ഓൺലൈൻ ഭീഷണികൾക്ക് പിന്നാലെ ആൻഡ്രൂ ഹാസ്റ്റിക്ക് അധിക സുരക്ഷ

ആഭ്യന്തരകാര്യ മന്ത്രി ടോണി ബർക്ക് തനിക്ക് സുരക്ഷ ശക്തിപ്പെടുത്തുമെന്ന് അറിയിച്ചെങ്കിലും, പ്രത്യേക ഭീഷണികളെക്കുറിച്ചുള്ള വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഓൺലൈൻ ഭീഷണികൾക്ക് പിന്നാലെ ആൻഡ്രൂ ഹാസ്റ്റിക്ക് അധിക സുരക്ഷ
എംപി ആൻഡ്രൂ ഹാസ്റ്റി (Alex Ellinghausen)
Published on

ഓസ്ട്രേലിയൻ ലിബറൽ പാർട്ടിയുടെ മുതിർന്ന നേതാവും എംപിയുമായ ആൻഡ്രൂ ഹാസ്റ്റിക്ക് ഓൺലൈൻ ഭീഷണികൾ വർധിച്ചതിനെ തുടർന്ന് വീടിനും മണ്ഡല ഓഫീസിനും അധിക സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്ന് സർക്കാർ അറിയിച്ചു. ചൊവ്വാഴ്ച ചേർന്ന കോയലിഷൻ പാർട്ടി റൂം യോഗത്തിലാണ് ഹാസ്റ്റി ഇക്കാര്യം സഹപ്രവർത്തകരെ അറിയിച്ചത്. ആഭ്യന്തരകാര്യ മന്ത്രി ടോണി ബർക്ക് തനിക്ക് സുരക്ഷ ശക്തിപ്പെടുത്തുമെന്ന് അറിയിച്ചെങ്കിലും, പ്രത്യേക ഭീഷണികളെക്കുറിച്ചുള്ള വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

മുൻ സൈനിക ഉദ്യോഗസ്ഥനായ ഹാസ്റ്റി, യുദ്ധക്കുറ്റക്കേസുകൾ നേരിടുന്ന മുൻ സൈനികൻ Ben Roberts-Smithയെ സംബന്ധിച്ച വിവാദവുമായി ബന്ധപ്പെട്ട ഓൺലൈൻ പ്രചാരണങ്ങളാണ് ഈ സുരക്ഷാ ആശങ്കകൾക്ക് കാരണമായതെന്നാണ് വിശ്വസിക്കുന്നതെന്ന് യോഗത്തിൽ പറഞ്ഞു. റോബർട്സ്-സ്മിത്തിനെ പിന്തുണയ്ക്കുന്ന ചില വിഭാഗങ്ങളും വൺ നേഷൻ പാർട്ടിയുമായി ബന്ധപ്പെട്ട പ്രവർത്തകരുമാണ് തനിക്കെതിരെ ഓൺലൈൻ ആക്രമണം ശക്തമാക്കിയതെന്നാണ് ഹാസ്റ്റിയുടെ ആരോപണം. "വൺ നേഷനോട് കീഴടങ്ങുന്നതിനേക്കാൾ ഒരു ശവപ്പെട്ടിയിൽ പോകാനാണ് ഞാൻ തയ്യാറാകുക," എന്ന് ഹാസ്റ്റി യോഗത്തിൽ പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. വൺ നേഷനെതിരെ രാഷ്ട്രീയ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

റോബർട്സ്-സ്മിത്ത് അഫ്ഗാനിസ്ഥാനിൽ ആയുധമില്ലാത്ത തടവുകാരെ കൊലപ്പെടുത്തിയെന്നാരോപിച്ച് അഞ്ച് യുദ്ധക്കുറ്റക്കേസുകൾ നേരിടുകയാണ്. എന്നാൽ അദ്ദേഹം എല്ലാ ആരോപണങ്ങളും നിഷേധിച്ചിട്ടുണ്ട്.

റോബർട്സ്-സ്മിത്ത് നൈൻ പത്രങ്ങൾക്കെതിരെ നൽകിയ അപകീർത്തി കേസിൽ സാക്ഷ്യം നൽകിയ 20-ലധികം നിലവിലെയും മുൻകാലത്തെയും സൈനികരിൽ ഒരാളാണ് ഹാസ്റ്റി. 2023-ൽ ഫെഡറൽ കോടതി ജഡ്ജി ആരോപണങ്ങൾ "സാധ്യതകളുടെ അടിസ്ഥാനത്തിൽ ഗണ്യമായി ശരിയാണെന്ന്" കണ്ടെത്തിയതിനു ശേഷം റോബർട്സ്-സ്മിത്തിന്റെ പിന്തുണക്കാരിൽ നിന്ന് ഹാസ്റ്റിക്ക് ശക്തമായ വിമർശനവും സമ്മർദവും നേരിടേണ്ടി വന്നിട്ടുണ്ട്. വൺ നേഷന്റെ ഉയർന്നുവരുന്ന ജനപിന്തുണയും വലതുപക്ഷ രാഷ്ട്രീയത്തിലെ ആഭ്യന്തര ഭിന്നതകളും ഈ വിഷയത്തെ കൂടുതൽ രാഷ്ട്രീയ പ്രാധാന്യമുള്ളതാക്കുകയാണ്.

Metro Australia
maustralia.com.au