ഇന്ധനവിലക്കയറ്റം: പ്രതിസന്ധിയിലായി ഭക്ഷണ ശാലകൾ; കേന്ദ്ര സഹായം തേടി സന്നദ്ധ സംഘടനകൾ

ഇന്ധനച്ചെലവ് വർദ്ധിച്ചതോടെ സന്നദ്ധ സേവകർക്ക് യാത്രകൾ തുടരാനാകാത്തതും വിതരണ ശൃംഖലയിലെ ചെലവ് ഏറിയതുമാണ് പ്രധാന വെല്ലുവിളി.
കേന്ദ്ര സഹായം തേടി സന്നദ്ധ സംഘടനകൾ
കേന്ദ്ര സഹായം തേടി സന്നദ്ധ സംഘടനകൾ ABC News
Published on

സിഡ്‌നി: മിഡിൽ ഈസ്റ്റ് യുദ്ധത്തെത്തുടർന്ന് കുതിച്ചുയരുന്ന ഇന്ധനവില ഓസ്‌ട്രേലിയയിലെ പ്രമുഖ ഭക്ഷണ വിതരണ സന്നദ്ധ സംഘടനകളെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. മീൽസ് ഓൺ വീൽസ് , ഫുഡ് ബാങ്ക് , ഓസ് ഹാർവെസ്റ്റ് , സെക്കൻഡ് ബൈറ്റ് തുടങ്ങിയ സംഘടനകൾ തങ്ങളുടെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ അടിയന്തര ഫെഡറൽ സഹായം അഭ്യർത്ഥിച്ചു. ഇന്ധനച്ചെലവ് വർദ്ധിച്ചതോടെ സന്നദ്ധ സേവകർക്ക് യാത്രകൾ തുടരാനാകാത്തതും വിതരണ ശൃംഖലയിലെ ചെലവ് ഏറിയതുമാണ് പ്രധാന വെല്ലുവിളി.

സിഡ്‌നിയിലെ 83 വയസ്സുകാരിയായ പമേല ഡോയലിനെപ്പോലെയുള്ള ആയിരക്കണക്കിന് സന്നദ്ധ സേവകർ തങ്ങളുടെ പെൻഷൻ തുകയിൽ നിന്ന് അധിക ഇന്ധനപ്പണം കണ്ടെത്താൻ പ്രയാസപ്പെടുകയാണ്. തന്റെ പ്രതിവാര ഇന്ധന ബിൽ 62 ഡോളറിൽ നിന്ന് 76 ഡോളറായി ഉയർന്നുവെന്ന് പമേല പറയുന്നു. ഇന്ധനച്ചെലവ് കൂടിയതോടെ പല സേവകരും പ്രവർത്തനം നിർത്താൻ നിർബന്ധിതരായിട്ടുണ്ട്. ഇത് പ്രതിവർഷം രണ്ട് ലക്ഷത്തോളം മുതിർന്ന പൗരന്മാർക്ക് ഭക്ഷണം എത്തിക്കുന്ന മീൽസ് ഓൺ വീൽസ് പോലുള്ള സേവനങ്ങളെ സാരമായി ബാധിക്കും.

ട്രക്കുകളുടെ ഡീസൽ ചെലവിൽ 40 ശതമാനം വർദ്ധനവാണ് സെക്കൻഡ് ബൈറ്റ്, ഓസ് ഹാർവെസ്റ്റ് തുടങ്ങിയ സംഘടനകൾക്ക് ഉണ്ടായിരിക്കുന്നത്. ഇന്ധനത്തിനായി ചെലവാക്കുന്ന ഓരോ അധിക ഡോളറും പാവപ്പെട്ടവന്റെ വയറ്റിലെത്തുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുമെന്ന് ഓസ് ഹാർവെസ്റ്റ് സിഇഒ ജെയിംസ് ഗോർത്ത് ചൂണ്ടിക്കാട്ടി. അടിയന്തര സാഹചര്യങ്ങൾക്കായി മാറ്റിവെച്ചിട്ടുള്ള 20 മില്യൺ ഡോളറിന്റെ ഫണ്ട് സർക്കാർ ഉടൻ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. വരും മാസങ്ങളിൽ ഭക്ഷണത്തിന് വൻ വിലക്കയറ്റം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ സഹായം തേടിയെത്തുന്നവരുടെ എണ്ണം വർദ്ധിക്കുമെന്നും സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു.

ഒക്ടോബറിൽ ഭക്ഷണ സഹായത്തിനുള്ള ഫണ്ട് ഇരട്ടിയാക്കിയിട്ടുണ്ടെന്നും ഡിസംബറിൽ അധിക തുക അനുവദിച്ചിട്ടുണ്ടെന്നുമാണ് കേന്ദ്ര സാമൂഹിക സേവന വകുപ്പിന്റെ മറുപടി. എങ്കിലും നിലവിലെ അസാധാരണ സാഹചര്യം കണക്കിലെടുത്ത് കൂടുതൽ സഹായം വേണമെന്ന നിലപാടിലാണ് സന്നദ്ധ സംഘടനകൾ.

Related Stories

No stories found.
Metro Australia
maustralia.com.au