

സിഡ്നി: മുൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ രണ്ടാം ഭരണം തങ്ങളുടെ രാജ്യങ്ങൾക്ക് പ്രതികൂലമാണെന്ന് ഓസ്ട്രേലിയ, ജപ്പാൻ, ഇന്ത്യ എന്നിവിടങ്ങളിലെ ഭൂരിഭാഗം ജനങ്ങൾ വിശ്വസിക്കുന്നതായി സർവേ റിപ്പോർട്ട് . സിഡ്നി സർവകലാശാലയിലെ യുഎസ് സ്റ്റഡീസ് സെൻറർ നടത്തിയ അഭിപ്രായ സർവെയിലാണ് ഇത് വ്യക്തമാകുന്നത്.
ഓസ്ട്രേലിയ, ജപ്പാൻ, ഇന്ത്യ, അമേരിക്ക എന്നീ ക്വാഡ് രാജ്യങ്ങളിൽ ഓരോ 1,000 പേരെ വീതം പങ്കെടുപ്പിച്ചുകൊണ്ടാണ് സർവേ നടത്തിയത്. ഓഗസ്റ്റിൽ നടത്തിയ സർവേ പ്രകാരം, ഓസ്ട്രേലിയക്കാരിൽ 56 ശതമാനവും ഇന്ത്യക്കാരിൽ 54 ശതമാനവും ജപ്പാൻകാരിൽ 59 ശതമാനവും ട്രംപിന്റെ പ്രസിഡൻസി പ്രതികൂലമായെന്നാണ് അഭിപ്രായപ്പെട്ടത്. ഓസ്ട്രേലിയയിൽ അമേരിക്കയുമായുള്ള സഖ്യം രാജ്യസുരക്ഷയ്ക്ക് ഗുണകരമാണെന്ന് വിശ്വസിക്കുന്നവരുടെ ശതമാനം 42 ആയി കുറഞ്ഞു. 2022 മുതൽ ആദ്യമായാണ് ഈ പിന്തുണ ഭൂരിപക്ഷത്തിന് താഴെയാകുന്നത്. ജപ്പാനിൽ ഈ പിന്തുണ 47 ശതമാനമായി ഇടിഞ്ഞു.
അമേരിക്കയിലെ ആഭ്യന്തര രാഷ്ട്രീയ അക്രമങ്ങളും വ്യാജവാർത്തകളും എല്ലാ നാല് രാജ്യങ്ങൾക്കും ആശങ്കയുണ്ടാക്കുന്നതായും, ഏഷ്യയിൽ അമേരിക്ക സഹായകരമല്ലെന്നും ഹാനികരമാണെന്നും ഓസ്ട്രേലിയയും ഇന്ത്യയും കൂടുതൽ വിശ്വസിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. എന്നിരുന്നാലും, അമേരിക്കയുമായുള്ള സഖ്യം നിലനിർത്തണം എന്ന നിലപാട് തുടരുകയാണ്. ഓസ്ട്രേലിയ, ബ്രിട്ടൻ, അമേരിക്ക എന്നിവർ ചേർന്ന ആണവശക്തി സബ്മറീൻ പദ്ധതിയായ ഓകസിന് നാലു രാജ്യങ്ങളിലും പൊതുവേ പിന്തുണയുണ്ടെങ്കിലും, ഓസ്ട്രേലിയയ്ക്ക് ഈ സബ്മറീനുകൾ എന്തിനാണെന്ന് സര്‍ക്കാര്‍ യഥാർത്ഥമായി വിശദീകരിച്ചുവെന്ന് വിശ്വസിക്കുന്നത് 27 ശതമാനം പേർ മാത്രമാണ്.