

സിഡ്‌നി: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ അൽഗോരിതം ഉപയോക്താക്കൾക്ക് സ്വമേധയാ ഒഴിവാക്കാനുള്ള 'ഒപ്റ്റ്-ഔട്ട്' (Opt-out) നിയമം നടപ്പിലാക്കാൻ ഓസ്‌ട്രേലിയൻ പാർലമെന്റ് ഒരുങ്ങുന്നതിനിടെ, മുന്നറിയിപ്പുമായി ഇൻസ്റ്റാഗ്രാം മേധാവി ആദം മൊസ്സേരി. അൽഗോരിതം ഒഴിവാക്കി പോസ്റ്റുകൾ തീയതി ക്രമത്തിൽ (Chronological Feed) കാണുന്നത് ഭൂരിഭാഗം ആളുകൾക്കും അരോചകമായ അനുഭവമായിരിക്കുമെന്നാണ് മൊസ്സേരി വ്യക്തമാക്കിയത്. അൽഗോരിതം ഓഫാക്കിയാൽ വൻകിട ബ്രാൻഡുകളുടെയും പബ്ലിഷർമാരുടെയും പരസ്യങ്ങൾ മാത്രമാകും ഫീഡിൽ നിറയുകയെന്നും, സുഹൃത്തുക്കളുടെയും ക്രിയേറ്റർമാരുടെയും പോസ്റ്റുകൾ പിന്നിലേക്ക് തള്ളപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
തുടർച്ചയായി പോസ്റ്റുകൾ പങ്കുവെക്കാൻ വൻകിട കമ്പനികൾക്ക് സാധിക്കുമെങ്കിലും സാധാരണ ഉപയോക്താക്കൾക്ക് അതിന് കഴിയില്ല. മറ്റ് വിദേശ വിപണികളിലെ അനുഭവങ്ങൾ വെച്ച്, അൽഗോരിതം ഒഴിവാക്കുമ്പോൾ ഉപയോക്താക്കളുടെ എൻഗേജ്‌മെന്റ് നിരക്കിൽ 50 ശതമാനം വരെ ഇടിവുണ്ടാകുന്നതായും ഉപഭോക്തൃ സംതൃപ്തി വലിയ തോതിൽ താഴേക്ക് പോകുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. 'ഡിജിറ്റൽ ഡ്യൂട്ടി ഓഫ് കെയർ' നിയമത്തിന്റെ ഭാഗമായി ഉപയോക്താക്കൾക്ക് അൽഗോരിതം ഒഴിവാക്കാനുള്ള ബട്ടൺ നിർബന്ധമാക്കാനാണ് ഓസ്‌ട്രേലിയൻ സർക്കാരിന്റെ പദ്ധതി. അതേസമയം, ഇൻസ്റ്റാഗ്രാമിൽ നിലവിൽ തന്നെ ക്രോണോളജിക്കൽ ഫീഡ് ലഭ്യമാണെങ്കിലും ഭൂരിഭാഗം പേരും അത് ഉപയോഗിക്കുന്നില്ലെന്നും മൊസ്സേരി കൂട്ടിച്ചേർത്തു.