

മെൽബൺ: വർധിച്ചുവരുന്ന ജീവിതച്ചെലവും വാടകയും താങ്ങാനാവാതെ ഓസ്‌ട്രേലിയയിലെ 18 മുതൽ 29 വയസ്സ് വരെയുള്ള യുവാക്കളിൽ പകുതിയിലധികം പേരും മാതാപിതാക്കൾക്കൊപ്പം താമസം തുടരുന്നതായി പ്രമുഖ സാമൂഹിക-സാമ്പത്തിക സർവേ റിപ്പോർട്ട്. ഹൗസ്‌ഹോൾഡ്, ഇൻകം ആൻഡ് ലേബർ ഡൈനാമിക്‌സ് ഇൻ ഓസ്‌ട്രേലിയ (HILDA) പുറത്തുവിട്ട ഏറ്റവും പുതിയ വാർഷിക സർവേയിലാണ് രാജ്യത്തെ പൗരന്മാരുടെ ജീവിതരീതിയിലെ മാറ്റങ്ങൾ വ്യക്തമാക്കുന്നത്. 2001-ൽ 39 ശതമാനമായിരുന്ന യുവാക്കളുടെ മാതാപിതാക്കളോടൊപ്പമുള്ള താമസം 2024-ഓടെ 50 ശതമാനത്തിലേക്ക് കുതിച്ചുയർന്നു.
സ്വന്തമായി വീട് വാങ്ങാനുള്ള സാമ്പത്തിക ശേഷി ഉയർന്ന വരുമാനക്കാർക്കും കുടുംബസമ്പത്തുള്ളവർക്കും മാത്രമായി പരിമിതപ്പെട്ടതോടെ വാടക വീടുകളിൽ കഴിയുന്ന യുവാക്കൾക്കിടയിൽ ഹൗസിംഗ് സ്ട്രെസ്സ് (Housing stress) 25.3 ശതമാനമായി വർധിച്ചു. തൊഴിൽ പങ്കാളിത്തവും ഉന്നതവിദ്യാഭ്യാസവും മുൻവർഷങ്ങളേക്കാൾ ഉയർന്ന നിലയിലാണെങ്കിലും, പകുതിയോളം ജീവനക്കാർ തങ്ങളുടെ യോഗ്യതയ്ക്ക് താഴെയുള്ള ജോലികളാണ് ചെയ്യുന്നതെന്ന് സർവേ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ദാമ്പത്യ-കുടുംബ ബന്ധങ്ങളിൽ ഓസ്‌ട്രേലിയക്കാർ മികച്ച സംതൃപ്തി പുലർത്തുന്നുണ്ടെന്നും വീട്ടുജോലികളും വരുമാനവും തുല്യമായി പങ്കിടുന്ന പങ്കാളികൾക്കിടയിലാണ് സന്തോഷം കൂടുതലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
Click the link below to join the ‘Metro M Australia’ WhatsApp Community.