

കാൻബറ: ഭരണപരമായ പരാജയങ്ങളെയും വീഴ്ചകളെയും തുടർന്ന് രാജ്യത്തെ പ്രമുഖ പൊതു സർവകലാശാലയായ ഓസ്‌ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിക്ക് (ANU) കർശന ഉപാധികൾ ഏർപ്പെടുത്തി ഉന്നത വിദ്യാഭ്യാസ റെഗുലേറ്ററായ ടെർഷ്യറി എജ്യുക്കേഷൻ ക്വാളിറ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ഏജൻസി (TEQSA). 14 മാസം നീണ്ട സമഗ്രമായ അന്വേഷണത്തിന് ശേഷമാണ് റെഗുലേറ്ററുടെ നടപടി. ഇതോടെ, രജിസ്ട്രേഷൻ നിലനിർത്താൻ നിബന്ധനകൾ നേരിടുന്ന ഓസ്‌ട്രേലിയയിലെ ഏക പബ്ലിക് യൂണിവേഴ്സിറ്റിയെന്ന തിരിച്ചടി എഎൻയുവിന് നേരിടേണ്ടി വന്നു.
കൗൺസിൽ ശാക്തീകരണ പരിപാടി നടപ്പിലാക്കുക, ഇൻസ്റ്റിറ്റിയൂഷണൽ ഇന്റഗ്രിറ്റി ഉറപ്പാക്കുക, കൗൺസിൽ അംഗങ്ങൾക്ക് കൃത്യമായ പരിശീലനം നൽകുക, ഭരണസമിതിയിലേക്കുള്ള വിവര കൈമാറ്റം സുതാര്യമാക്കുക എന്നീ നാല് പ്രധാന നിബന്ധനകളാണ് മുന്നോട്ട് വെച്ചിട്ടുള്ളത്. ഇത് നടപ്പിലാക്കാൻ റെഗുലേറ്ററുടെ അംഗീകാരമുള്ള സ്വതന്ത്ര വിദഗ്ദ്ധനെ 30 ദിവസത്തിനകം നിയമിക്കണം. 250 ദശലക്ഷം ഡോളറിന്റെ ചെലവുചുരുക്കൽ നടപടികൾ സർവകലാശാലയിൽ വലിയ വിദ്യാർത്ഥി-തൊഴിലാളി പ്രക്ഷോഭങ്ങൾക്ക് വഴിവെച്ചിരുന്നു. മുൻ വൈസ് ചാൻസലർ ജെനീവീവ് ബെൽ, മുൻ ചാൻസലർ ജൂലി ബിഷപ്പ് എന്നിവരുടെ രാജിയിലേക്ക് നയിച്ച സംഭവവികാസങ്ങൾക്ക് പിന്നാലെയാണ് റെഗുലേറ്റർ കടുത്ത നടപടിയിലേക്ക് നീങ്ങിയത്. നിർദ്ദേശങ്ങൾ സമയബന്ധിതമായി പാലിച്ച് മുന്നോട്ടുപോകുമെന്ന് സർവകലാശാല അധികൃതർ വ്യക്തമാക്കി.