തട്ടിപ്പുകാരെ തടയുന്നതിൽ വൻ പരാജയം; 35 മില്യൺ ഡോളർ പിഴയൊടുക്കാൻ HSBC, ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം

2021-നും 2024-നും ഇടയിൽ എച്ച്.എസ്.ബി.സിയുടെ വ്യാജ സന്ദേശങ്ങളും കോളുകളും വഴി ഓസ്‌ട്രേലിയയിലെ നൂറുകണക്കിന് ഉപഭോക്താക്കൾക്ക് 100 മില്യൺ ഡോളറിലധികം നഷ്ടപ്പെട്ടിരുന്നു
തട്ടിപ്പുകാരെ തടയുന്നതിൽ വൻ പരാജയം; 35 മില്യൺ ഡോളർ പിഴയൊടുക്കാൻ HSBC, ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം
ABC News: Billy Cooper
Published on

സിഡ്‌നി: ബാങ്ക് പ്രതിനിധികളെന്ന വ്യാജേന തട്ടിപ്പുകാർ ഉപഭോക്താക്കളുടെ കോടിക്കണക്കിന് രൂപ കവർന്ന സംഭവത്തിൽ സുരക്ഷാ വീഴ്ച സമ്മതിച്ച് പ്രമുഖ ആഗോള ബാങ്കായ എച്ച്.എസ്.ബി.സി (HSBC). ബാങ്കിന്റെ ആഭ്യന്തര ഫണ്ട് ട്രാൻസ്ഫർ സംവിധാനത്തിലെ പിഴവുകൾ കാരണം ഉപഭോക്താക്കൾ വൻതോതിൽ സാമ്പത്തിക തട്ടിപ്പിന് ഇരയായെന്ന് സമ്മതിച്ച ബാങ്ക്, കോർപ്പറേറ്റ് വാച്ച്ഡോഗായ എസിക് (ASIC) ചുമത്തിയ 35 മില്യൺ ഡോളറിന്റെ (ഏകദേശം 190 കോടിയിലധികം ഇന്ത്യൻ രൂപ) വൻ പിഴ ഫെഡറൽ കോടതിയിൽ അംഗീകരിച്ചു. ഇത്തരം ഒരു കേസിൽ ഒരു ബാങ്കിന് മേൽ ഇത്രയും വലിയ തുക പിഴ ചുമത്തുന്നത് ആഗോളതലത്തിൽ തന്നെ ഇതാദ്യമായാണ്.

2021-നും 2024-നും ഇടയിൽ എച്ച്.എസ്.ബി.സിയുടെ വ്യാജ സന്ദേശങ്ങളും കോളുകളും വഴി ഓസ്‌ട്രേലിയയിലെ നൂറുകണക്കിന് ഉപഭോക്താക്കൾക്ക് 100 മില്യൺ ഡോളറിലധികം നഷ്ടപ്പെട്ടിരുന്നു. തട്ടിപ്പുകാർ അത്യാധുനിക സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ബാങ്കിന്റെ ഔദ്യോഗിക പേരിൽ തന്നെ (Spoofing) വ്യാജ എസ്.എം.എസ് അയച്ചാണ് തട്ടിപ്പ് നടത്തിയത്. അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യപ്പെട്ടതായി സന്ദേശം നൽകി ആളുകളെക്കൊണ്ട് വിളിപ്പിക്കുകയും, തങ്ങൾ ബാങ്കിലെ സുരക്ഷാ ഉദ്യോഗസ്ഥരാണെന്ന് വിശ്വസിപ്പിച്ച് പണം മുഴുവൻ കവരുകയുമായിരുന്നു തട്ടിപ്പ് രീതി. സിഡ്‌നി സ്വദേശിയായ സണ്ണി വാൻ എന്ന വനിതയ്ക്ക് മാത്രം ഇത്തരത്തിൽ 50,000 ഡോളറോളം നഷ്ടമായി. ഇങ്ങനെ തട്ടിയെടുത്ത പണം പാകിസ്താനിലുള്ള വ്യാജ അക്കൗണ്ടുകളിലേക്ക് (Mule accounts) മാറ്റാൻ തട്ടിപ്പ് സംഘം എച്ച്.എസ്.ബി.സി ഓസ്‌ട്രേലിയയുടെ തന്നെ അക്കൗണ്ടുകൾ ഉപയോഗിച്ചതായും കോടതി രേഖകൾ വ്യക്തമാക്കുന്നു.

മുന്നറിയിപ്പുകൾ അവഗണിച്ചു; ഇരകളെ കുറ്റപ്പെടുത്തി ബാങ്ക്:

ബാങ്കിന്റെ സുരക്ഷാ സംവിധാനങ്ങൾ അപ്‌ഗ്രേഡ് ചെയ്താൽ ഈ തട്ടിപ്പുകൾ ഒഴിവാക്കാമെന്ന് 2022-ൽ തന്നെ ബാങ്കിന്റെ ആഭ്യന്തര കമ്മിറ്റി മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അധികൃതർ അത് അവഗണിക്കുകയായിരുന്നു. തട്ടിപ്പ് നടന്നാൽ അതിനെക്കുറിച്ച് അന്വേഷിക്കാൻ ബാങ്ക് ശരാശരി 144 ദിവസത്തോളം വൈകിയതായും, ഇത് ബാങ്കിങ് ലൈസൻസ് നിബന്ധനകളുടെ ലംഘനമാണെന്നും എസിക് ചെയർമാൻ സാറ കോർട്ട് ചൂണ്ടിക്കാട്ടി. തുടക്കത്തിൽ കുറ്റമെല്ലാം ഇരകളുടെ മേൽ കെട്ടിവെക്കാനാണ് ബാങ്ക് ശ്രമിച്ചതെന്നും പിന്നീട് ഉപഭോക്താക്കൾ ഒന്നിച്ച് ഫേസ്ബുക്ക് കൂട്ടായ്മകളുണ്ടാക്കി പോലീസിലും ഓസ്‌ട്രേലിയൻ ഫിനാൻഷ്യൽ കംപ്ലെയ്ന്റ്സ് അതോറിറ്റിയിലും (AFCA) പരാതി നൽകിയതോടെയാണ് ബാങ്ക് പ്രതിരോധത്തിലായതെന്നും കൺസ്യൂമർ ആക്ഷൻ ലോ സെന്റർ സി.ഇ.ഓ സ്റ്റെഫാനി ടോൺകിൻ പറഞ്ഞു.

തുടക്കത്തിൽ കേസ് കോടതിയിൽ നേരിടാൻ തീരുമാനിച്ച എച്ച്.എസ്.ബി.സി പിന്നീട് നാടകീയമായി പിന്മാറുകയും കുറ്റം സമ്മതിക്കുകയുമായിരുന്നു. തങ്ങളുടെ ഉപഭോക്താക്കളോട് ഔദ്യോഗികമായി ക്ഷമാപണം നടത്തിയ ബാങ്ക്, തട്ടിപ്പുകൾ തടയുന്നതിനായി സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിയതായി അറിയിച്ചു. ഇതിനകം തന്നെ ബാങ്ക് 21.5 മില്യൺ ഡോളർ ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരമായി തിരികെ നൽകിയിട്ടുണ്ട്. ബാക്കിയുള്ള തുക അടുത്ത ജൂലൈ മാസത്തോടെ ഉപഭോക്താക്കൾക്ക് പൂർണ്ണമായി തിരികെ നൽകിത്തീർക്കുമെന്നും എച്ച്.എസ്.ബി.സി കോടതിയെ അറിയിച്ചു.

Metro Australia
maustralia.com.au