
മെൽബൺ: ഇസ്രായേൽ-ഗാസ യുദ്ധം ആരംഭിച്ച് ഏകദേശം രണ്ട് വർഷം കഴിഞ്ഞപ്പോൾ മുതൽ ഓസ്‌ട്രേലിയയിലുടനീളം മുസ്ലീം വിരുദ്ധ സംഭവങ്ങൾ 'കുതിച്ചുയർന്നു' എന്ന റിപ്പോർട്ട്. ഇസ്ലാമോഫോബിയയെ ചെറുക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രത്യേക പ്രതിനിധി അഫ്താബ് മാലിക് ഇതുസംബന്ധിച്ച തന്‍റെ ആദ്യ റിപ്പോർട്ട് സർക്കാരിന് കൈമാറി.
സ്വതന്ത്ര റിപ്പോർട്ടിന്റെ ശുപാർശകൾ തന്റെ സർക്കാർ 'ശ്രദ്ധാപൂർവ്വം പരിഗണിക്കുമെന്ന്' ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് പറഞ്ഞു. വെള്ളിയാഴ്ച സിഡ്‌നിയിലെ കോമൺവെൽത്ത് പാർലമെന്റ് ഓഫീസുകളിൽ നടന്ന മാധ്യമ ബ്രീഫിംഗിൽ, മതവിശ്വാസത്തിന്റെ പേര് പറഞ്ഞ് ഓസ്‌ട്രേലിയക്കാരെ ലക്ഷ്യം വയ്ക്കുന്നത് രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾക്കെതിരായ ആക്രമണമാണെന്ന് ആൽബനീസ് പറഞ്ഞു.
"ഓസ്‌ട്രേലിയക്കാർ ഏത് സമുദായത്തിലും വീട്ടിൽ സുരക്ഷിതരായിരിക്കണം... ഇസ്ലാമോഫോബിയയും നമ്മുടെ സമൂഹത്തിലെ വിഭജനവും ഉണ്ടാക്കുന്ന വിദ്വേഷവും ഭയവും മുൻവിധിയും നാം ഇല്ലാതാക്കണം," അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒക്ടോബർ മുതൽ ഇസ്ലാമോഫോബിയയെ ചെറുക്കാനുള്ള സർക്കാരിന്റെ പ്രത്യേക ദൂതനായി സേവനമനുഷ്ഠിക്കുന്ന ആഫ്താബ് മാലിക്, ഇസ്ലാമോഫോബിയ തടയാനുള്ള നടപടികൾ ശുപാർശ ചെയ്യുന്നതിനായി മൂന്ന് വർഷത്തെ റോളിലേക്ക് നിയമിതനായിരുന്നു. 2023 ഒക്ടോബർ 7-ന് ഹമാസിന്റെ നേതൃത്വത്തിൽ ഇസ്രായേലിന്റെ തെക്കൻ ഭാഗങ്ങളിൽ നടന്ന ആക്രമണങ്ങളെ തുടർന്ന് ഇസ്രായേൽ ഗാസയിൽ നടത്തുന്ന "വംശഹത്യ" യുദ്ധം തുടങ്ങിയതിനുശേഷം ഓസ്‌ട്രേലിയയിൽ ഇസ്ലാമോഫോബിയയും യഹൂദവിരുദ്ധ സംഭവങ്ങളും വർധിച്ചിരുന്നു.
മാലിക്കിന്റെ പദവിയേറ്റെടുത്ത ശേഷമുള്ള ആദ്യ റിപ്പോർട്ടിൽ, ഓസ്‌ട്രേലിയയിൽ ഇസ്ലാമോഫോബിയ സാധാരണമായി മാറിയിരിക്കുന്നതിനാൽ പല സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ലെന്ന് പറഞ്ഞു.
"ഓസ്‌ട്രേലിയയിൽ ഇസ്ലാമോഫോബിയ തുടർച്ചയായി നിലനിൽക്കുന്നു, ചിലപ്പോൾ അവഗണിക്കപ്പെടുന്നു, മറ്റ് ചിലപ്പോൾ നിഷേധിക്കപ്പെടുന്നു, പക്ഷേ ഒരിക്കലും പൂർണമായി പരിഹരിക്കപ്പെട്ടിട്ടില്ല," മാലിക് പറഞ്ഞു.
"പൊതു ഇടങ്ങളിൽ അധിക്ഷേപം, ഗ്രാഫിറ്റി... മുസ്ലീം സ്ത്രീകളും കുട്ടികളും അവർ ചെയ്തതിന്റെ പേര് പറഞ്ഞല്ല, മറിച്ച് അവർ ആരാണെന്നും എന്താണ് ധരിക്കുന്നതെന്നും പറഞ്ഞാണ് ലക്ഷ്യമിടപ്പെടുന്നത്."
ഇസ്രായേലിന്റെ ഗാസ യുദ്ധം തുടങ്ങിയതിനുശേഷം നേരിട്ടുള്ള ഇസ്ലാമോഫോബിയ സംഭവങ്ങൾ 150 ശതമാനവും ഓൺലൈനിൽ 250 ശതമാനവും കുതിച്ചുയർന്നതായി മാലിക് പറഞ്ഞു.
ഓസ്‌ട്രേലിയയിൽ ഇസ്ലാമോഫോബിക്, സെമിറ്റിക് വിരുദ്ധ സംഭവങ്ങളിൽ കുത്തനെയുള്ള വർദ്ധനവ് ഓസ്‌ട്രേലിയൻ സർക്കാർ സമ്മതിച്ചിട്ടുണ്ട്.
2021-ലെ ഓസ്‌ട്രേലിയൻ സെൻസസ് പ്രകാരം, ഓസ്‌ട്രേലിയൻ ജനസംഖ്യയുടെ 3.2 ശതമാനം ഇസ്ലാം മതത്തിൽ ഉൾപ്പെട്ടവരാണ്.