ഓസ്‌ട്രേലിയൻ നാവികസേനാ കപ്പലിലെ വനിതാ ക്യാബിനിൽ ഒളിക്യാമറ; ദൃശ്യങ്ങൾ ചോർന്നതായി പരാതി

സൈന്യത്തിനുള്ളിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന ആശങ്കയാണ് സംഭവം ഉയർത്തുന്നതെന്ന് ഗ്രീൻസ് പാർട്ടിയുടെ പ്രതിരോധ വക്താവ് ഡേവിഡ് ഷൂബ്രിഡ്ജ് പ്രതികരിച്ചു.
ഓസ്‌ട്രേലിയൻ നാവികസേനാ കപ്പലിലെ വനിതാ ക്യാബിനിൽ ഒളിക്യാമറ; ദൃശ്യങ്ങൾ ചോർന്നതായി പരാതി
ABC News: Brendan Mounter)
Published on: 

കാൻബറ: ഓസ്‌ട്രേലിയൻ നാവികസേനയുടെ യുദ്ധക്കപ്പലായ എച്ച്എംഎഎസ് ല്യൂവിനിലെ (HMAS Leeuwin) വനിതാ ക്യാബിനിൽ രഹസ്യ റെക്കോർഡിംഗ് ഉപകരണം കണ്ടെത്തിയ സംഭവത്തിൽ ഓസ്‌ട്രേലിയൻ ഡിഫൻസ് ഫോഴ്‌സ് (ADF) സമഗ്ര അന്വേഷണം ആരംഭിച്ചു. ക്വീൻസ്‌ലൻഡിലെ കെയ്ൻസിൽ (Cairns) നങ്കൂരമിട്ടിരുന്ന കപ്പലിൽ ഒക്ടോബർ 11-നാണ് സംഭവം പുറത്തറിയുന്നത്. വനിതാ ജീവനക്കാരുടെ ഷവർ റൂമിലും സ്വകാര്യ ക്യാബിനുകളിലുമാണ് ഒളിക്യാമറ കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്.

വിഷയം സെനറ്റിൽ ഉന്നയിച്ച സ്വതന്ത്ര സെനറ്റർ ജാക്കി ലാംബി, കപ്പലിൽ സ്ഥാപിച്ച ക്യാമറകളിൽ നിന്നുള്ള സ്വകാര്യ ദൃശ്യങ്ങൾ കണ്ടെത്തുന്നതിന് മുൻപ് തന്നെ ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്യപ്പെട്ടതായി പരാതി ലഭിച്ചെന്ന ഗുരുതരമായ വെളിപ്പെടുത്തൽ നടത്തി. സൈന്യത്തിലെ വനിതാ ഉദ്യോഗസ്ഥരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി പുതിയ സ്വകാര്യ ബിൽ കൊണ്ടുവരുമെന്നും മറ്റ് കപ്പലുകളിലും മുങ്ങിക്കപ്പലുകളിലും ഇത്തരം ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു. സൈന്യത്തിനുള്ളിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന ആശങ്കയാണ് സംഭവം ഉയർത്തുന്നതെന്ന് ഗ്രീൻസ് പാർട്ടിയുടെ പ്രതിരോധ വക്താവ് ഡേവിഡ് ഷൂബ്രിഡ്ജ് പ്രതികരിച്ചു.

സംഭവത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് കപ്പലിലുള്ളവരോട് കർശന നിർദ്ദേശം നൽകിയിട്ടുള്ളതായി വിരമിച്ച വനിതാ സൈനിക ഉദ്യോഗസ്ഥ വെളിപ്പെടുത്തി. സംഭവം അത്യന്തം ഗൗരവത്തോടെയാണ് കാണുന്നതെന്നും കേസ് ജോയിന്റ് മിലിട്ടറി പോലീസ് യൂണിറ്റിന് (JMPU) കൈമാറിയതായും സിവിലിയൻ അധികാരികളുമായി ചേർന്ന് അന്വേഷണം പുരോഗമിക്കുകയാണെന്നും ഡിഫൻസ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. അന്വേഷണം തുടരുന്നതിനാൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാനാകില്ലെന്നാണ് അധികൃതരുടെ വിശദീകരണം.

Metro Australia
maustralia.com.au