നാദി വിമാനത്താവളത്തിൽ ഇന്ധനത്തിൽ മായം; ഓസ്‌ട്രേലിയയിൽ നിന്ന് ഇന്ധനം എത്തിച്ച് വിമാനക്കമ്പനികൾ

വിമാനത്താവളത്തിലെ ഇന്ധനത്തിൽ ഉയർന്ന തോതിൽ ഇലക്ട്രിക്കൽ ചാർജ് കണ്ടെത്തിയതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് റിപ്പോർട്ട്.
flight
Fiji Aviation Fuel Contamination(9 News)
Published on

സുവാ: ഫിജിയിലെ നാദി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (Nadi International Airport) വിമാന ഇന്ധനത്തിൽ വൻതോതിൽ മായം കണ്ടെത്തിയതിനെ തുടർന്ന് വിമാന സർവീസുകൾ പ്രതിസന്ധിയിലായി. ക്വാണ്ടാസ് , വിർജിൻ ഓസ്‌ട്രേലിയ, ഫിജി എയർവേസ് തുടങ്ങിയ പ്രമുഖ എയർലൈൻ സർവീസുകളെയാണ് പ്രശ്നം രൂക്ഷമായി ബാധിച്ചിരിക്കുന്നത്. വിമാനത്താവളത്തിലെ ഇന്ധനത്തിൽ ഉയർന്ന തോതിൽ ഇലക്ട്രിക്കൽ ചാർജ് കണ്ടെത്തിയതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് റിപ്പോർട്ട്.

ഇന്ധനക്ഷാമം കാരണം വിർജിൻ ഓസ്‌ട്രേലിയ രണ്ട് സർവീസുകൾ റദ്ദാക്കുകയും മടക്കയാത്രയ്ക്കുള്ള ഇന്ധനം നിറയ്ക്കുന്നതിനായി വാനുവാട്ടു, ന്യൂ കാലിഡോണിയ തുടങ്ങിയ വിമാനത്താവളങ്ങളിൽ ഇടക്കാല ലാൻഡിംഗ് നടത്തുകയും ചെയ്യുന്നുണ്ട്. നാദിയിൽ നിന്ന് ഇന്ധനം നിറയ്ക്കുന്നത് ഒഴിവാക്കാനായി സിഡ്നി-നാദി റൂട്ടിൽ ക്വാണ്ടാസ് ബോയിംഗ് 737 വിമാനങ്ങൾക്ക് പകരം കൂടുതൽ ഇന്ധനശേഷിയുള്ള എയർബസ് എ330 (Airbus A330) വിമാനങ്ങൾ ഏർപ്പെടുത്തി. ഓസ്‌ട്രേലിയയിൽ നിന്ന് തിരികെ പറക്കുന്നതിന് ആവശ്യമായ 20 ടണ്ണിലധികം ഇന്ധനം വിമാനങ്ങളിൽ തന്നെ കരുതിയാണ് സർവീസുകൾ നടത്തുന്നത്. മാസാവസാനം വരെ പ്രതിസന്ധി നീണ്ടുനിന്നേക്കാമെന്നാണ് അധികൃതർ നൽകുന്ന സൂചന.

Metro Australia
maustralia.com.au