വ്യാജ വിസ അപേക്ഷകൾ നൽകി പണം തട്ടുന്ന ഏജന്റുമാർക്കും അഭിഭാഷകർക്കുമെതിരെ ഓസ്‌ട്രേലിയയിൽ കടുത്ത നടപടി

വിസ വ്യവസ്ഥകൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ ആഭ്യന്തര വകുപ്പ് മൈഗ്രേഷൻ ഏജന്റുമാരുടെ കോഡ് ഓഫ് കണ്ടക്റ്റിൽ നിർണായക മാറ്റങ്ങൾ വരുത്തും.
വ്യാജ വിസ അപേക്ഷകൾ നൽകി പണം തട്ടുന്ന ഏജന്റുമാർക്കും അഭിഭാഷകർക്കുമെതിരെ ഓസ്‌ട്രേലിയയിൽ കടുത്ത നടപടി
Published on: 

സിഡ്‌നി: യാതൊരു അടിസ്ഥാനവുമില്ലാത്ത വിസ അപേക്ഷകളും പ്രൊട്ടക്ഷൻ (അഭയാർത്ഥി) ക്ലെയിമുകളും നൽകി ക്ലയന്റുകളെ കബളിപ്പിച്ച് പണം തട്ടുന്ന മൈഗ്രേഷൻ അഭിഭാഷകർക്കും ഏജന്റുമാർക്കുമെതിരെ ശക്തമായ നടപടിയുമായി ഓസ്‌ട്രേലിയൻ ഫെഡറൽ സർക്കാർ. വിസ ലഭിക്കാൻ സാധ്യതയില്ലെന്ന് അറിഞ്ഞിട്ടും അപ്പീലുകൾ നീട്ടിക്കൊണ്ടുപോയി ബ്രിഡ്ജിംഗ് വിസയിൽ (Bridging Visa) രാജ്യത്ത് തുടരാൻ വ്യാജ പ്രതീക്ഷകൾ നൽകുന്നവരെ കർശനമായി നിയന്ത്രിക്കുമെന്ന് അസിസ്റ്റന്റ് സിറ്റിസൺഷിപ്പ് മന്ത്രി ജൂലിയൻ ഹിൽ വ്യക്തമാക്കി. വിസ വ്യവസ്ഥകൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ ആഭ്യന്തര വകുപ്പ് മൈഗ്രേഷൻ ഏജന്റുമാരുടെ കോഡ് ഓഫ് കണ്ടക്റ്റിൽ നിർണായക മാറ്റങ്ങൾ വരുത്തും.

വ്യാജ പ്രൊട്ടക്ഷൻ ക്ലെയിമുകൾ ചമയ്ക്കാൻ ഓൺലൈൻ പരസ്യങ്ങളിലൂടെ ആളുകളെ പരിശീലിപ്പിക്കുന്ന പ്രവണതകൾക്കെതിരെ മന്ത്രി ആഞ്ഞടിച്ചു. സ്വവർഗ്ഗാനുരാഗിയാണെന്ന് തെറ്റായി അവകാശപ്പെടാനും, സ്വന്തം നാട്ടിൽ പീഡനം നേരിടുന്നുണ്ടെന്ന് കള്ളക്കഥകൾ ഉണ്ടാക്കാനും ആളുകളെ പഠിപ്പിക്കുന്നത് നിയമപരമായ പ്രാതിനിധ്യമല്ലെന്നും ലാഭത്തിനുവേണ്ടിയുള്ള സിസ്റ്റം ചൂഷണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിൽ 4,13,000-ത്തിലധികം ആളുകളാണ് ഓസ്‌ട്രേലിയയിൽ അപ്പീലുകൾ കാത്ത് ബ്രിഡ്ജിംഗ് വിസയിൽ കഴിയുന്നത്. അതേസമയം, അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള പുതിയ വിസ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നു. വിസ ഹോപ്പിംഗ് (Visa hopping) തടയുന്നതിനൊപ്പം കോഴ്സുകൾ മാറുന്നതിനും കുടുംബാംഗങ്ങളെ ഒപ്പം കൂട്ടുന്നതിനും പുതിയ നിയമം നിയന്ത്രണം ഏർപ്പെടുത്തുന്നു. എന്നാൽ നഴ്സിംഗ്, അധ്യാപനം, നിർമ്മാണം, കൃഷി തുടങ്ങിയ നിർണായക തൊഴിൽ മേഖലകളിലെ വിദഗ്ദ്ധ വിസകൾക്ക് (Skilled Visas) മുൻഗണന നൽകുന്ന പരിഷ്കരിച്ച മാർഗ്ഗനിർദ്ദേശങ്ങളും സർക്കാർ പുറത്തിറക്കി.

Metro Australia
maustralia.com.au