക്കാൻ തുടങ്ങിയതോടെയാണ് എല്ലാ വൻകിട പ്ലാറ്റ്‌ഫോമുകളെയും നികുതിയുടെ പരിധിയിൽ കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചത്.

പുതിയ നിർദ്ദേശപ്രകാരം, ഓസ്‌ട്രേലിയയിൽ നിന്ന് 250 മില്യൺ ഡോളറിൽ കൂടുതൽ വരുമാനമുള്ള കമ്പനികൾ തങ്ങളുടെ ആകെ വരുമാനത്തിന്റെ 2.25 ശതമാനം നികുതിയായി നൽകണം. എന്നാൽ മാധ്യമസ്ഥാപനങ്ങളുമായി നേരിട്ട് വാർത്താ കരാറുകളിൽ ഏർപ്പെടുകയാണെങ്കിൽ ഈ നികുതി ബാധ്യത ഒഴിവാക്കാൻ സാധിക്കും. ഗൂഗിൾ നിലവിൽ പല മാധ്യമങ്ങളുമായി കരാറിലുണ്ടെങ്കിലും, പുതിയ നികുതി അനാവശ്യമാണെന്നാണ് അവരുടെയും നിലപാട്. കൂടാതെ മൈക്രോസോഫ്റ്റ്, ഓപ്പൺ എഐ തുടങ്ങിയ കമ്പനികളെ ഈ നികുതിയിൽ നിന്ന് ഒഴിവാക്കിയത് എന്തിനാണെന്നും ഗൂഗിൾ ചോദിക്കുന്നു.

അതേസമയം, ഓസ്‌ട്രേലിയൻ മാധ്യമരംഗത്തിന്റെ ഭാവി സുരക്ഷിതമാക്കാൻ ഈ നീക്കം അത്യാവശ്യമാണെന്ന് എബിസി, ന്യൂസ് കോർപ്പ്, നയൻ എന്റർടൈൻമെന്റ് തുടങ്ങിയ പ്രമുഖ മാധ്യമങ്ങൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ടെക് ഭീമന്മാർ ലാഭമുണ്ടാക്കുന്നത് മാധ്യമങ്ങളുടെ കഠിനാധ്വാനത്തിലൂടെയാണെന്നും അവർ പ്രതിഫലം നൽകാൻ തയ്യാറാകണമെന്നും കമ്മ്യൂണിക്കേഷൻസ് മന്ത്രി അനിക വെൽസ് വ്യക്തമാക്കി. പുതിയ നിയമത്തിലൂടെ ലഭിക്കുന്ന ഏകദേശം 250 മില്യൺ ഡോളർ പൂർണ്ണമായും മാധ്യമസ്ഥാപനങ്ങൾക്ക് അവരുടെ പത്രപ്രവർത്തകരുടെ എണ്ണത്തിനനുസരിച്ച് വിതരണം ചെയ്യാനാണ് സർക്കാരിന്റെ തീരുമാനം.

Metro Australia
maustralia.com.au