

ഓസ്‌ട്രേലിയയിലെ ദൈനംദിന ജീവിതത്തിലും ബിസിനസ് രംഗത്തും കാണുന്ന ഉയർന്ന വിശ്വാസ സംസ്കാരമാണ് തനിക്ക് ഏറ്റവും വലിയ സാംസ്കാരിക വ്യത്യാസമായി തോന്നിയതെന്ന് ഇന്ത്യൻ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (IIM) ബിരുദധാരിയും Cars24 Arabiaയുടെ സിഇഒയുമായ അഭിനവ് ഗുപ്ത. ഓസ്‌ട്രേലിയൻ ജീവിതത്തിൽ വിശ്വാസം എത്രത്തോളം ആഴത്തിൽ ഉൾച്ചേർന്നിരിക്കുന്നുവെന്ന് വ്യക്തമാക്കുന്ന നിരവധി അനുഭവങ്ങളാണ് അദ്ദേഹം ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെ പങ്കുവെച്ചത്. പെട്രോൾ പമ്പുകളിലെ സംവിധാനമാണ് ആദ്യം തന്നെ അദ്ദേഹത്തെ അത്ഭുതപ്പെടുത്തിയതെന്ന് ഗുപ്ത പറഞ്ഞു. ഉപഭോക്താക്കൾ സ്വന്തം വാഹനങ്ങളിൽ ഇന്ധനം നിറച്ച ശേഷം പണം നൽകാനായി അകത്തേക്ക് പോകുന്ന രീതിയാണ് ഇവിടെ. ഇത് നിരീക്ഷിക്കാൻ പ്രത്യേക ജീവനക്കാർ വാഹനങ്ങൾക്കരികിൽ നിൽക്കാറില്ല.
പിന്നീട് ഓസ്‌ട്രേലിയയിൽ ചെലവഴിച്ച സമയത്ത് വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള സമാനമായ നിരവധി സംവിധാനങ്ങൾ അദ്ദേഹം ശ്രദ്ധിച്ചു. ടോൾ റോഡുകൾ ഉപയോഗിച്ച ശേഷം പണം അടയ്ക്കാൻ കഴിയുന്നതും റോഡരികിൽ കർഷകർ വിളവെടുപ്പ് ഉൽപ്പന്നങ്ങൾ പണം വാങ്ങാൻ ജീവനക്കാരില്ലാതെ വിൽപ്പനയ്ക്ക് വയ്ക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. ആവശ്യമായ ഉൽപ്പന്നങ്ങൾ എടുത്ത ശേഷം പണം ബോക്സിൽ നിക്ഷേപിച്ചാൽ മതിയാകും. വാങ്ങിയ സാധനങ്ങൾ തിരികെ നൽകുന്ന കാര്യത്തിലും ഉപഭോക്താവിന്റെ വാക്കിന് പ്രാധാന്യം നൽകുന്ന രീതിയാണ് നിലനിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ഓസ്‌ട്രേലിയയിലെയും ഉപഭോക്തൃ സമീപനങ്ങളിലുള്ള വ്യത്യാസവും ഗുപ്ത ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ ഒരു ഉപഭോക്താവ് താൽപര്യം പ്രകടിപ്പിക്കുകയോ ബിസിനസ് ലീഡ് നൽകുകയോ ചെയ്താൽ ഉടൻ ബന്ധപ്പെടുകയും വിൽപ്പന പൂർത്തിയാക്കാൻ ശ്രമിക്കുകയും ചെയ്യുന്നതാണ് സാധാരണ രീതി. എന്നാൽ ഓസ്‌ട്രേലിയയിൽ ഇത്തരം അമിതമായ പിന്തുടരൽ പ്രതികൂല ഫലമുണ്ടാക്കാമെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. ഓസ്‌ട്രേലിയൻ ഉപഭോക്താക്കൾ സാധാരണയായി സ്വയം ഉൽപ്പന്നങ്ങളെക്കുറിച്ച് പഠിക്കുകയും ആവശ്യമായ വിവരങ്ങൾ ശേഖരിച്ച ശേഷം സ്വന്തം സമയമെടുത്ത് തീരുമാനമെടുക്കാനുമാണ് ഇഷ്ടപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. താൽപര്യം പ്രകടിപ്പിച്ച ഉടൻ നടത്തുന്ന അപ്രതീക്ഷിത ഫോൺവിളികൾ പോലും ചിലർക്ക് ശല്യമായി തോന്നാം. “തീരുമാനമെടുക്കാൻ സമ്മർദം ചെലുത്തപ്പെടാൻ അവർ ആഗ്രഹിക്കുന്നില്ല. ദൈനംദിന ജീവിതത്തിന്റെ ഭാഗമാകുന്ന ഉയർന്ന വിശ്വാസം എന്നത് ഇതാണ്,” എന്നാണ് ഗുപ്തയുടെ വിലയിരുത്തൽ. ആളുകളെ നിരന്തരം നിരീക്ഷിക്കാതെ തന്നെ ശരിയായ കാര്യം ചെയ്യുമെന്ന വിശ്വാസവും, ഉപഭോക്താക്കളെ സമ്മർദത്തിലാക്കാതെ സ്വതന്ത്രമായി തീരുമാനമെടുക്കാൻ അനുവദിക്കുന്ന സമീപനവുമാണ് ഓസ്‌ട്രേലിയൻ സംസ്കാരത്തിന്റെ പ്രധാന സവിശേഷതകളിലൊന്നെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.